19 August Monday

കള്ളവോട്ട‌് ആരോപണത്തിന‌് പിന്നിൽ വൻ ഗൂഢാലോചന; നുണക്കഥയ്‌ക്ക് കൂട്ടായി മാധ്യമങ്ങളും

പ്രത്യേക ലേഖകൻUpdated: Sunday Apr 28, 2019

കണ്ണൂർ > കല്യാശേരി നിയമസഭാ മണ്ഡലത്തിൽപ്പെട്ട പിലാത്തറ എയുപി സ‌്കൂൾ ബൂത്തിലെ കള്ളവോട്ട‌് ആരോപണത്തിന‌് പിന്നിൽ വ്യക്തമായ ഗൂഢാലോചന. ജനപ്രതിനിധികളടക്കമുള്ള എൽഡിഎഫ‌് പ്രവർത്തകർ പ്രായമായവരുടെയും ശാരീരിക അവശതകളുള്ളവരുടെയും ഓപ്പൺ വോട്ടുചെയ്യുന്ന ദൃശ്യങ്ങൾ ചേർത്താണ‌് ചില മാധ്യമങ്ങൾ വ്യാജ വാർത്ത ചമച്ചത‌്. പരാജയഭീതി പൂണ്ട യുഡിഎഫ‌് സ്ഥാനാർഥികൾ വോട്ടെടുപ്പിന്റെ പിറ്റേന്നുമുതൽ  കള്ളവോട്ട‌് ആരോപണം ഉയർത്തുന്നുണ്ട‌്‌. അതിന‌് ബലം നൽകാനുള്ള നെറികെട്ട നീക്കമാണ‌് മാതൃഭൂമി ന്യൂസ‌് അടക്കമുള്ള മാധ്യമങ്ങൾ നടത്തിയത‌്.

ചെറുതാഴം പഞ്ചായത്തിലെ 17, 18, 19 നമ്പർ ബൂത്തുകൾ പ്രവർത്തിച്ചത‌് പിലാത്തറ എയുപി സ‌്കൂളിലാണ‌്. ശാരീരിക അവശതകളുള്ള ആളുകളുടെ ഓപ്പൺ വോട്ടുചെയ്യുന്നതിനായി  ബൂത്ത‌് ഏജന്റുമാർ ഉൾപ്പെടെയുള്ള എൽഡിഎഫ‌് പ്രവർത്തകർക്ക‌് ഈ ബൂത്തുകളിൽ  പോകേണ്ടി വന്നിട്ടുണ്ട‌്. ഈ ദൃശ്യങ്ങൾ അടർത്തിയെടുത്താണ‌് മാതൃഭൂമി ന്യൂസ‌് കള്ളക്കഥ മെനഞ്ഞത‌്. ഇത‌് പിന്നീട‌് മറ്റു  മാധ്യമങ്ങളും ഏറ്റെടുത്തു.  നാട്ടിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകരെയാണ‌് ഈ മാധ്യമങ്ങൾ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ  വ്യക്തിഹത്യ ചെയ‌്തത‌്.

ചെറുതാഴം പഞ്ചായത്ത‌് അംഗമായ എം വി സലീന 17ാം ബൂത്തിലെ  822ാം നമ്പർ വോട്ടറാണ‌്.  അവർ ഇതേ സ‌്കൂളിൽ പ്രവർത്തിച്ച 19ാം നമ്പർ ബൂത്തിൽ നഫീസയെന്ന വയോധികയുടെ ഓപ്പൺ വോട്ടുകൂടി ചെയ്യുകയായിരുന്നു. അവർ ആവശ്യപ്പെട്ടതനുസരിച്ചാണ‌് സഹായിയായി പോയതെന്ന‌് സലീനയും താൻ പറഞ്ഞിട്ടാണ‌് സലീന വോട്ടുചെയ‌്തതെന്ന‌്  നഫീസയും ദൃശ്യമാധ്യമങ്ങളോട‌് പറഞ്ഞു.ചെറുതാഴം പഞ്ചായത്തിലെ 24ാം ബൂത്തിലെ 315ാം നമ്പർ വോട്ടറും മുൻ  പഞ്ചായത്ത‌് അംഗവുമായ കെ പി സുമയ്യ 19ാം ബൂത്തിലെ ഏജന്റുമായിരുന്നു.  ഇവരെയാണ‌് മാതൃഭൂമി കള്ളവോട്ടുകാരിയായി ചിത്രീകരിച്ചത‌്. മുമ്പ‌് പിലാത്തറയിൽ താമസിച്ചിരുന്ന സുമയ്യയ‌്ക്ക‌് ഈ മേഖലയിൽ ആഴത്തിലുള്ള ബന്ധങ്ങളുണ്ട‌്. ഇതിന്റെ അടിസ്ഥാനത്തിലാണ‌് തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിനായി ഇവിടെ നിയോഗിച്ചതും ബൂത്ത‌് ഏജന്റാക്കിയതും. ഇതേ ബൂത്തില 301ാം നമ്പർ വോട്ടറായ സി ശാന്തയുടെ വോട്ടാണ‌് അവർ ചെയ‌്തത‌്. 

ദൃശ്യങ്ങളിൽ കാണുന്ന മൂലക്കാരൻ കൃഷ‌്ണൻ, കെ സി രഘുനാഥ‌് എന്നിവരും  നിയമാനുസൃതം ഓപ്പൺ വോട്ടു ചെയ്യുന്നതാണ‌് മാതൃഭൂമി ന്യൂസ‌് കള്ളവോട്ടാക്കി മാറ്റിയത‌്. ഇവരെല്ലാം ഓപ്പൺ വോട്ട‌് ചെയ‌്തതിന‌് കൃത്യമായ രേഖകളുണ്ട‌്. ബൂത്തിലെ യുഡിഎഫ‌് ഏജന്റുമാർ ഒരു എതിർപ്പും രേഖപ്പെടുത്തിയില്ലെന്നതും  ശ്രദ്ധേയമാണ‌്.

ബ്രേക്കിങ‌് ന്യൂസായി കള്ളക്കഥ പ്രചരിപ്പിച്ച റിപ്പോർട്ടറുടെ തനിനിറം കണ്ണൂരുകാർ നേരത്തേ മനസ്സിലാക്കിയിട്ടുണ്ട‌്. സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുമരിൽ സ്വയം പോസ‌്റ്റർ പതിച്ച‌് പാർടിയിലെ ഗ്രൂപ്പു വഴക്കിന്റെ ഭാഗമായി പോസ‌്റ്റർ പതിച്ചതായി വാർത്ത നൽകിയ വ്യക്തിയാണ‌് ഈ വ്യാജവാർത്തയ‌്ക്കും പിന്നിൽ. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും പൊതുജനമധ്യത്തിൽ താറടിക്കാൻ ഏത‌് അധമപ്രവൃത്തിക്കും മടിക്കില്ലെന്ന‌് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ‌്.


നിയമനടപടി സ്വീകരിക്കുമെന്ന‌് സലീനയും സുമയ്യയും


പിലാത്തറ > ‘‘ഇതാ ഈ വിരലുകൾ കണ്ടോ. ഇടതു കൈയുടെ ചൂണ്ടുവിരലിൽ മാത്രമല്ല, വലതു കൈയിലുമുണ്ട‌്. പ്രിസൈഡിങ‌് ഓഫീസറുടെ അനുവാദത്തോടെ തികച്ചും നിയമാനുസൃതമാണ‌് ഞാൻ വോട്ടു ചെയ‌്തത‌്. കള്ളവോട്ടാണെങ്കിൽ രണ്ടു വിരലിലും മഷിയടയാളം വരുമോ?’’–- കള്ളവോട്ട‌് ചെയ‌്തുവെന്ന‌് വലതുപക്ഷ മാധ്യമങ്ങൾ ചിത്രീകരിച്ച എം വി സലീനയുടെ വാക്കുകളിൽ രോഷവും സങ്കടവും.

‘‘പഞ്ചായത്ത‌് അംഗമായ എന്നെ ആ ബൂത്തിലുണ്ടായിരുന്ന മിക്കവർക്കും അറിയുന്നതല്ലേ. അങ്ങനെ പോയി കള്ളവോട്ടുചെയ്യുമോ. രാവിലെ മുതൽ തുടർച്ചയായി  അപമാനിക്കുന്ന മാധ്യമങ്ങൾ അതെങ്കിലും ഓർക്കണമായിരുന്നു.’’ വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സലീന വ്യക്തമാക്കി.

പഞ്ചായത്ത‌് മുൻ അംഗമായ കെ പി സുമയ്യയും മാധ്യമങ്ങളുടെ നെറികെട്ട അപവാദപ്രചാരണത്തിനെതിരെ പൊട്ടിത്തെറിച്ചു. ‘‘കള്ളവാർത്ത കൊടുക്കുന്നതിനുമുമ്പ‌് എന്താണ‌് സത്യമെന്ന‌് ഇവർക്ക‌് അന്വേഷിക്കാമായിരുന്നില്ലേ. അതല്ലേ മര്യാദ’’–- സുമയ്യ ചോദിച്ചു.

വോട്ടറുടെ അവകാശത്തെ ചോദ്യം ചെയ്യൽ: പി കരുണാകരൻ

കാസർകോട‌് > ഓപ്പൺ വോട്ട‌് ചെയ‌്തത‌് കള്ളവോട്ടെന്ന‌് പറഞ്ഞ‌് വീഡിയോ പ്രചരിപ്പിക്കുന്നത‌് വോട്ടറുടെ അവകാശം ചോദ്യം ചെയ്യുന്നതാണെന്ന‌്  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരൻ എംപി പറഞ്ഞു. ഒരാൾക്ക‌് സ്വന്തം വോട്ടിനൊപ്പം മറ്റൊരാളുടെ ഓപ്പൺ വോട്ട‌ും ചെയ്യാൻ തെരഞ്ഞെടുപ്പ‌്  കമീഷൻ അനുവദിക്കുന്നുണ്ട‌്. ഇതാണ‌് പിലാത്തറയിലെ ബൂത്തിൽ നടന്നത‌്. ഇതിനെ കള്ളവോട്ടെന്ന‌് പറയുന്നത‌് വോട്ടർമാരെ അപമാനിക്കലാണ‌്.  യുഡിഎഫ‌് കേന്ദ്രങ്ങളിൽ വ്യാപകമായി നടന്ന കള്ളവോട്ട‌്  മറച്ചുവയ‌്ക്കാനാണ‌് എൽഡിഎഫിനെതിരെ കള്ള പ്രചാരണം നടത്തുന്നത‌്. വിദേശത്തുള്ളവരുടെ വോട്ടുകൾ വ്യാപകമായി  യുഡിഎഫ‌ുകാർ കള്ളവോട്ട‌് ചെയ‌്തതിന്റെ രേഖകൾ ശേഖരിച്ചിട്ടുണ്ട‌്. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിടുമെന്നും പി കരുണാകരൻ പറഞ്ഞു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top