28 May Thursday

VIDEO - പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശങ്ങളനുസരിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ സജീവമാകണം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

തിരുവനന്തപുരം > കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ സജീവമാകണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം. സാമൂഹ്യമായ അകലം പാലിച്ചുവേണം പാര്‍ടി പ്രവര്‍ത്തകര്‍ മാതൃക കാണിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമ്പോള്‍ കൂട്ടം ചേരരുത്. രണ്ടോ മൂന്നോ ആളുകളായി വേണം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടതെന്നും കോടിയേരി പറഞ്ഞു.

സാമൂഹ്യ അടുക്കള ഇല്ലാത്ത ഇടങ്ങളുണ്ടെങ്കില്‍ അത് ആരംഭിക്കാന്‍ പാര്‍ടി പ്രവര്‍ത്തകര്‍ ഇടപെടണം.     ഒരാളും ഭക്ഷണം കിട്ടാതെ കിടക്കേണ്ടി വരരുത്. അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അനുവദിക്കരുത്. അവരെ നേരിട്ട് കണ്ട് സാധ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കണം. താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് അവരെ ഒഴിപ്പിക്കാനുള്ള നടപടികളുണ്ടെങ്കില്‍ ഇടപെടണം.

മുന്‍കാലങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പൈതൃകമുണ്ട് സിപിഐ എമ്മിന്. അത് ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍     ഒട്ടേറെ നല്ല കാര്യങ്ങളാണ് ചെയ്തുവരുന്നത്. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരണം. അവ ജനങ്ങളിലെത്തിക്കണം. ഈ അവസ്ഥയില്‍ വിഭവസമാഹരണം സര്‍ക്കാരിന് പ്രധാനമാണ്. അത് കണക്കിലെടുത്താണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. ഓരോരുത്തരും കഴിവിനനുസരിച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്നും നാടിന്റെ പുരോഗതിക്ക് ഇടപെടണമെന്നും കോടിയേരി അഭ്യര്‍ത്ഥിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top