02 July Thursday

‘തോട്ടി പൊക്കല്ലേ, പൊക്കിയാൽ തട്ടിപ്പോകും'

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


തിരുവനന്തപുരം
‘തോട്ടി പൊക്കല്ലേ, പൊക്കിയാൽ തട്ടിപ്പോകും’ കെഎസ്‌ഇബിയുടേ മുന്നറിയിപ്പാണിത്‌.  വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള ലോഹ തോട്ടികളുടെ ‘പ്രയോഗത്തിന്‌’ എതിരേയാണ്‌  മുന്നറിയിപ്പ്‌.  ചക്ക, മാങ്ങ ഉൾപ്പെടെയുള്ള കായ്‌ഫലങ്ങൾ ഇടാനും മരച്ചില്ലകൾ വെട്ടാനും  ഇരുമ്പ്‌, അലുമിനിയം തോട്ടികൾ ഉപയോഗിക്കുന്നതിനിടെ  ലൈനിൽനിന്ന്‌ ഷോക്കേറ്റ്‌ മരിച്ചത്‌ 156 പേർ. ആകെ അപകടം–-330. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കാണിത്‌.

2019ൽ 46 പേർക്ക്‌ ഇത്തരത്തിൽ ഷോക്കേറ്റു. 24 പേരും തൽക്ഷണം മരിച്ചു. 22 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം ഇതുവരെ ഒമ്പത്‌ പേരാണ് മരിച്ചത്. പൊള്ളലേറ്റത്‌ 12 പേർക്ക് . 2018ൽ 55 അപകടങ്ങളുണ്ടായി. 35 പേർക്ക്‌ ജീവഹാനിയും. 20 പേർക്ക്‌ പൊള്ളലും. 2017ൽ അപകടങ്ങൾ 81. മരണം–-30, പൊള്ളലേറ്റത്‌–-51. 2016ൽ 53 പേർക്ക്‌ ഷോക്കടിച്ചു. 28 പേർ മരിച്ചു. 25 പേർക്ക്‌ പൊള്ളലേറ്റു. 2015ൽ 74 അപകടങ്ങളുണ്ടായതിൽ  30 പേർക്ക്‌ ജീവഹാനിയുണ്ടായി.  44 പേർക്ക്‌ പരിക്ക്‌.

സമീപകാലത്തെ അപകടങ്ങളിലേറെയും വൈദ്യുതി ലൈനിന്‌ സമീപത്തെ പ്ലാവിൽനിന്ന് ചക്കയിടാൻ ശ്രമിക്കുമ്പോഴായിരുന്നു. സമാന സ്വഭാവമുള്ളതാണ്‌ മറ്റുസംഭവങ്ങളും. മരിച്ചവരിൽ ഏറെയും വീട്ടമ്മമാരുൾപ്പെടെ സാധാരണക്കാർ. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികൾ,  അരയിഞ്ച് ജിഐ പൈപ്പുകൾ,  തോട്ടിയായി രൂപം മാറിയ പഴയ ദൂരദർശൻ ആന്റിനാ പൈപ്പുകൾ എല്ലാം അപകടകാരിയാണ്‌.  അപകടങ്ങൾ ഏറിയതോടെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഇതിന്‌ എതിരേയുള്ള പ്രചാരണം കെഎസ്‌ഇബി ശക്തമാക്കി.

വിളിക്കാം എമർജൻസി നമ്പറിൽ
ലൈനിലേക്ക്‌ ചാഞ്ഞ്‌ നിൽക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും കായ്‌ഫലങ്ങൾ വീഴ്‌ത്തുന്നതിനുംമുമ്പ്‌ കെഎസ്‌ഇബി സെക്‌ഷൻ ഓഫീസിൽ ബന്ധപ്പെട്ടാൽ ദുരന്തം ഒഴിവാക്കാം. ലോഹ നിർമിത തോട്ടികളും കോണികളും ഉപയോഗിക്കരുത്‌. ലൈനിന്‌ സമീപമുള്ള സ്ഥലത്ത്‌ വൃക്ഷത്തൈകൾ നടുന്നതും ഒഴിവാക്കണം.  വൈദ്യുതി അപകടമോ, സാധ്യതയോ 9496010101 എമർജൻസി നമ്പറിൽ വിളിച്ചറിയിക്കണം.
 


പ്രധാന വാർത്തകൾ
 Top