നെടുമ്പാശേരി
അങ്കമാലി മാഞ്ഞാലി തോടിന്റെ സമഗ്രവികസന പദ്ധതിക്കായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും കർഷകസംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. അങ്കമാലി മാഞ്ഞാലി തോട് മുസിരിസ് ജലപാത എന്നു പുനർനാമകരണം ചെയ്യപ്പെട്ടിരിക്കുകയാണ്. മാഞ്ഞാലി തോട് പായലും ചെളിയും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. അങ്കമാലി മാഞ്ഞാലി തോടിന്റെ സമഗ്രവികസനം സാധ്യമാകുന്നതോടെ ജലസമ്പത്തിന്റെ സംരക്ഷണം, പഴയ ജലപാതയുടെ വീണ്ടെടുപ്പ്, കൃഷി, ജലസേചനം, കുടിവെള്ളം, മീൻകൃഷി, ഇക്കോ ടൂറിസം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾ കൈവരിക്കാം. അതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമഗ്രമായ പദ്ധതിരേഖ തയ്യാറാക്കും. കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾക്കും വിവിധ സർക്കാർ ഏജൻസികൾക്കും പദ്ധതിരേഖ സമർപ്പിക്കും.
കാലവർഷം തുടങ്ങുന്നതിനുമുമ്പായി വെള്ളപ്പൊക്കസാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് അങ്കമാലി മാഞ്ഞാലി തോട്ടിൽ അടിയന്തരമായി നടത്തേണ്ട പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ ജില്ലാ ഭരണകേന്ദ്രത്തോടും ഇറിഗേഷൻവകുപ്പിനോടും ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻ സി എം വർഗീസ് അധ്യക്ഷനായിരുന്നു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ് വി ജയദേവൻ, പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, അഡ്വ. ഷബീർ അലി, ആനി കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണസമിതി അംഗങ്ങളായ കെ പി ജോർജ്, എ പി ജി നായർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..