07 April Tuesday

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ല പൂർണസജ്ജം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


കൊച്ചി
കോവിഡ്–-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലെ മെഡിക്കൽ സംവിധാനങ്ങൾ പൂർണസജ്ജമാണെന്ന് കലക്ടർ എസ് സുഹാസ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ഗവ. മെഡിക്കൽ കോളേജിനെ കോവിഡ് സെന്ററാക്കി മാറ്റിയിട്ടുണ്ട്. കോവിഡ് നിരീക്ഷണവും മറ്റും ഇവിടെയാണ്‌ നടക്കുന്നത്‌. മെഡിക്കൽ കോളേജിനോട് ചേർന്നുള്ള കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിലും കോവിഡ്–-19 പ്രതിരോധ പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്. ക്യാൻസർ സെന്ററിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക്‌ മാറ്റി.

മെഡിക്കൽ കോളേജിൽ ബാത്ത്‌റൂം സൗകര്യമുള്ള 30 റൂമുകൾ കോവിഡ്–-19 ആവശ്യങ്ങൾക്കായുണ്ട്. 20 ഐസിയു ബെഡുകളും 27 വെന്റിലേറ്ററുകളും  തയ്യാറാക്കി. ആകെ 680 ബെഡുകളാണ് കോവിഡ് പ്രതിരോധത്തിനായി മാറ്റിവച്ചിട്ടുള്ളത്. ഇതു കൂടാതെ ആലുവ ജില്ലാ ആശുപത്രിയിലും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമായി 1280 ബെഡുകളുണ്ട്‌. 104 ബാത്ത് റൂം സൗകര്യമുള്ള മുറികളും 79 ഐസിയു ബെഡുകളും 12 വെന്റിലേറ്ററുകളും ഈ രണ്ട് ആശുപത്രികളിലായി ക്രമീകരിച്ചു.
390 വെന്റിലേറ്ററുകളാണ് സ്വകാര്യ ആശുപത്രികളിൽ മുൻകരുതലായി തയ്യാറാക്കിയിട്ടുള്ളത്. 1340 ഐസിയു ബെഡുകളും 272 വാർഡുകളുമുണ്ട്. ബാത്ത്‌റൂം സൗകര്യത്തോടുകൂടിയ 4498 റൂമുകൾ വേറെയും. ആശുപത്രി സൗകര്യം കൂടുതലായി വേണ്ടിവന്നാൽ ഉപയോഗിക്കാൻ 76 സെന്ററുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തി. ഇവിടങ്ങളിൽ ഉപയോഗപ്രദമായ 2183 മുറികളാണുള്ളത്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരുമായി കലക്ടര്‍  വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ആവശ്യക്കാര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാനായി കമ്യൂണിറ്റി കിച്ചനുകള്‍, അതിഥി തൊഴിലാളികളുടെ സുരക്ഷയും ഭക്ഷണസൗകര്യങ്ങളും താമസവും എന്നിവ നടപ്പാക്കാന്‍  നിര്‍ദേശം നല്‍കി. ഭക്ഷണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എത്തിച്ചുനല്‍കാൻ ഓരോ വാര്‍ഡിലും ചുമതലപ്പെട്ട ആളിന്റെ നമ്പര്‍ പ്രസിദ്ധീകരിക്കണമെന്നും  കലക്ടര്‍ നിര്‍ദേശം നല്‍കി.


പ്രധാന വാർത്തകൾ
 Top