12 July Sunday

5 കോടി നഷ്ടത്തിലായ കെഎസ്‌ഡിപി 7.13 കോടിയുടെ ലാഭത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


തിരുവനന്തപുരം
മരുന്ന് നിർമിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ് (കെഎസ്ഡിപി) 7.13 കോടിയുടെ റെക്കോഡ് ലാഭത്തിൽ. കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അവസാനവർഷം 4.98 കോടി നഷ്ടത്തിലോടിയിരുന്ന സ്ഥാപനമായിരുന്നു കെഎസ്ഡിപി.  66.25 കോടി രൂപയുടെ ഉൽപ്പാദനവും 53.76 കോടി രൂപയുടെ വിറ്റുവരവുമാണ്‌ ഈവർഷം കമ്പനിയിൽ. പോയവർഷം 2.75 കോടിയായിരുന്നു ലാഭം. ഇതാണ്‌ 2019–-20ൽ മൂന്നിരട്ടിയോളമായി വർധിച്ചത്‌. ഇപ്പോൾ ആന്റിബയോട്ടിക്കും ഇൻജക്‌ഷൻ മരുന്നുമാണ്‌ നിർമിക്കുന്നത്‌. ക്യാൻസർ മരുന്നു നിർമാണവും വിദേശത്തേക്ക് മരുന്ന് കയറ്റുമതിയും ഉടൻ ആരംഭിക്കും.

വ്യവസായ വകുപ്പ്‌ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് കെഎസ്ഡിപിയെ ലോകനിലവാരമുള്ള മരുന്ന് കമ്പനിയായി ഉയർത്തിയത്. രണ്ടുവർഷം മുമ്പ്‌ 10 കോടി ചെലവിൽ ബീറ്റാലാക്ടം ഇൻജക്‌ഷൻ പ്ലാന്റും കഴിഞ്ഞവർഷം 32.15 കോടി രൂപ ചെലവിൽ നോൺ ബീറ്റാലാക്ടം മരുന്നുനിർമണ പ്ലാന്റും കമീഷൻ ചെയ്തു. കുറഞ്ഞവിലയ്ക്ക് കുത്തിവയ്‌പിനുള്ള മരുന്നുകൾ ലഭ്യമാക്കാൻ ലാർജ് വോളിയം പാരൻഡ്രൽ (എൽവിപി), സ്‌മോൾ വോളിയം പാരൻഡ്രൽ (എസ്‌വിപി), ഒപ്താൽമിക് എന്നീ പ്ലാന്റുകൾ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

നാലു വർഷത്തിനിടെ കെഎസ്ഡിപി സ്വന്തമാക്കിയ നേട്ടങ്ങൾ
നോൺ ബീറ്റാലാക്ടം മരുന്നുനിർമാണത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
● സ്ഥാപനത്തിന്റെ ലാബിന് നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ്‌ ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻഎബിഎൽ) അംഗീകാരം
● ആറിനം മരുന്നിന്റെ കയറ്റുമതിക്ക്  അംഗീകാരം
● കോവിഡ്‌ പ്രതിരോധത്തിന്‌ ഏഴു ലക്ഷം ലിറ്റർ സാനിറ്റൈസർ നിർമിച്ചു. കോവിഡ് രോഗികൾക്ക്‌ ആവശ്യമായ വിവിധ മരുന്നിന്റെ ഉൽപ്പാദനം മൂന്നിരട്ടിയാക്കി
● ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് ഗുളിക ഉൽപ്പാദനം ഉടൻ ആരംഭിക്കും
● ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി ചേർന്ന് ആരോഗ്യമേഖലയിലെ ഉപകരണങ്ങളുടെ നിർമാണം
● അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുള്ള മരുന്നുകളുടെ ഉൽപ്പാദനത്തിന് ഓങ്കോളജി പാർക്ക് സ്ഥാപിക്കാനുള്ള നടപടി തുടങ്ങി

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top