20 September Friday

ആന ക്ലാസ്‌ മാഡിസണിൽ, പ്രാക്ടിക്കൽ മണ്ണുത്തിയിൽ

സി എ പ്രേമചന്ദ്രൻUpdated: Saturday Jul 27, 2019


ആന ഗവേഷണവും പഠനവുമൊക്കെ അമേരിക്കയിലും ഉണ്ടെങ്കിലും ‘പ്രാക്ടിക്കൽ ക്ലാസ്’ വേണമെങ്കിൽ ഇങ്ങ്‌ കേരളത്തിൽ തന്നെ വരണം. വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി കോളേജിൽ വിദേശീയരായ ആന ഗവേഷകർക്കായി ആനപരിചരണ ക്ലാസുകൾ സംഘടിപ്പിച്ചു. അമേരിക്കയിലെ ജെയിംസ് മാഡിസൺ സർവകലാശാലയിലെ ജന്തുശാസ്ത്രഗവേഷണസംഘമാണ് പഠനത്തിനായി മണ്ണുത്തിയിലെത്തിയത്.

പഠന വിഷയമായ ഗജരാജാവിനെ ഇടയ്ക്ക്‌ ഒന്ന്‌ തൊട്ട്‌ നോക്കി കൈയെത്തുന്ന ദൂരത്ത്‌ നിന്ന്‌ പഠിക്കാൻ കഴിഞ്ഞുവെന്നതാണ്‌ ഈ സ്‌പെഷൽ ക്ലാസിന്റെ പ്രത്യേകത. ഏറെ ഇണക്കമുള്ള തിരുവാണിwക്കാവ് രാജഗോപാൽ എന്ന ആനയായിരുന്നു അതിഥി. ഗുരുവായൂർ ദേവസ്വം വക പുന്നത്തുർ ആനക്കോട്ടയിലെ ആനകളുടെ സുഖചികിത്സയും വിദേശീയർക്ക് മറക്കാൻ കഴിയാത്ത കാഴ്ചകളായി. അമേരിക്കയിൽ ആനകളെ തൊട്ടറിഞ്ഞുള്ള  പഠനരീതി സാധ്യമല്ല.  അവിടെ ആനകൾ മൃഗശാലയിലും സർക്കസുകളിലും മാത്രമാണുള്ളത്.  മലയാളികളും ജെയിംസ് മാഡിസൺ സർവകലാശാലയിലെ അസി. പ്രൊഫസർമാരുമായ ഡോ. ബി സി വേലായുധൻ, ഡോ. പ്രദീപ് വാസുദേവൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഗവേഷകസംഘം കേരളത്തിലെത്തിയത്.

വിനോദസഞ്ചാരത്തോടൊപ്പം ആനകളുൾപ്പെടെയുള്ള സസ്തനികളുമായി ബന്ധപ്പെട്ട പ്രത്യേക പഠനത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇതിന്റെ ഭാഗമായാണ് സംഘം വെറ്ററിനറി സർവകലാശാലയിലെത്തിയതെന്ന് സർവകലാശാലാ  നോഡൽ ഓഫീസർ ഡോ. റെജി പറഞ്ഞു.  ആനകളെക്കുറിച്ചും ആനപരിപാലനത്തെക്കുറിച്ചും അറിയാൻ ഇവർ താൽപ്പര്യം കാണിച്ചതോടെ മണ്ണുത്തി വെറ്ററിനറി കോളേജിലെ ആനപഠന കേന്ദ്രം പ്രോജക്ട് ഡയറക്ടർ ഡോ. ടി എസ് രാജീവിന്റെ നേതൃത്വത്തിൽ ക്ലാസ്‌ സംഘടിപ്പിക്കുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top