23 September Wednesday

കോവിഡ്‌: ഒരുവീട്ടിൽ മരണം മൂന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020


കോഴിക്കോട്‌
കോവിഡ്‌ ബാധിച്ച്‌ രണ്ടുപേർ മരിച്ച കുടുംബത്തിൽ ഒരാൾകൂടി  മരിച്ചു. കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കുന്നമംഗലം കാരന്തൂർ പാറക്കടവിൽ വാടകവീട്ടിൽ താമസിക്കുന്ന പറമ്പിൽ ബസാർ സ്വദേശി മുഹമ്മദലി (48)ആണ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തിങ്കളാഴ്‌ച മരിച്ചത്‌.  വ്യാഴാഴ്‌ച മരിച്ച കരിക്കാംകുളം സ്വദേശി കുളക്കാട്ടുവയൽ റുഖിയാബിയുടെ മകളായ ഷമീറയുടെ ഭർത്താവാണ്‌‌. മറ്റൊരു മകളായ ഷാഹിദ കോവിഡ്‌ ബാധിച്ച്‌ കഴിഞ്ഞദിവസം മരിച്ചിരുന്നു‌.

സോഡിയം കുറവും വൃക്കരോഗവുംമൂലം മുഹമ്മദലി ഒരാഴ്‌ചയായി കിടപ്പിലായിരുന്നു‌. രോഗം മൂർച്ഛിച്ചതിനാൽ ഞായറാഴ്‌ച മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി‌.  സ്രവ പരിശോധനാഫലം ലഭിച്ചിട്ടില്ല. മക്കൾ: താരിഖ്, ഷഹബിയ, ജുമാന. മരുമകൻ. അർഷാദ് (പറമ്പത്ത്).

ഭാര്യാമാതാവായ റുഖിയാബി കുഴഞ്ഞുവീണതിനെ തുടർന്ന്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ യാത്രാസൗകര്യം പരിഗണിച്ച്‌  മുഹമ്മദലിയുടെ വീട്ടിലായിരുന്നു അർബുദ ബാധിതയായ ഷാഹിദ താമസിച്ചത്‌. റുഖിയാബിയെ ആശുപത്രിയിൽ പരിചരിച്ചത്‌ മുഹമ്മദലിയുടെ ഭാര്യ ഷമീറയാണ്‌. മരണശേഷമാണ്‌ ഉമ്മയ്‌ക്കും മകൾക്കും കോവിഡ്‌ സ്ഥിരീകരിച്ചത്‌.

തിങ്കളാഴ്ച സിവിൽ സ്‌റ്റേഷൻ ഗവ. യുപി സ്‌കൂളിൽ നടത്തിയ റാപ്പിഡ് ടെസ്റ്റിൽ ഇവരുടെ രണ്ടു ബന്ധുക്കളുടെ പരിശോധനാഫലം പോസിറ്റീവായിട്ടുണ്ട്‌. കുടുംബത്തിലെ ഒമ്പത്‌ കുട്ടികൾക്കടക്കം 12 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. മുഹമ്മദലിയുടെ മൃതദേഹം കോവിഡ് പരിശോധനക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top