04 February Saturday

കലയുടെ മധുരത്തിൽ അലിയാൻ മൂത്തകുന്നം ; ജില്ലാ സ്കൂൾ കലോത്സവത്തിന്‌ നാളെ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022



പറവൂർ
മൂത്തകുന്നത്തിന്റെ മണ്ണിൽ കലയുടെ വിസ്‌മയക്കാഴ്ചകൾക്ക്‌ തിങ്കളാഴ്‌ച തുടക്കമാകും. മൂത്തകുന്നം എസ്എൻഎം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന 33–--ാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ എണ്ണായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. അഞ്ചുനാൾനീളുന്ന കലാമേളയിൽ 300 ഇനങ്ങൾ അരങ്ങേറും. സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും നടക്കും. ആലുവ ഉപജില്ലയിൽ നിന്നാണ് കൂടുതൽ വിദ്യാർഥികൾ, 596 പേർ. 366 കുട്ടികൾ പങ്കെടുക്കുന്ന കല്ലൂർക്കാട് ഉപജില്ലയിൽനിന്നാണ് ഏറ്റവുംകുറവ്‌ മത്സരാർഥികൾ.

വിദ്യാർഥികളും അധ്യാപകരും സംഘാടകരും ടീം മാനേജർമാരും ഉൾപ്പെടെ 11,114 പേരുണ്ടാകും. ഉച്ചയ്ക്കും രാത്രിയും എല്ലാവർക്കും ഭക്ഷണം നൽകും. രാവിലെയും വൈകിട്ടും ഒഫീഷ്യൽസിനുമാത്രമാണ്‌ ഭക്ഷണം. എസ്എൻഎം ഓഡിറ്റോറിയമാണ്‌ ഭക്ഷണശാല. പത്തുതരം വിഭവങ്ങളടക്കം പായസംകൂട്ടിയുള്ള സദ്യയാണ് ഉച്ചയ്ക്ക്‌ നൽകുക. പഴയിടം മോഹനൻനമ്പൂതിരിയുടേതാണ്‌ പാചകം. ദിവസവും മൂവായിരത്തോളം പേർക്ക് ഉച്ചഭക്ഷണം നൽകും.

ഞായർ പകൽ 11ന് മൂത്തകുന്നം എസ്എൻഎം ബിഎഡ് കോളേജിൽ രജിസ്ട്രേഷൻ ആരംഭിക്കും. തിങ്കൾ രാവിലെ 10ന് എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ പതാക ഉയർത്തും. ചൊവ്വ രാവിലെ എട്ടിന് എസ്എൻഎം എച്ച്‌എസ്‌എസിലെ എൻഎസ്എസ്, സ്കൗട്ട്സ്‌ ആൻഡ്‌ ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ എന്നിവർ അണിനിരക്കുന്ന ഘോഷയാത്ര നടക്കും. ഒമ്പതിന് മന്ത്രി പി രാജീവ് കലോത്സവം ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അധ്യക്ഷനാകും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും. 

ഡിസംബർ രണ്ടിന്‌ വൈകിട്ട് നാലിന് ബെന്നി ബഹനാൻ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ എസ് അനിൽകുമാർ, കൺവീനർ പി എം ഷൈനി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കെ എസ് സനീഷ്, സ്വീകരണ കമ്മിറ്റി ചെയർമാൻ ടി വി നിഥിൻ, ഫുഡ് കമ്മിറ്റി ചെയർമാൻ ഷാരോൺ പനയ്ക്കൽ, എഇഒ  സി എസ് ജയദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top