കണ്ണൂർ
അധികാര ധാർഷ്ട്യത്തിന്റെ നിറതോക്കുകൾക്കുമുന്നിൽ നെഞ്ചുകാട്ടി രക്തസാക്ഷിത്വം വരിച്ച കൂത്തുപറമ്പ് പോരാളികൾക്ക് നാടിന്റെ സ്മരണാഞ്ജലി. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പോരാടി വീരമൃത്യു വരിച്ച കെ കെ രാജീവൻ, കെ മധു, ഷിബുലാൽ, സി ബാബു, കെ വി റോഷൻ എന്നിവരുടെ 27–-ാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്തെങ്ങും അനുസ്മരണം. കൂത്തുപറമ്പിലും രക്തസാക്ഷികളുടെ നാടുകളിലും പരിപാടിയുണ്ടായി.
കുത്തുപറമ്പിലെ അനുസ്മരണ റാലി ഡിവൈഎഫ്ഐ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനംചെയ്തു. രക്തസാക്ഷികൾ വെടിയേറ്റുവീണ സ്ഥലങ്ങളിൽനിന്ന് ബന്ധുക്കളും നേതാക്കളും അത്ലറ്റുകൾക്ക് ദീപശിഖ കൈമാറി. രക്തസാക്ഷി സ്തൂപത്തിൽ സംസ്ഥാന ജോ. സെക്രട്ടറി വി കെ സനോജ് പതാകയുയർത്തി.
രക്തസാക്ഷിത്വ സ്മരണപുതുക്കി ജില്ലയിൽ ആയിരങ്ങൾ അണിനിരന്ന യുവജനറാലികൾ. വ്യാഴം രാവിലെ രണ്ടായിരത്തഞ്ഞൂറിലധികം യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രവർത്തകർ പതാക ഉയർത്തി. വൈകിട്ട് കൂത്തുപറമ്പ് രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച് 20 ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച റാലിയിലും അനുസ്മരണസമ്മേളനത്തിലും യുവജനങ്ങൾ ഒത്തുകൂടി. കളമശേരിയിൽ അനുസ്മരണസമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കാലടിയിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ്, തൃപ്പൂണിത്തുറയിൽ സെക്രട്ടറി എ എ അൻഷാദ്, ആലങ്ങാട്ട് ജോൺ ഫെർണാണ്ടസ്, പള്ളുരുത്തിയിൽ പി ബി രതീഷ്, വൈപ്പിനിൽ സോളമൻ സിജു, പറവൂരിൽ എൽ ആദർശ്, വൈറ്റിലയിൽ സി ബി ദേവദർശനൻ, മുളന്തുരുത്തിയിൽ പി വാസുദേവൻ, എറണാകുളത്ത് കെ എസ് അരുൺകുമാർ, കൊച്ചിയിൽ കെ എം റിയാദ്, ആലുവയിൽ കെ എം അൻവർ അലി, നെടുമ്പാശേരിയിൽ ടി വി നിധിൻ, അങ്കമാലിയിൽ -പി കെ അബ്ദുൾ ഷുക്കൂർ, പെരുമ്പാവൂരിൽ ടി വി പ്രദീഷ്, കോതമംഗലത്ത് -നിതീഷ് നാരായണൻ, കവളങ്ങാട്ട് കെ പി റെജീഷ്, കോലഞ്ചേരിയിൽ കെ കെ ഏലിയാസ്, കൂത്താട്ടുകുളത്ത് പി ആർ രഘുനാഥ് എന്നിവർ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..