കൊച്ചി > കേരളത്തിന്റെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി കെഎംഎഫ്‌ആര്‍ നിയമം ഉടന്‍ ഭേദഗതി ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വിവിധ തലത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ നിയമ നിര്‍മ്മാണം നടത്തും. മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കും. കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കുന്ന മത്സ്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീരമൈത്രി സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്‌ത്രീകളുടെ നേതൃത്വത്തിലുള്ള സാഫ് ഗ്രൂപ്പുകള്‍ സജീവമായ പ്രവര്‍ത്തനമാണ് കാഴ്‌ചവെക്കുന്നത്. മികച്ച സംഘാടനം വഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. നാലു കോടിയാണ് ഒരു വര്‍ഷത്തെ സാഫ് ഗ്രൂപ്പുകളുടെ ടേണ്‍ഓവര്‍. മത്സ്യലഭ്യത ഉറപ്പാക്കി മാര്‍ക്കറ്റിംഗ് രംഗത്തും ശക്തമായ ഇടപെടാന്‍ സാഫിന് കഴിഞ്ഞാല്‍ ഗുണമേന്മയുള്ള മത്സ്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന സ്ഥിതി കൈവരിക്കാനാകും. ഫിഷറീസ് വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം ലഭിക്കാന്‍ സിഎംഎഫ്‌ആര്‍ഐയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളായ എല്ലാവരെയും ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ക്കെങ്കിലും അംഗത്വം ലഭിച്ചിട്ടില്ലെങ്കില്‍ ഉടന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഭര്‍ത്താവ് മത്സ്യത്തൊഴിലാളിയാണെങ്കില്‍ ഭാര്യയും സ്വാഭാവികമായി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്‍പ്പെടും. അലങ്കാര മത്സ്യമേഖലയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന കടുങ്ങല്ലൂരിലെ കാവില്‍ (കേരള അക്വാ വെഞ്ച്വേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ്) പുനസംഘടിപ്പിച്ചു. രണ്ടു കോടിയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്. സാഫ് പോലെ അലങ്കാര മത്സ്യരംഗത്ത് കാവില്‍ കടുങ്ങല്ലൂര്‍ യൂണിറ്റ് ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഓണം മേളകളിലും സാഫ് സജീവ സാന്നിധ്യമാകണമെന്നും കൂടുതല്‍ വിപണികള്‍ കണ്ടെത്തി വരുമാനം ലഭ്യമാക്കി വനിതകളുടെ സംഘടിത ശക്തിയായി സാഫ് മാറണം.ആക്ടിവിറ്റി ഗ്രൂപ്പുകളുടെ എണ്ണം വര്‍ധിപ്പിച്ച് മുന്നോട്ട് പോകണമെന്നും മന്ത്രി പറഞ്ഞു.
60 വയസിനു മേല്‍ പ്രായമുള്ള സാഫ് ആക്ടിവിറ്റ് ഗ്രൂപ്പ് അംഗങ്ങളെ മന്ത്രി പൊന്നാടയണിച്ച് ആദരിച്ചു. വിവിധ ആക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കുളള ധനസഹായ വിതരണവും തീരസേവന പദ്ധതി, സാങ്കേതികവിദ്യ വികസനം തുടങ്ങിയവയ്‌ക്കുള്ള ധനസഹായ വിതരണവും മന്ത്രി നിര്‍വഹിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..