07 June Wednesday

മാലിന്യനിർമാർജനം മുഖ്യലക്ഷ്യം ; പ്രായോഗികതയിലൂന്നി കൊച്ചി ബജറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

പ്രതിപക്ഷ ബഹളത്തെ മറികടന്ന് ഡെപ്യൂട്ടി മേയർ കെ എ അൻസിയ ബജറ്റ് അവതരിപ്പിക്കുന്നു.മേയർ എം അനിൽകുമാർ സമീപം


കൊച്ചി
നഗരസഭയുടെ സാമ്പത്തിക ഭദ്രതയും നഗരത്തിന്റെ സുസ്ഥിരവളർച്ചയും ഉറപ്പാക്കുന്ന പ്രായോഗിക പദ്ധതികളുടെ പ്രഖ്യാപനമായി 2023–-24 വർഷത്തെ കൊച്ചി കോർപറേഷൻ ബജറ്റ്‌. 1115.66 കോടി രൂപ വരവും 1075.30 കോടി രൂപ ചെലവും 40.36 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. കൗൺസിൽ ആരംഭിച്ചതുമുതൽ പ്രതിപക്ഷാംഗങ്ങൾ ഉയർത്തിയ ബഹളത്തെ അവഗണിച്ചാണ്‌ ഡെപ്യൂട്ടി മേയർ കെ എ അൻസിയ ഒരുമണിക്കൂറിലേറെ നീണ്ട ബജറ്റ്‌ പ്രസംഗം പൂർത്തിയാക്കിയത്‌.

മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ്‌ ബജറ്റിലെ ഊന്നൽ. നഗരസഭയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 220 കോടി രൂപയാണ്‌ ഖരമാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി നീക്കിയിട്ടുള്ളത്‌. കൊതുകുനിവാരണത്തിന്‌ 20 കോടി രൂപയും പുതിയ റോ റോ നിർമാണമുൾപ്പെടെ ഗതാഗതമേഖലയ്‌ക്ക്‌ 180 കോടി രൂപയും നീക്കിവച്ചു.

പ്രധാന പദ്ധതികൾ ചുവടെ

ബ്രഹ്മപുരത്ത്‌ പുതിയ കമ്പോസ്‌റ്റ്‌ പ്ലാന്റ്‌, ഉറവിട മാലിന്യസംസ്‌കരണത്തിന്‌ വീടുകൾക്ക്‌ സഹായം, എല്ലായിടത്തും ഹീൽ ബോക്‌സ്‌, ഡിവിഷനുകളിൽ സംസ്‌കരണ യൂണിറ്റ്‌, 40 ഇലക്‌ട്രിക്‌ സ്‌കൂട്ടർ നൽകി പൊലീസിന്റെ നിരീക്ഷണസംവിധാനം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ ആഘാതപഠനം, ബ്രഹ്മപുരത്തെ ലഗസി മാലിന്യത്തിന്റെ ബയോമൈനിങ് പൂർത്തിയാക്കി ഡെമോൺസ്‌ട്രേഷൻ പാർക്കാക്കി മാറ്റൽ, പാഴ്‌വസ്‌തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന സ്വാപ്‌ ഷോപ്, വിദ്യാർഥികളുടെ ഇടപെടലോടെ യു കാൻ ഹീൽ, ക്യാമ്പയിനുകൾ എന്നിവയാണ്‌ ഏറ്റെടുക്കുന്ന പദ്ധതികൾ.

കൊതുകുനിവാരണത്തിന്‌ 20 കോടി
ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ചിനുകീഴിലെ വെക്‌ടർ കൺട്രോൾ റിസർച്ച്‌ സെന്ററിന്റെ സാങ്കേതിക സഹായത്തോടെ കൊതുകുനിവാരണം ഏകോപിപ്പിക്കാനും ലാബ്‌ സ്ഥാപിക്കാനും പദ്ധതി.

വെള്ളക്കെട്ട്‌ ഒഴിവാക്കാൻ  90 കോടി
ചെന്നൈ നഗരത്തിലെ മാതൃകയിൽ കനാൽ ചെളിയും മാലിന്യവും നീക്കുന്ന രണ്ട്‌ യന്ത്രങ്ങൾ വാങ്ങും. ബ്രേക് ത്രൂ പദ്ധതിയുടെ പൂർത്തിയാക്കൽ, തേവര–-പേരണ്ടൂർ കനാൽ പുനരുദ്ധാരണം, കമ്മട്ടിപ്പാടത്തെ വെള്ളക്കെട്ട്‌ നിർമാർജനം, സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻമുതൽ കായൽവരെ പുതിയ കനാൽ നിർമാണം  തുടങ്ങിയവയാണ്‌ പദ്ധതികൾ.

ഗതാഗതമേഖലയ്‌ക്ക്‌ 
180 കോടി
പുതിയൊരു റോ റോ കൂടി സർവീസിന്‌ ഇറക്കും. സർവീസ്‌ നടത്തിപ്പ്‌ എസ്‌പിവി രൂപീകരിച്ച്‌ അതിനുകീഴിലാക്കും. റോഡ്‌ പദ്ധതികളിൽ നിർവഹണത്തിലിരിക്കുന്നവ പൂർത്തിയാക്കുന്നതിനാണ്‌ മുൻഗണന. പള്ളുരുത്തി പാരലൽ റോഡ്‌ സ്ഥലമെടുപ്പ്‌ വേഗത്തിലാക്കും. മുണ്ടംവേലി–-കുരീത്തറ റോഡ്‌, പരിപ്പ്‌ ജങ്ഷൻ–-തുളസിനഗർ റോഡ്‌ എന്നിവ ഈ വർഷം നിർമിക്കും. 20 വനിതാ ഇ–-ഓട്ടോ ഉൾപ്പെടെ 74 എണ്ണം നിരത്തിലിറക്കും. ബിഒടിയായി ബസ്‌ കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിക്കും.

വിദ്യാഭ്യാസ–-കായിക
മേഖലയ്‌ക്ക്‌ 10 കോടി
മുഴുവൻ സ്‌കൂളുകൾക്കും ഫർണിച്ചർ, ഫോട്ടോസ്‌റ്റാറ്റ്‌ യന്ത്രം, മൈക്ക്‌ സെറ്റ്‌ എന്നിവ നൽകും. ജിഎച്ച്‌എസ്‌ വെണ്ണല, ജിജിഎച്ച്‌എസ്‌ എറണാകുളം, ജിജിഎച്ച്‌എസ്‌ മട്ടാഞ്ചേരി എന്നിവിടങ്ങളിൽ ഈ വർഷം ആധുനികലാബ്‌ നിർമിക്കും. പഠനത്തിൽ പിന്നാക്കമായ വിദ്യാർഥികൾക്ക്‌ പ്രത്യേക പരിശീലനം, സിവിൽ സർവീസ്‌ പരീക്ഷ പരിശീലനകേന്ദ്രം, വിവിധ വിദ്യാഭ്യാസ അവാർഡുകൾ എന്നിവയും ലക്ഷ്യമിടുന്നു. 

പൊതുജനാരോഗ്യത്തിന്‌ 
18 കോടി
പള്ളുരുത്തി, കച്ചേരിപ്പടി, ഫോർട്ട്‌ കൊച്ചി ആശുപത്രികളിൽ ആധുനിക ചികിത്സാ ഉപകരണങ്ങൾ. ഫോർട്ട്‌ കൊച്ചി താലൂക്കാശുപത്രിക്ക്‌ ലാബും സ്‌കാനിങ്‌ സംവിധാനവും. ട്രാൻസ്‌ജെൻഡേഴ്‌സ്‌ ക്ലിനിക്‌ സ്ഥാപിക്കാനും പദ്ധതി.

സന്തോഷ്‌ ട്രോഫി 
വിജയാഘോഷത്തിന്‌ 
25 ലക്ഷം
കേരളം ആദ്യമായി സന്തോഷ്‌ ട്രോഫി നേടിയതിന്റെ 50–-ാംവാർഷികം ഡിസംബർ 27 മുതൽ ഒരാഴ്‌ച ആഘോഷമാക്കും. മഹാരാജാസ്‌ മൈതാനത്തായിരുന്നു 1973ലെ വിജയമത്സരം അരങ്ങേറിയത്‌.

മാർക്കറ്റ്‌ നവീകരണത്തിന്‌ 50 കോടി
തേവര, കച്ചേരിപ്പടി മാർക്കറ്റുകളുടെ നവീകരണം ഈ വർഷം പൂർത്തിയാക്കും. എറണാകുളം മാർക്കറ്റ്‌ നിർമാണം പുരോഗമിക്കുന്നു.

പാർക്കുകൾക്ക്‌ 35 കോടി
ഫോർട്ട്‌ കൊച്ചി നെഹ്‌റു പാർക്ക്‌, വെളി മൈതാനം, സുഭാഷ്‌ പാർക്ക്‌, എം കെ അർജുനൻ മാസ്‌റ്റർ മൈതാനം, പള്ളുരുത്തി പാർക്ക്‌, വഞ്ചി സ്‌ക്വയർ എന്നിവയുടെ നവീകരണം ഈ വർഷം.

പുതിയ മന്ദിരത്തിന്‌ 
30 കോടി
മറൈൻഡ്രൈവിൽ നിർമിക്കുന്ന നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ പൂർത്തീകരണ ജോലികൾക്കാണ്‌ പണം.

സമൃദ്ധി @ പള്ളുരുത്തി
പത്ത്‌ രൂപയ്‌ക്ക്‌ ഉച്ചഭക്ഷണം നൽകുന്ന സമൃദ്ധി @ കൊച്ചിയുടെ രണ്ടാമത്തെ യൂണിറ്റ്‌ പള്ളുരുത്തിയിൽ തുറക്കും. അതിദരിദ്രകുടുംബങ്ങൾക്ക്‌ ഭക്ഷണം, വസ്‌ത്രം എന്നിവ നൽകാൻ ഒരുകോടി രൂപയും വകയിരുത്തി.

കുടുംബശ്രീ ഷോറൂം
കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഷോറൂം എറണാകുളം നോർത്തിലെ ഷീ ലോഡ്‌ജിന്റെ ഭാഗമായി തുറക്കും. കുടിവെള്ളപദ്ധികൾക്ക്‌ 60 കോടി, അങ്കണവാടികൾക്ക്‌ 10 കോടി, പട്ടികജാതി–-വർഗ ക്ഷേമപദ്ധതികൾക്ക്‌ 10 കോടി, ക്ഷീരവികസന പദ്ധതികൾക്ക്‌ രണ്ടുകോടി, മത്സ്യമേഖലയ്‌ക്ക്‌ ഒരുകോടി, ശ്‌മശാനങ്ങളുടെ നവീകരണത്തിന്‌ 50 ലക്ഷം, ഡിസൈൻ സിറ്റിക്ക്‌ 10 കോടി, ജി സ്‌മാരകം പൂർത്തിയാക്കുന്നതിന്‌ നാലുകോടി, തെരുവുവിളക്ക്‌ പരിപാലനത്തിന്‌ 15 കോടി,  ഭവനപദ്ധതികൾക്ക്‌ 14 കോടി എന്നിങ്ങനെയും വകയി
രുത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top