28 September Monday

14 പുതിയ ട്രെയിനുകൾക്ക് നിർദേശം

പി വിജയൻUpdated: Monday Jul 27, 2020

കോഴിക്കോട്‌
കേരളത്തിലും തമിഴ്‌നാട്ടിലും 14 പുതിയ ട്രെയിനുകൾക്ക്‌ നിർദേശം.  12 ട്രെയിനുകൾ നീട്ടാനും നിർദേശമുണ്ട്‌. ഇന്ത്യൻ റെയിൽവേ ടൈം ടേബിൾ കമ്മിറ്റി (ഐആർടിടിസി) യോഗത്തിനുമുന്നോടിയായാണ്‌ നിർദേശം.  2020–-21 ലെ സമയവിവരപ്പട്ടിക (ടൈംടേബിൾ) പ്രസിദ്ധീകരിക്കുന്നതിനുമുമ്പ്‌ പരിഗണിച്ചേക്കും.

ദക്ഷിണ റെയിൽവേക്കുകീഴിലെ ചെന്നൈ, മധുര, സേലം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, പാലക്കാട്‌ ഡിവിഷനുകളാണ്‌ ട്രെയിനുകളുടെ പട്ടിക തയ്യാറാക്കിയത്‌. ഐആർടിടിസിക്ക്‌ ദക്ഷിണ റെയിൽവേ അധികൃതർ നിർദേശങ്ങൾ  സമർപ്പിച്ചു. പാലക്കാട്‌ ഡിവിഷൻ രണ്ട്‌ പ്രതിദിന എക്‌സ്‌പ്രസ്‌ ട്രെയിനുകൾ നിർദേശിച്ചു. രാമേശ്വരം–- പാലക്കാട്‌, ദിണ്ടിഗൽ–- പാലക്കാട്‌ റൂട്ടുകളിൽ.

  തിരുവനന്തപുരം ഡിവിഷൻ രണ്ട്‌ പ്രതിവാര എക്‌സ്‌പ്രസ്‌ ട്രെയിനുകളാണുള്ളത്‌. കൊച്ചുവേളി–- കോയമ്പത്തൂർ അന്ത്യോദയ എക്‌സ്‌പ്രസും എറണാകുളം–- വേളാങ്കണ്ണി എക്‌സ്‌പ്രസും. പാലക്കാട്‌ ടൗൺ–- തിരുച്ചിറപ്പള്ളി പാസഞ്ചർ കാരക്കൽ–- രാമേശ്വരം പാസഞ്ചറുമായി ബന്ധിപ്പിക്കുക, മംഗളൂരു–- തിരുവനന്തപുരം എക്‌സ്‌പ്രസ്‌ നാഗർകോവിൽ വരെ നീട്ടുക, തിരുവനന്തപുരം–- നാഗർകോവിൽ പാസഞ്ചർ തിരുനെൽവേലി വരെ നീട്ടുക എന്നിവയാണ്‌ മറ്റു നിർദേശങ്ങൾ.

    സാധാരണ ജൂലൈ ഒന്നിനാണ്‌ റെയിൽവേ ടൈംടേബിൾ പ്രാബല്യത്തിൽ വരിക. കോവിഡും ലോക്‌ഡൗണും കാരണം ടൈംടേബിൾ കമ്മിറ്റി യോഗം ചേരാനായിട്ടില്ല. താമസിയാതെ യോഗം ചേർന്നേക്കും.  റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചാൽ ട്രെയിനുകൾ യാഥാർഥ്യമാകും. കോവിഡ്‌ സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം പൂർണതോതിലാവാത്ത സ്ഥിതിക്ക്‌ ബോർഡ്‌ അനുമതി ലഭിച്ചാലും നിർദേശം എന്ന്‌ നടപ്പാകുമെന്ന്‌ പറയാനാവില്ല‌.

നിർദേശിക്കപ്പെട്ട  പുതിയ ട്രെയിനുകൾ
ചെന്നൈ–- തിരുപ്പതി(പ്രതിദിന എക്‌സ്‌പ്രസ്)‌, താംബരം–- വിശാഖപട്ടണം(പ്രതിവാര എക്‌സ്‌പ്രസ്‌), തിരുനെൽവേലി–- കോയമ്പത്തൂർ(പ്രതിദിന എക്‌സ്‌പ്രസ്‌),  രാമേശ്വരം–- പാലക്കാട്‌(പ്രതിദിന എക്‌സ്‌പ്രസ്‌), ദിണ്ടിഗൽ–- പാലക്കാട്‌(പ്രതിദിന എക്‌സ്‌പ്രസ്‌), കോയമ്പത്തൂർ–- രാമേശ്വരം(രാത്രി എക്‌സ്‌പ്രസ്‌), കോയമ്പത്തൂർ–-ബംഗളൂരു(രാത്രി എക്‌സ്‌പ്രസ്‌), തിരുച്ചിറപ്പള്ളി–- ബംഗളൂരു(എക്‌സ്‌പ്രസ്‌), തിരുച്ചിറപ്പള്ളി–- ബയ്യപ്പനഹള്ളി(പ്രതിവാര എക്‌സ്‌പ്രസ്‌), താംബരം–- കാരൈക്കുടി(പ്രതിദിന എക്‌സ്‌പ്രസ്‌), തിരുച്ചിറപ്പള്ളി–- ലോകമാന്യതിലക്‌(പ്രതിവാര എക്‌സ്‌പ്രസ്‌), തിരുവാരൂർ–- കാരൈക്കുടി(പാസഞ്ചർ), കൊച്ചുവേളി–- കോയമ്പത്തൂർ(പ്രതിവാര അന്ത്യോദയ എക്‌സ്‌പ്രസ്‌), എറണാകുളം–- വേളാങ്കണ്ണി(പ്രതിവാര  എക്‌സ്‌പ്രസ്‌).

നീട്ടുന്ന ട്രെയിനുകൾ
ന്യൂജയ്‌പാൽഗുരി–- ചെന്നൈ എഗ്‌മോർ എക്‌സ്‌പ്രസ്‌ തിരുനൽവേലിവരെ, ജസിദിഹ്‌ ജങ്‌ഷൻ–- താംബരം എക്‌സ്‌പ്രസ്‌ മധുരവരെ, രാമേശ്വരം–- മധുര പാസഞ്ചർ കോയമ്പത്തൂർവരെ, ബികാനീർ–- മധുര എക്‌സ്‌പ്രസ്‌ തിരുനെൽവേലിവരെ, ബംഗളൂരു–- കോയമ്പത്തൂർ ഉദയ്‌ എക്‌സ്‌പ്രസ്‌ പാലക്കാട്‌ ടൗൺവരെ, പാലക്കാട്‌ ടൗൺ–- തിരുച്ചിറപ്പള്ളി പാസഞ്ചർ കാരയ്‌ക്കൽ–- രാമേശ്വരം പാസഞ്ചറുമായി ബന്ധിപ്പിക്കൽ, തിരുച്ചിറപ്പള്ളി–- തിരുപടിരിപുലിയൂർ ഡെമു പാസഞ്ചർ വെല്ലൂർവരെ, ചെന്നൈ ബീച്ച്‌–-വെല്ലൂർ മെമു പാസഞ്ചർ തിരുവണ്ണാമലവരെ, തിരുച്ചിറപ്പള്ളി–- തഞ്ചാവൂർ പാസഞ്ചർ തിരുവാരൂർവരെ, ശ്രീഗംഗാനഗർ–- തിരുച്ചിറപ്പള്ളി ഹംസഫർ എക്‌സ്‌പ്രസ്‌ മധുരവരെ,  മംഗളൂരു–-തിരുവനന്തപുരം എക്‌സ്‌പ്രസ്‌ നാഗർകോവിൽവരെ, തിരുവനന്തപുരം–- നാഗർകോവിൽ പാസഞ്ചർ തിരുനെൽവേലിവരെ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top