22 October Tuesday

പാലാരിവട്ടം മേൽപ്പാലം: ടി ഒ സൂരജിന്‌ എല്ലാം അറിയാമെന്ന്‌ വിജിലൻസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

കൊച്ചി >  പാലാരിവട്ടം മേൽപ്പാലം നിർമാണത്തിന്‌ യുഡിഎഫ്‌ മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്ന് മുൻ പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറി ടി ഒ സൂരജ്‌ വിജിലൻസ്‌ ചോദ്യം ചെയ്യലിൽ പറഞ്ഞു. പാലാരിവട്ടം പാലം ഉൾപ്പെടെ 51 പദ്ധതികളാണ്‌ സ്‌പീഡ്‌ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി നൽകിയതെന്നും ടി ഒ സൂരജ്‌ പറഞ്ഞു. വ്യാഴാഴ്‌ച എറണാകുളത്തെ വിജിലൻസ്‌ ആന്റി കറപ്‌ഷൻ ബ്യൂറോ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ മൂന്ന്‌ മണിക്കൂർ നിണ്ടു.

 സ്‌പീഡ്‌ പദ്ധതികൾക്ക്‌ അനുമതി നൽകിയെങ്കിലും മൂന്ന്‌ മാസംവരെയാണ്‌ തൽസ്ഥാനത്തുണ്ടായിരുന്നതെന്നും ടി ഒ സൂരജ്‌ പിന്നീട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. പാലത്തിന്റെ 90 ശതമാനം പണികളും അതിന്‌ ശേഷമാണ്‌ നടന്നത്‌. പാലത്തിന്റെ പൈലിങ്‌ പണിക്കുമുന്നേ തന്നെ സ്ഥാനത്ത്‌ നിന്ന്‌ മാറ്റി. നിർമാണത്തിൽ പാളിച്ചയുണ്ടായിട്ടുണ്ടെങ്കിൽ അത്‌ ആരും ബോധപൂർവം ചെയ്‌തതല്ല. പാലം അറ്റകുറ്റപ്പണിക്ക്‌ സർക്കാരിന്‌ നഷ്‌ടമുണ്ടാകില്ല. അതിന്റെ ബാധ്യത പാലം നിർമിച്ച കരാറുകാരനാണ്‌. സ്‌പീഡിലെ മറ്റ്‌ പദ്ധതികൾക്കൊന്നും സാങ്കേതിക തകരാർ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 പാലം ടെൻഡർ നടപടികൾ മുതൽ രൂപകൽപ്പന വരെയുള്ള കാര്യങ്ങളാണ്‌ ടി ഒ സൂരജിൽ നിന്നും ചോദിച്ചതെന്ന്‌ വിജിലൻസ്‌ പറഞ്ഞു. സൂരജ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ സെക്രട്ടറിയായിരുന്നപ്പോഴാണ്‌ പാലം നിർമാണത്തിന്റെ പണികൾക്ക്‌ തുടക്കമിട്ടതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ടെൻഡർ നടപടികളെക്കുറിച്ച്‌ സൂരജിന്‌ അറിയാം. പാലത്തിന്റെ രൂപകൽപ്പനയ്‌ക്ക്‌ അംഗീകാരം നൽകിയത്‌ സൂരജിന്റെ കാലത്തായിരുന്നു. രൂപകൽപ്പനയിൽ ഗുരുതര പിഴവുണ്ടെന്ന്‌ വിദ്‌ഗ്‌ധർ കണ്ടെത്തിയിട്ടുണ്ടെന്നും വിജിലൻസ്‌ പറഞ്ഞു.
 
  പാലം നിർമാണ അഴിമതികേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അവർക്കെതിരെ തെളിവ്‌ ലഭിച്ചിട്ടുണ്ടെന്നും വിജിലൻസ്‌ വ്യക്തമാക്കി. കേസിൽ ഒന്നാം പ്രതിയായ നിർമാണ കരാർ കമ്പനിയുടെ എംഡി സുമിത്‌ ഗോയൽ, മുൻ പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ എംഎൽഎ, കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെ ചോദ്യം ചെയ്‌തിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top