28 November Saturday

സർക്കാരിന്റേത്‌ ധീരമായ നിലപാട്‌ ; ലീഗിന്റെ വർഗീയത പുറത്തായി : ആർച്ച്‌ ബിഷപ്‌‌ ജോസഫ്‌ പെരുന്തോട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

 

ചങ്ങനാശേരി
മുന്നോക്കവിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം ഏർപ്പെടുത്താൻ കേരള സർക്കാർ തീരുമാനിച്ചതിൽ ആരും അസ്വസ്ഥരാകേണ്ടതില്ലെന്ന്‌ സിറോ മലബാർ സഭാ ചങ്ങനാശേരി അതിരൂപത ആർച്ച്‌ ബിഷപ്‌‌ ജോസഫ്‌ പെരുന്തോട്ടം.  സഭയുടെ നിലപാട്‌ വ്യക്തമാക്കി‌ ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ്‌ ബിഷപ്‌‌ ഇക്കാര്യം പറഞ്ഞത്‌.

വൻ സാമുദായിക- രാഷ്ട്രീയ സമ്മർദങ്ങളെ അതിജീവിച്ചാണ്‌ സംസ്ഥാന സർക്കാർ ഇത്‌ നടപ്പിലാക്കിയത്. ഇതുവരെ സംവരണ ആനുകൂല്യം ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27ശതമാനത്തിലധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികൾ അകാരണമായി എതിർക്കുന്നത്‌ ഖേദകരമാണ്. സ്വന്തം പാത്രത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഒന്നും വിളമ്പരുത് എന്നു ശഠിക്കുന്നത് എന്ത്‌ വികാരമാണ്‌?

എൽഡിഎഫ്‌ പ്രകടനപത്രികയിൽ സംവരണക്കാര്യം പറഞ്ഞിട്ടുണ്ട്‌. അതാണ്‌ ഇപ്പോൾ അവർ നടപ്പാക്കുന്നത്‌. ഇതിനെ എതിർക്കുന്നവർക്ക്‌ മുഖ്യമന്ത്രി നൽകിയ മറുപടി സമഗ്രമാണ്‌. ജാതി‐മത ചിന്തകൾക്ക്‌ അതീതമായി അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്ന ആശയത്തെ ഒരിക്കലും നിരാകരിക്കാൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ കഴിയില്ല.

പാർലമെന്റിൽ പങ്കെടുത്ത 326 അംഗങ്ങളിൽ 323 പേരും അനുകൂലിച്ച്‌ വോട്ട്‌ ചെയ്‌ത നിയമമാണിത്‌. എതിർത്ത മൂന്നു പേരിൽ രണ്ടാൾ മുസ്ലിംലീഗ്‌ അംഗങ്ങളാണ്. ഇത്‌ ഏതെങ്കിലും ആദർശത്തിന്റെ പേരിലല്ല.  ലീഗിന്റെ വർഗീയത മുഖംമൂടിമാറ്റി പുറത്തേക്ക്‌ വരുന്നുവെന്നതിന്‌ തെളിവാണിത്‌. പലതരത്തിലുള്ള ആനുകൂല്യങ്ങൾ അനുഭവിക്കുന്ന മതവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ലീഗ്‌ അവരുടെ ഒന്നും നഷ്ടമാകാതെ പാവപ്പെട്ടവർക്ക്‌ ചെറിയ ഗുണംകിട്ടുന്നതിനെ എന്തിനാണ്‌ എതിർക്കുന്നത്‌?

സാമ്പത്തിക സംവരണത്തിൽ ഉൾപ്പെടെ പല വിഷയങ്ങളിലും സ്വന്തമായി നിലപാട്‌ സ്വീകരിക്കാൻ കഴിയാത്തവിധം യുഡിഎഫ്‌ ദുർബലമായി.  മുഖ്യ കക്ഷിയായ കോൺഗ്രസിന്‌ അതിന്റെ ദേശീയ നിലപാടിനെപോലും അനുകൂലിക്കാൻ സാധിക്കാത്തതെന്ത്‌?  ഈ മുന്നണിക്ക്‌ ഒരു പ്രകടന പത്രികപോലും പുറത്തിറക്കാൻ കഴിയുമോയെന്ന്‌ സംശയമുണ്ട്‌. ബംഗ്ലാദേശിൽ പോലും കഠിന ശിക്ഷക്ക്‌ വിധേയമാക്കുന്ന ജമാഅത്ത്‌ ഇസ്ലാമിയുടെ വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്‌. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാർക്ക്‌ എങ്ങനെ അംഗീകരിക്കാൻ കഴിയും. ഏതാനും വോട്ടിനുവേണ്ടി സംഘടിത വർഗീയ പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടിലേർപ്പെടുന്നതിനെ തികഞ്ഞ ആശങ്കയോടെമാത്രമെ കാണാൻകഴിയുവെന്നും ലേഖനത്തിൽ ഓർമിപ്പിച്ചു.

അഭിനന്ദിച്ച്‌ സിറോ മലബാർസഭ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ പത്തുശതമാനം സംവരണം നടപ്പാക്കിയ സംസ്ഥാന സർക്കാരിനെ സിറോ മലബാർ സഭ അഭിനന്ദിച്ചു. 2019 ജനുവരിമുതൽ മുൻകാലപ്രാബല്യത്തോടെ പിഎസ്‌സി നിയമനങ്ങളിൽ ഇത്‌ നടപ്പാക്കണമെന്നും‌ മുഖ്യമന്ത്രി പിണറായി വിജയന്‌ സഭ നിവേദനം നൽകി. സഭയുടെ പബ്ലിക് അഫയേഴ്സ് കമീഷൻ ചെയർമാൻ ആർച്ച്‌ ബിഷപ് ആൻഡ്രൂസ് താഴത്തും കൺവീനർ ബിഷപ് തോമസ് തറയിലും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടാണ്‌ അഭിനന്ദനം അറിയിച്ചതും നിവേദനം നൽകിയതും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. സാമ്പത്തിക സംവരണത്തെക്കുറിച്ചു നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച്‌ സഭാനേതൃത്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും ആർച്ച്‌ ബിഷപ് പറഞ്ഞു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top