23 November Monday

കുടുംബവഴക്ക് രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ആര്‍എസ്എസ്സിനോട് 'ബിജെപി തങ്കപ്പന്‍'

വെബ് ഡെസ്‌ക്‌Updated: Wednesday Jul 27, 2016


കണ്ണൂര്‍ > കുടുംബവഴക്ക് രാഷ്ട്രീയവല്‍ക്കരിച്ച് നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍എസ്എസ് നേതൃത്വത്തോട് കേണപേക്ഷിച്ച് 'ബിജെപി തങ്കപ്പന്‍'. മകള്‍ രമ്യയെ മുന്നില്‍നിര്‍ത്തി ബിജെപി നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഇരയാണ് കാക്കയങ്ങാട് പാല അങ്ങാടിച്ചാലിലെ ഇ എന്‍ തങ്കപ്പന്‍. കാക്കയങ്ങാട്ട് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിന്ന് പ്രവര്‍ത്തിച്ചതിനാല്‍ നാട്ടുകാരിട്ട പേരാണ് 'ബിജെപി തങ്കപ്പന്‍'. ഇപ്പോഴും സജീവ ബിജെപിക്കാരനാണ് പത്താം വയസില്‍ ആര്‍എസ്എസ്സില്‍ ചേര്‍ന്ന തങ്കപ്പന്‍. ഇപ്പോള്‍ ആര്‍എസ്എസ് പ്രാദേശിക നേതൃത്വം നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തങ്കപ്പന്‍ തുറന്നടിച്ചു.

രാഷ്ട്രീയ വൈരത്തിന് ഇരയായെന്ന് ബിജെപി ദേശീയതലത്തില്‍ പ്രചരിപ്പിക്കുന്ന ഏഴു വയസ്സുകാരന്‍ കാര്‍ത്തിക് തങ്കപ്പന്റെ ചെറുമകനാണ്. മക്കളായ രമ്യയും മനുവും തമ്മിലുള്ള വാക്കുതര്‍ക്കവും കൈയാങ്കളിയുമാണ് രാഷ്ട്രീയത്തര്‍ക്കമായി ആര്‍എസ്എസ്സും ബിജെപിയും വളച്ചൊടിച്ചതെന്ന് തങ്കപ്പനും ഭാര്യ പി കെ ഗീതയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കുടുംബവഴക്ക് തങ്ങളുടെ നേട്ടത്തിനായി ആര്‍എസ്എസ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് തങ്കപ്പന്‍ പറഞ്ഞു. മകള്‍ രമ്യയെ കല്യാണം കഴിച്ചത് മട്ടന്നൂര്‍ ഉത്തിയൂരെ രാഹുലാണ്. രാഹുലിന്റെ വീടും സ്ഥലവും ബിജെപി ഓഫീസിന് നല്‍കി. മകളും മരുമകനും പിഞ്ചുകുഞ്ഞും വാടകയ്ക്ക് താമസിക്കുന്നതില്‍ വിഷമംതോന്നി സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നു. പിന്നീട് രമ്യയുടെ ആവശ്യപ്രകാരം വീടും മൂന്ന് സെന്റും ഇവര്‍ക്ക് ഇഷ്ടദാനം നല്‍കി. വീടും സ്ഥലവും കിട്ടിയതോടെ രമ്യ അമ്മ ഗീതയെയും സഹോദരന്‍ മനുവിനെയും ഇറക്കിവിട്ടു. ഗീത ഇപ്പോള്‍ അമ്മയ്ക്കൊപ്പവും മനു വാടകയ്ക്കുമാണ് താമസം. ഇഷ്ടദാനം മാറ്റി വീടും സ്ഥലവും തീറാധാരംചെയ്ത് നല്‍കണമെന്ന് മകളും ഭര്‍ത്താവും ആവശ്യപ്പെട്ടു. തയ്യാറാകാത്തതിനാല്‍ തന്നെ മര്‍ദിച്ചു. പരിക്കേറ്റ് ഇരിട്ടിയിലെ ആശുപത്രിയില്‍ ചികിത്സയും തേടി.

മര്‍ദിച്ചത് ചോദ്യംചെയ്യാന്‍ മനു ഇളയമ്മയുടെയും അമ്മാവന്റെയും മക്കള്‍ക്കൊപ്പം രമ്യയുടെ വീട്ടിലെത്തി. ഈസമയം രമ്യ മുറ്റത്തുണ്ടായിരുന്ന വിറകുകൊള്ളികൊണ്ട് മനുവിനെ ആക്രമിച്ചു. മനു ഒഴിഞ്ഞുമാറിയതിനാല്‍ അടികൊണ്ടത് ജനാലയില്‍. ചില്ല് തകര്‍ന്നുവീണ് സമീപത്തുണ്ടായിരുന്ന രമ്യയുടെ മകന്‍ കാര്‍ത്തികിന്റെ കൈ മുറിഞ്ഞു. ഈ സംഭവമാണ് സിപിഐ എം കുട്ടിയെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചത്. പേരാവൂരിലെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ പരിക്ക് സാരമില്ലെന്നുപറഞ്ഞ് വിട്ടു. പിന്നീട,് തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ കൊണ്ടുപോയി കൈക്ക് വലിയ ബാന്‍ഡേജ് ഇടുകയായിരുന്നു. ഇത് കാട്ടിയായിരുന്നു തുടര്‍ന്നുള്ള കള്ളപ്രചാരണമെല്ലാം. മനുവിനെയും മറ്റു രണ്ടുപേരെയും കള്ളക്കേസിലും കുടുക്കി. പൊലീസിന് നിജസ്ഥിതി ബോധ്യപ്പെട്ടിട്ടുണ്ട്. വീട് തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ആര്‍ഡിഒവിന്് പരാതി നല്‍കിയതിനു പിറ്റേന്നാളാണ് വീടാക്രമണകഥ ഇറങ്ങിയത്. ഇതിനിടെ, കിടക്ക കത്തിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കള്ളക്കഥയും പുറത്തിറക്കി. നാട്ടുകാര്‍ക്കും സത്യാവസ്ഥ അറിയാം. ബിജെപി പ്രാദേശിക നേതൃത്വമാണ് രമ്യയെ ഇളക്കിവിടുന്നതെന്നും തങ്കപ്പന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top