06 December Monday

പാലാരിവട്ടം മേൽപ്പാലം ഇന്നുമുതൽ പൊളിക്കും ; പൊളിച്ച ഗർഡറുകൾ കടൽഭിത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020


കൊച്ചി
നിർമാണപ്പിഴവുമൂലം തകർന്ന പാലാരിവട്ടം മേൽപ്പാലം സുപ്രീംകോടതി വിധിയനുസരിച്ച്‌ പൊളിക്കുന്നത്‌ തിങ്കളാഴ്‌ച തുടങ്ങും. ടാറിങ് നീക്കലും ചുറ്റും സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതുമാണ്‌ ആദ്യദിവസങ്ങളിൽ നടക്കുക. തകർന്ന ഗർഡറുകൾ നീക്കുന്നത്‌‌ ബുധനാഴ്ചയോടെ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പുനർനിർമാണത്തിനായി എച്ച്എംടി ഭൂമിയിലെ മെട്രോയുടെ നിർമാണ യാർഡിൽ ഗർഡറുകൾ വാർക്കുന്ന ജോലിയും സമാന്തരമായി ആരംഭിക്കും.

തകർന്ന ഭാഗങ്ങൾ മുഴുവൻ പൊളിച്ചുനീക്കാൻ രണ്ടുമാസം വേണ്ടിവരുമെന്ന് നിർമാണകരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോ–ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ അറിയിച്ചു. വിദഗ്ധരായ തൊഴിലാളികളാണ് ഗർഡർ മുറിച്ചുനീക്കുക. ഇവ കടൽഭിത്തി നിർമാണത്തിന് ഉപയോഗിക്കാനാണ് ഡിഎംആർസി ഉദ്ദേശിക്കുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കുകീഴിലെ തൊഴിലാളികളാണ്‌ പാലാരിവട്ടം പാലം പുനർനിർമാണത്തിൽ പ്രധാന പങ്കാളികൾ. വിദഗ്ധതൊഴിലിന് ഉൾപ്പെടെ 20 ശതമാനം അതിഥിത്തൊഴിലാളികളാണ്‌.

ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ ഡിഎംആർസിയുടെ നിർദേശപ്രകാരമാണ് ജോലികൾ നടക്കുകയെന്ന് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. നേരത്തേ നിശ്ചയിച്ച തുകയ്‌ക്കുതന്നെയാണ് നിർമാണം. ഡിഎംആർസിയുമായി അവസാനവട്ട ചർച്ച നടത്തി. വലിയ ഗതാഗതത്തിരക്കുള്ള പ്രദേശമാണ് പാലാരിവട്ടം. യാത്രക്കാർക്ക്‌ അസൗകര്യമുണ്ടാകാതെ സുരക്ഷിതമായി നിർമാണം പൂർത്തിയാക്കണം. നിശ്ചിതസമയത്തിനുള്ളിൽത്തന്നെ പുനർനിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഊരാളുങ്കൽ സൊസൈറ്റിയുടെ ചീഫ് എൻജിനിയർ എ പി പ്രമോദാണ് പൊളിക്കലിനും പുനർനിർമാണത്തിനും നേതൃത്വം നൽകുക. ഡിഎംആർസിയിലെ മുൻ ചീഫ് എൻജിനിയർ കേശവചന്ദ്രനും എത്തും. പാലത്തിൽ ആകെയുള്ള 102 ഗർഡറുകൾ പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കാനാണ് ഡിഎംആർസി നിർദേശിച്ചിട്ടുള്ളത്. 17 സ്പാനുകളും മാറ്റി പുതിയത് സ്ഥാപിക്കണം. തൂണുകളും തൂണുകളുടെ മുകൾഭാഗവും ബലപ്പെടുത്തണം. ലോഹ ബെയറിങ്ങുകളും മാറ്റേണ്ടതുണ്ട്‌.

മരടിനുശേഷം വീണ്ടും
മരടിലെ അഞ്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ പൊളിച്ച്‌ പത്തുമാസത്തിനകം മറ്റൊരു പൊളിക്കലിന് സാക്ഷിയാകുകയാണ്‌ കൊച്ചി. ഫ്ലാറ്റുകൾ നിലംപൊത്തുന്നത്‌ കണ്ട‌ കേരളത്തിന്‌ മറ്റൊരു രാഷ്ട്രീയ അഴിമതി കൂടി പൊളിഞ്ഞ്‌ വീഴുന്നത്‌ കണ്ട്‌ ആസ്വദിക്കാം.
സുപ്രീംകോടതി നിർദേശപ്രകാരം ജനുവരി 11നും 12നുമാണ്‌ മരടിലെ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ പൊളിച്ചത്‌. കുണ്ടന്നൂരിലെ ഹോളിഫെയ്‌ത്ത്‌ എച്ച്‌ടുഒ, നെട്ടൂരിലെ ജെയ്‌ൻ കോറൽ കേവ്‌, ആൽഫ സെറീന്റെ രണ്ടു ടവറുകൾ, കണ്ണാടിക്കാട്‌ ഗോൾഡൻ കായലോരം എന്നിവയാണ്‌ പൊളിച്ചത്.

അന്ന്‌ സർക്കാരിന്‌ ചെലവായത്‌ 69.09 കോടി രൂപയാണ്‌. ലോക്‌‌ഡൗൺ അൽപ്പം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ആഗസ്തിൽ അവശിഷ്ടം നീക്കൽ പൂർത്തിയാക്കി. 6,500 ടൺ വരുന്ന അവശിഷ്‌ടം നീക്കം ചെയ്യാൻ 30 പ്രവൃത്തിദിവസങ്ങൾ വേണ്ടിവന്നു.

ഇന്ന്‌ ഗതാഗതം നിയന്ത്രിക്കില്ല
പാലാരിവട്ടം പാലം പൊളിച്ചുതുടങ്ങുമെങ്കിലും തിങ്കളാഴ്ച പ്രത്യേക ഗതാഗത ക്രമീകരണമില്ല. ടാറിങ് ഇളക്കിമാറ്റുന്നത്‌ വാഹനഗതാഗതത്തെ ബാധിക്കില്ലെന്നാണ്‌ കരുതുന്നത്‌. കോണ്‍ക്രീറ്റ് ഇളക്കിമാറ്റി തുടങ്ങുമ്പോള്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്ന നിലപാടിലാണ് പൊലീസ്.

തിങ്കളാഴ്ച രാവിലെ 10ന് ഡെപ്യൂട്ടി കമീഷണർ ജി പൂങ്കുഴലി സ്ഥലപരിശോധന നടത്തും. ആദ്യം പൊളിക്കുന്ന ഭാഗം, പൊളിക്കുന്ന ജോലികള്‍ക്ക്‌ എടുക്കുന്ന സമയം, ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങള്‍ അറിഞ്ഞശേഷം ക്രമീകരണം ഏർപ്പെടുത്തും. യു ടേണ്‍ ക്രമീകരണമാണ്‌ ഇതിൽ ഏറ്റവും പ്രധാനം. പൊളിക്കുമ്പോൾ‌ പാലത്തിനടിയിലൂടെ ഗതാഗതം അനുവദിക്കില്ല.

സുരക്ഷാമാനദണ്ഡം പാലിക്കും: ജി സുധാകരൻ
പാലാരിവട്ടം പാലം പൊളിക്കൽ എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചായിരിക്കുമെന്ന്‌ മന്ത്രി ജി സുധാകരൻ അറിയിച്ചു.
പകലും രാത്രിയും ജോലി തുടരും. പൊളിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ ഇടില്ല. കോൺക്രീറ്റ് അവശിഷ്ടങ്ങൾ ചെല്ലാനത്തെ കടലാക്രമണം തടയാൻ പ്രയോജനപ്പെടുമെങ്കിൽ അതിനായി ഉപയോഗിക്കാൻ നിർദേശം നൽകി. കടലാക്രമണം തടയാനും അവിശിഷ്ടങ്ങൾ റോഡിൽ കിടക്കുന്നതിനെ തുടർന്നുള്ള പ്രശ്ന‌ങ്ങൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും.

പാലം പൊളിച്ചു പണിയുന്നത്‌ ഒമ്പത്‌ മാസം ഹൈക്കോടതി ഇടപെട്ടതിനാൽ വൈകി. നിർമാണം തടസ്സപ്പെടുത്തിയവർ ചെയ്ത തെറ്റ് എത്രമാത്രം വലുതാണെന്ന്‌ മനസ്സിലാക്കണം. എത്രയും വേഗം നിർമാണം പൂർത്തീകരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top