25 August Sunday

ഗുരു ചേമഞ്ചേരിക്ക‌് നാളെ 104

എ സജീവ‌്കുമാർUpdated: Saturday Jun 29, 2019


കൊയിലാണ്ടി
മിഥുന മാസത്തിലെ കാർത്തിക നാളായ ഞായറാഴ‌്ച കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക‌് 104-ാം പിറന്നാൾ. ആർദ്രതയൂം സ‌്നേഹവും കൈമുതലായി കലാരംഗത്തു നിറഞ്ഞുനിൽക്കുന്ന ആചാര്യന‌് ഞായറാഴ‌്ച പൗരാവലി പിറന്നാൾ ആദരമർപ്പിക്കും.

പകൽ മൂന്നിന‌് ചേലിയ കഥകളി വിദ്യാലയത്തിൽ നടക്കുന്ന സമ്മേളനത്തിൽ  പ്രമുഖർ  പങ്കെടുക്കും. തുടർന്ന‌് കലാനിലയം രാഘവനാശാനും കലാമണ്ഡലം ബാലസുബ്രഹ‌്മണ്യനുമടങ്ങുന്ന സംഘം കുചേലവൃത്തം കഥകളി അവതരിപ്പിക്കും.

പിറന്നാൾ ദിനത്തിൽ തറവാട്ടുക്ഷേത്രത്തിൽ മുടങ്ങാതെയെത്തുകയെന്ന പതിവ‌് ഇക്കുറി മുടങ്ങിയേക്കുമോയെന്ന ദുഃഖത്തിലാണ‌് ഗുരു ചേമഞ്ചേരി. നാലുമാസം മുമ്പ‌് വീഴ‌്ചയെത്തുടർന്ന‌് കാലിൽ ചതവ‌് പറ്റി. ഡോക‌്ടർമാരുടെ  നിർദേശത്തെ തുടർന്ന‌് പൂർണ വിശ്രമത്തിലാണ‌്. ചെങ്ങോട്ടുകാവ് മടയൻകണ്ടി ചാത്തുക്കുട്ടി നായരുടെയും ചേലിയയിലെ കിണറ്റിൻകര  വീട്ടിൽ കുഞ്ഞമ്മക്കുട്ടിയമ്മയുടെയും മകനായി 1916 ജൂൺ 26നാണ‌് ചേമഞ്ചേരിയുടെ ജനനം. പതിനഞ്ചാം വയസ്സിൽ ദുര്യോദനവധത്തിലെ പാഞ്ചാലിയുടെ വേഷമിട്ടാണ‌് അരങ്ങേറിയത‌്. കരുണാകരമേനോൻ കുചേലനും കുഞ്ഞിരാമൻനായർ കൃഷ്ണനുമായുള്ള നിരവധി വേദികൾ കഥകളി കമ്പക്കാരുടെ ഇഷ്ടവേഷമായിരുന്നു.
 


പ്രധാന വാർത്തകൾ
 Top