23 September Wednesday

" വൈറസ് ബാധിതനായെന്ന് കരുതി ഒട്ടും ഭയപ്പെടേണ്ട. ധൈര്യമായിരിക്കണം. ഒരാഴ്ചകൊണ്ട് അസുഖം ഭേദമാകും" ; സിറാജുദീൻ പറയുമ്പോൾ സങ്കടങ്ങൾ മായുന്നു

ടി വി സുരേഷ‌്Updated: Sunday Jul 26, 2020

മഞ്ചേരി
‘‘നമസ്‌കാരം... ഞാൻ സിറാജുദീൻ നടുത്തൊടിക. വൈറസ് ബാധിതനായെന്ന് കരുതി ഒട്ടും ഭയപ്പെടേണ്ട.  ധൈര്യമായിരിക്കണം. ഒരാഴ്ചകൊണ്ട് അസുഖം ഭേദമാകും. ഒരുമാസം മുമ്പ് ഞാനും കോവിഡ് ബാധിതനായിരുന്നു. പത്ത് ദിവസത്തിനുള്ളിൽ  മാറി. ഇപ്പോൾ പൂർണ ആരോഗ്യവാനാണ്‌’–- കോവിഡ്‌ ബാധിച്ചവരുടെ വാട്‌സാപ്പ്‌ കൂട്ടായ്‌മയിലേക്ക്‌ ഓരോ പുതിയ അംഗം എത്തുമ്പോഴും അഡ്മിനും പെരിന്തൽമണ്ണ ഫയർ ഡിഫൻസ് ഫോഴ്‌‌സ് അംഗവുമായ സിറാജുദീൻ അയക്കുന്ന സന്ദേശമാണിത്‌. രോഗികളും രോഗമുക്തി നേടിയവരും ഉൾപ്പെടെ അഞ്ച്‌ ഗ്രൂപ്പുകളിലായി 1100 പേരുണ്ട് ‘മലപ്പുറം ജില്ലാ കോവിഡ്- 19’ ഗ്രൂപ്പിൽ. അസുഖം മാറിയ 42 പേർ സിറാജുദീന്റെ ഇടപെടലിൽ  പ്ലാസ്‌മ തെറാപ്പിക്ക്‌ പ്ലാസ്‌മ നൽകുകയുംചെയ്‌തു.

ജോലിക്കിടെ ജൂൺ 13നാണ്‌‌ സിറാജുദീന്‌ രോഗം ബാധിച്ചത്‌. മഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ ഡോ. ഷിനാസ്ബാബുവിന്റെ  നിർദേശമനുസരിച്ചാണ്‌ വാട്‌സാപ്പ്‌ ഗ്രൂപ്പിന്റെ അഡ്‌മിനായത്‌. രോഗബാധിതർക്ക് ആത്മധൈര്യം പകരുകയാണ്‌ പ്രധാന ലക്ഷ്യം. ക്വാറന്റൈൻ, തുടർചികിത്സ വിവരങ്ങൾ  എന്നിവ പങ്കുവയ്‌ക്കുന്നുമുണ്ട്‌. മാനസിക സംഘർഷം കുറയ്ക്കാൻ അംഗങ്ങളുടെ കലാപ്രകടനങ്ങളും പതിവ്‌‌. എന്ത് സംശയമുണ്ടായാലും ഡോക്ടർമാർതന്നെ ഗ്രൂപ്പിലൂടെ മറുപടി നൽകും.

തന്നാലാവുംവിധം വൈറസ് ബാധിതരെ സാന്ത്വനിപ്പിക്കാനാകുന്നതിൽ സന്തോഷവാനാണ്‌ സിറാജുദീൻ. ‘‘സ്‌നേഹവും ആത്മാർഥതയുമെല്ലാം കണ്ടറിഞ്ഞത് ആശുപത്രിയിൽനിന്നാണ്. ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും കരുതൽ പറഞ്ഞറിയിക്കാനാകില്ല. തനിക്ക് ലഭിച്ച സുരക്ഷയും സ്‌നേഹവുമാണ് ഇപ്പോൾ മറ്റുള്ളവർക്ക് വാക്കുകളിലൂടെ നൽകുന്നത്‌’–- അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top