30 November Monday

അവശിഷ്‌ട യുഡിഎഫ് തീവ്രവർഗീയതയുടെ പടിപ്പുരയിൽ: പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ആലപ്പുഴ
നുണ ആയുധമാക്കിയ യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വിശ്വാസം നഷ്‌ടപ്പെട്ട സംഘമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുന്നപ്ര–-വയലാർ വാർഷിക വാരാചരണ സമാപനത്തിൽ അനുസ്‌മരണ പ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. തീവ്രവർഗീയ ശക്തികളുടെ പടിപ്പുരയിൽ കാത്തുകിടന്ന്‌ സഹായത്തിനായി യുഡിഎഫ്‌‌ കെഞ്ചുന്നു. ഒരു ഭാഗത്ത് സംഘപരിവാറിന്റെ  ബി ടീമാവുന്നു.  മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കുന്നു. എസ്ഡിപിഐയിലേക്ക് പാലം ഇടുന്നു.  

ആരുമായും കൈകോർത്ത് അധികാരം പിടിക്കാനുള്ള മനക്കോട്ടയിലാണ് അവശിഷ്‌ട യുഡിഎഫ്.   കേരള കോൺഗ്രസ്‌ എമ്മും എൽജെഡിയും  മുന്നണി വിട്ടു. കോൺഗ്രസ്‌–-ലീഗ് മാത്രമായി അത്‌. രോഗം നാട്ടിലാകെ പടരട്ടെയെന്ന് കരുതാനുള്ള ചിന്താവൈകൃതം മുന്നണിയുടെ സഹതാപാർഹമായ അവസ്ഥയാണ് കാണിക്കുന്നത്.

രാഹുൽ ഗാന്ധിയെ പോലും ഖണ്ഡിച്ച പ്രതിപക്ഷ നേതൃത്വം അട്ടിമറി പ്രവർത്തനങ്ങളാണ് നടത്തുന്നത്. യുഡിഎഫിനെ കരുവാക്കി  ലക്ഷ്യം നേടാമെന്നാണ് സംഘപരിവാർ കരുതുന്നത്. ബിജെപിയല്ല, സിപിഐ എമ്മാണ് ശത്രു എന്ന്‌ ലീഗിന്റെ പ്രമുഖ നേതാവ് പറഞ്ഞത്  ജനങ്ങളുടെ  ബോധത്തോടുള്ള വെല്ലുവിളിയാണ്. വർഗീയശക്തികളുടെ വിചിത്ര കൂട്ടുകെട്ടുകളെ  വടകര, ബേപ്പൂർ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ വലിച്ചെറിഞ്ഞതിന്റെ  പതിന്മടങ്ങായ ആഘാതമാണ്   യുഡിഎഫിനെ  കാത്തിരിക്കുന്നത്‌.

കേന്ദ്ര ഭരണക്കാർ ഭരണഘടനയുടെ സത്തയെതന്നെ വെല്ലുവിളക്കുന്നു.  പാർലമെന്റിനെപ്പോലും നോക്കുകുത്തിയാക്കുന്നു. പൗരത്വത്തിന്‌  മതം ഘടകമായി നിശ്‌ചയിക്കുന്ന അവസ്ഥ‌.  തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്നു.  പുതിയ ബില്ലിലൂടെ കാർഷിക മേഖലയെയും തകർക്കുന്നു. ഇന്ന്‌‌ കേരളം തല ഉയർത്തി നിൽക്കുന്ന  നേട്ടങ്ങൾക്ക്‌ അടിസ്ഥാനമായത് പുന്നപ്ര–-വയലാർ‌ അടക്കം ഉജ്വല സമരങ്ങളിലൂടെ പാകപ്പെട്ട വീക്ഷണവും ഇടപെടലുമാണ്. ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഊർജവും പുന്നപ്ര–-വയലാറിന്റെ സ്‌മരണ നൽകുന്നു  ‌–- പിണറായി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top