15 September Sunday

എംഎൽഎക്കെതിരെ ജാതീയ അധിക്ഷേപം; യൂത്ത് കോൺഗ്രസുകാർക്ക്‌ ജാമ്യമില്ലാ കേസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2019

തൃശൂർ > ഗീത ഗോപി എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയ ചേർപ്പിലെ പൊ-തു-മരാ-മത്ത്-- ഓ-ഫീ-സ്‌- വരാന്തയിൽ ചാണകവെള്ളം തളിച്ച യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ  കേസെടുത്തു. എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടികവർഗ പീഡന വകുപ്പ് 3 (1) (യു) പ്രകാരം  ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തത്‌. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ച ചേർപ്പ് –-തൃപ്രയാർ റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിൽ  ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെയാണ്  പൊതുമരാമത്ത് ഓഫീസിന്‌ മുന്നിൽ കുത്തിയിരിപ്പ് നടത്തിയത്. സമരം അവസാനിപ്പിച്ച് എംഎൽഎ പോയശേഷം ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ വിനോദിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ വരാന്തയിൽ ചാണകവെള്ളമൊഴിച്ച് ചൂലുകൊണ്ട് അടിച്ച് കഴുകുകയായിരുന്നു.പഞ്ചായത്തംഗങ്ങളായ സുജിത്ത്‌, സന്ദീപ്‌ എന്നിവരടക്കം പത്ത് പേരാണ്‌ സംഘത്തിലുണ്ടായിരുന്നത്.പൊലീസ്‌ വീഡിയോയിലും ഇത്‌ പകർത്തി. 

യൂത്ത് കോൺഗ്രസ് പ്രവർത്തകർ  പ്രകടമായ ജാതീയ അധിക്ഷേപമാണ് ചൊരിഞ്ഞതെന്ന് ഗീത ഗോപി  പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടതുകൊണ്ടാണ് യൂത്ത്‌കോൺഗ്രസ് ഇങ്ങനെ പ്രതിഷേധിച്ചത്. ഒപ്പം ഉണ്ടായിരുന്നവർ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച് ചൂലുകൊണ്ട് കഴുകിയിട്ടില്ല.നിയമസഭാംഗത്തോടുപോലും ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ സാധാരണ സ്ത്രീയുടെ അവസ്ഥ എന്താകുമെന്നും  പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും സ്പീക്കർക്കും പരാതിനൽകുമെന്നും എംഎൽഎ പറഞ്ഞു. ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌നായിരുന്ന ഗീത ഗോപി രണ്ടാം തവണയാണ്‌ നാട്ടികയിൽ നിന്നും സഭയിലെത്തുന്നത്.


പ്രധാന വാർത്തകൾ
 Top