08 August Saturday

മഹാമാരിയെ ചെറുക്കാൻ മൂന്നരലക്ഷം സന്നദ്ധപ്രവര്‍ത്തകര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ കരുത്ത്‌ പകരാൻ മൂന്നര ലക്ഷം വളന്റിയർമാർ. ജനങ്ങളുടെ ചികിത്സാ–- സാമൂഹ്യ ആവശ്യങ്ങൾ നിറവേറ്റാനും മാനസിക പിന്തുണ നൽകാനും സർക്കാർ സംവിധാനങ്ങൾക്കൊപ്പം രാപ്പകൽ പ്രവർത്തിക്കുകയാണ് ഇവർ. 26475 ആശാ വർക്കർമാർ, 270267 കുടുംബശ്രീ പ്രവർത്തകർ, 14200 സാന്ത്വന പരിചരണ സന്നദ്ധ പ്രവർത്തകർ, 33119 അങ്കണവാടി വർക്കർമാർ ഉൾപ്പെടെ 3,44,061 പേരാണ്‌ സന്നദ്ധ പ്രവർത്തനത്തിനായി രജിസ്‌റ്റർ ചെയ്ത്‌‌ പ്രവർത്തിക്കുന്നത്‌.

ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും  കൃത്യസമയം ചികിത്സ ലഭ്യമാക്കാൻ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ വിവരമറിയിക്കുന്നതും ഇവരാണ്. ലോക്‌‌ഡൗൺ കാരണം അത്യാവശ്യ മരുന്നുകൾക്കും അവശ്യസാധനങ്ങൾക്കും ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ ഭവന സന്ദർശനത്തിലൂടെ കണ്ടെത്തി സഹായം എത്തിക്കുന്നു. സഹായം ആവശ്യമായ 1,14,719 വയോധികരുടെ പട്ടിക തയ്യാറാക്കി‌. അഞ്ചുദിവസത്തിലൊരിക്കൽ ഈ വീടുകൾ സന്ദർശിച്ച്  ആരോഗ്യ സ്ഥിതി മനസ്സിലാക്കുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ അവർക്ക് ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി കുടുംബശ്രീ 2176 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, പൊലീസ്,  മറ്റ്‌ സംഘടനകൾ എന്നിവരടങ്ങിയ പ്രാദേശിക സമിതികൾ ഇവരുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. വീടുകളിൽ നിരീക്ഷണം കൃത്യമായി നടപ്പാക്കുന്നോ എന്ന്‌ പരിശോധിക്കാൻ പ്രത്യേക സംഘങ്ങളുണ്ട്‌. മാനസിക  പിന്തുണ ആവശ്യമുള്ളവർ, മാനസിക രോഗങ്ങൾക്ക്‌ ചികിത്സയിലുള്ളവർ എന്നിവർക്ക്‌ പ്രത്യേക ശ്രദ്ധയും നൽകുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top