16 September Monday

കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകാത്ത്‌ അഞ്ച്‌ മണ്ഡലംകൂടി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019


സ്വന്തം ലേഖകൻ
കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകാത്ത്‌ അഞ്ച്‌ നിയമസഭാ മണ്ഡലംകൂടി. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പ‌ിൽ മത്സരിച്ച നാല‌് എംഎൽഎമാർ വിജയിച്ചതോടെ ഒഴിവുവന്ന വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം, പി ബി അബ്‌ദുൾ റസാഖ്‌ എംഎൽഎയുടെ നിര്യാണത്തോടെ ഒഴിവുവന്ന മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ്‌ ഇനി ഉപതെരഞ്ഞെടുപ്പ്‌ നടത്താനുള്ളത്‌.

പാലയ്ക്ക്‌ മുമ്പ്‌ ഒഴിവുവന്നത്‌ മഞ്ചേശ്വരം മണ്ഡലത്തിലാണ്‌. ലീഗ്‌ അംഗമായിരുന്ന പി ബി അബ്‌ദുൾ റസാഖിനെതിരെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ കേസ്‌ നൽകിയിരുന്നു. ഈ കേസ്‌ അടുത്ത്‌ തീർപ്പാകുകയും ചെയ്‌തു. എന്നാൽ, 42,000 രൂപ അടയ്‌ക്കണമെന്ന കോടതി ഉത്തരവ്‌ ഇതുവരെ കെ സുരേന്ദ്രൻ പാലിച്ചിട്ടില്ല. കേസിന്റെ ഭാഗമായി വിവി പാറ്റ്‌ മിഷൻ അടക്കമുള്ളവ കോടതിയിലേക്ക്‌ കൊണ്ടുവരികയും തിരിച്ചുകൊണ്ടുപോകുകയും ചെയ്തതിന്റെ ലോറി വാടകയാണ്‌ ഈ പണം. ഇക്കാരണത്താലാണ്‌ മഞ്ചേശ്വരത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാത്തത്‌. എന്നാൽ, മറ്റു നാല്‌ നിയോജക മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിന്‌ ഒരു തടസ്സവുമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ എംഎൽഎ സ്ഥാനം രാജിവച്ച്‌ മേയ്‌ അവസാനത്തോടെതന്നെ ചീഫ്‌ ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണയ്‌ക്ക്‌ കത്തുനൽകിയിരുന്നു. ഈ വിവരം ഔദ്യോഗികമായി മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറെ അറിയിച്ചതുമാണ്‌. എന്നാൽ,   ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കാൻ കേന്ദ്ര ഇലക്‌ഷൻ കമീഷൻ തയ്യാറായില്ല.


പ്രധാന വാർത്തകൾ
 Top