25 January Saturday

വഞ്ചിയൂർ കോടതി നാലു മണിക്കൂർ മുൾമുനയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019


വാഹനാപകടക്കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെ തുടർന്നുണ്ടായ സംഘർഷം വഞ്ചിയൂർ കോടതിയെ നാലു മണിക്കൂർ മുൾമുനയിലാക്കി.  മജിസ്‌ട്രേറ്റ്‌ ദീപാമോഹനെ ബഹിഷ്‌കരിച്ച അഭിഭാഷകർ കോടതി ഒന്നിന്റെ വാതിലും അടച്ചു. സംഘർഷം വലിയ വാർത്തയായതിനെ തുടർന്ന്‌  ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് വൻ പൊലീസ് സന്നാഹം കോടതിവളപ്പിൽ അണിനിരന്നു.

വാഹനാപടത്തിൽ പരിക്കേറ്റ കേസിൽ  പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ലെന്നുമായിരുന്നു വാദിയായ ലതയുടെ പരാതി.  ഇത് സത്യമല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞെങ്കിലും  മജിസ്ട്രേറ്റ് പ്രതിയുടെ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്തു.

അപകടത്തിൽ നിസ്സാര പരുക്കുപറ്റിയ കേസായതിനാൽ ജാമ്യം റദ്ദാക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ  ആവർത്തിച്ചെങ്കിലും മജിസ്ട്രേറ്റ് ഉത്തരവ് മാറ്റിയില്ല. താൻ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാൻ തനിക്ക് അധികാരമില്ലെന്നും മേൽക്കോടതിയെ സമീപിക്കാനും ജാമ്യം റദാക്കിയ ഉത്തരവ് ഉടൻ ടൈപ്പ് ചെയ്ത് നൽകാൻ സ്റ്റെനോഗ്രാഫർക്ക് നിർദേശം നൽകാമെന്നും അവർ അറിയിച്ചു.  എന്നാൽ, നിയമവിരുദ്ധമായി ജാമ്യം റദ്ദാക്കിയതെന്നുകാണിച്ച് പ്രതിഭാഗം അഭിഭാഷകൻ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിനും ജില്ലാ ജഡ്ജിക്കും പരാതി നൽകി. ഇതിനിടയിൽ ബാർ അസോസിയേഷൻ ഇടപെടുകയും  ഒന്നാം മജിസ്‌ട്രേറ്റ്‌ കോടതി  ബഹിഷ്കരിക്കാനും തീരുമാനിച്ചു.  ഈ സമയത്താണ്‌ ചിലർ  കോടതി ഹാൾ മുറിയുടെ കതകടച്ചത്‌. 

  ബാർ അസോസിയേഷൻ പ്രതിനിധികൾ, നടപടിക്രമം പാലിക്കാതെ ഒരു സാക്ഷിമൊഴിമാത്രം വച്ച് യാന്ത്രികമായാണ് മജിസ്ട്രേട്ട് ഉത്തരവിട്ടതെന്ന് ജില്ലാ ജഡ്ജിയെയും സിജെഎമ്മിനെയും ധരിപ്പിച്ചു.   തുടർന്ന് ജില്ലാക്കോടതിയിൽ ഒരു സത്യവാങ്മൂലവും ജാമ്യാപേക്ഷയും സമർപ്പിക്കാനും ഉടൻ ജാമ്യം അനുവദിക്കാമെന്നുമുള്ള ധാരണയിൽ  പ്രശ്നം പരിഹരിക്കുകയായിരുന്നു.  ജില്ലാ കോടതി ഉച്ചതിരിഞ്ഞ്  മൂന്നോടെ ജാമ്യം അനുവദിച്ച് 4.30ഓടെ പ്രതി പുതിയ ജാമ്യ ബോണ്ടിൽ പുറത്തിറങ്ങി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top