20 September Friday

മക്കളുടെ വിളിയെത്തി; ആശങ്ക മാറിയെന്ന്‌ കുടുംബങ്ങൾ

സ്വന്തം ലേഖകർUpdated: Friday Jul 26, 2019

ഡിജോ പാപ്പച്ചന്റെ മാതാപിതാക്കൾ



കളമശേരി/തൃപ്പൂണിത്തുറ
ഒരാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിൽ ബ്രിട്ടീഷ്‌ കപ്പലായ സ്റ്റെന ഇംപെരോയിൽനിന്ന്‌ കളമശേരി സ്വദേശി ഡിജോയും വീട്ടിലേക്ക്‌ വിളിച്ചു. താൻ സുരക്ഷിതനാണെന്നും ഉദ്യോഗസ്ഥർ നന്നായാണ്‌ പെരുമാറുന്നതെന്നും വ്യാഴാഴ്‌ച രാവിലെ പത്തോടെ മാതാപിതാക്കളെ വിളിച്ച ഡിജോ പറഞ്ഞു. തൃപ്പൂണിത്തുറ സ്വദേശിയും കപ്പലിലെ ചീഫ്‌ എൻജിനിയറുമായ സിജോ വി ഷേണായി ബുധനാഴ്‌ച വീട്ടുകാരെ വിളിച്ചിരുന്നു. മക്കളുടെ വിളിയിൽ ആശങ്കയൊഴിഞ്ഞെന്ന്‌ ഇരുകുടുംബവും വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ച അർധരാത്രിയോടെയാണ്‌ ഇറാൻ സേനാവിഭാഗമായ റെവലൂഷണറി ഗാർഡ് കപ്പൽ പിടിച്ചത്‌. ഇതോടെ കടുത്ത ആശങ്കയിലായെങ്കിലും മകന്റെ ശബ്ദം കേട്ടതോടെ ആശ്വാസമായെന്ന്‌ അച്ഛൻ പാപ്പച്ചൻ പറഞ്ഞു. മാതാപിതാക്കളോട്‌ ഡിജോ അഞ്ചു മിനിറ്റിലേറെ സംസാരിച്ചു. ഇറാൻ ഉദ്യോഗസ്ഥർ നൽകിയ വാർത്താവിനിമയ സംവിധാനം ഉപയോഗിച്ചാണ് വിളിച്ചത്. തിരിച്ചുവിളിക്കാനാകില്ല. കപ്പൽ നങ്കൂരമിട്ടിരിക്കുകയാണ്‌.  ഇതുവരെ പ്രയാസങ്ങളുണ്ടായിട്ടില്ല. എന്നാൽ, പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്നും ഡിജോ പറഞ്ഞതായി മാതാപിതാക്കൾ പറഞ്ഞു. മോചനത്തിനായി എല്ലാവരും ശ്രമിക്കുന്നതും ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ആശ്വസിപ്പിക്കാനെത്തുന്നതും ഉടനെ മോചനം സാധ്യമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ഡിജോയെ അറിയിച്ചുവെന്ന്‌ പാപ്പച്ചൻ പറഞ്ഞു. കേരള സ്റ്റേറ്റ് ടാങ്കർലോറി വർക്കേഴ്സ് യൂണിയൻ ഓഫീസ് ചുമതലക്കാരനായി പ്രവർത്തിക്കുന്ന പാപ്പച്ചൻ സംഭവമറിഞ്ഞശേഷം ജോലിക്ക് പോയിട്ടില്ല.

കപ്പലിലെ ചീഫ് എൻജിനിയറായ സിജോ ബുധനാഴ്‌ച രാവിലെയാണ്‌ വീട്ടിലേക്ക്‌ വിളിച്ചത്‌. സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇരുമ്പനത്തെ വീട്ടിൽ താമസിക്കുന്ന വീട്ടുകാരെ അറിയിച്ചിരുന്നു.


പ്രധാന വാർത്തകൾ
 Top