07 April Tuesday

ടിക്കറ്റിന് 2394 രൂപ, തിരിച്ചു നല്‍കിയത് വെറും 200; ക്യാന്‍സല്‍ ചെയ്യുന്നവരെ കുത്തിക്കവര്‍ന്ന് വിമാനക്കമ്പനികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കൊച്ചി > കോവിഡ്‌–-19 പ്രതിരോധത്തിന്റെ ഭാഗമായി നിർത്തലാക്കിയ ആഭ്യന്തര വിമാന സർവീസുകളിൽ റിസർവ്‌ ചെയ്‌ത ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ വിമാനക്കമ്പനികൾ വൻതുക ഈടാക്കുന്നതായി വ്യാപക പരാതി. രാജ്യമാകെ ലോക്ക്‌ഡൗൺ നടപ്പായതിനെ തുടർന്നാണ്‌ ആഭ്യന്തര വിമാന സർവീസുകൾ ഉൾപ്പെടെ നിലച്ചത്‌. എന്നിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ അടിയന്തര സാഹചര്യത്തിൽ തിരിച്ചുപോരാൻ വിമാന ടിക്കറ്റെടുത്തവരെ ഊറ്റുകയാണ്‌ സ്വകാര്യ വിമാനക്കമ്പനികൾ.

ബംഗളൂരുവിൽനിന്ന്‌ കൊച്ചിയിലേക്ക്‌ ഗോ എയർ വിമാനത്തിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തയാൾ ടിക്കറ്റ്‌ റദ്ദാക്കിയപ്പോൾ ടിക്കറ്റ്‌ നിരക്ക്‌ ഏതാണ്ട്‌ മുഴുവനായും ക്യാൻസലേഷൻ ഇനത്തിൽ വാങ്ങി. ഏപ്രിൽ എട്ടിന്‌ തിരിക്കേണ്ട വിമാനത്തിൽ 2394 രൂപയാണ്‌ ടിക്കറ്റിന്‌ ഈടാക്കിയത്‌. ലോക്ക്‌ഡൗണിനെ തുടർന്ന്‌ ബുധനാഴ്‌ച ടിക്കറ്റ്‌ റദ്ദാക്കിയപ്പോൾ ക്യാൻസലേഷൻ ഇനത്തിൽ 1909 രൂപ പിടിച്ചു. മറ്റു ചാർജുകളും ഈടാക്കിയശേഷം തിരികെ നൽകിയത്‌ 200 രൂപ മാത്രം. വേണമെങ്കിൽ മറ്റൊരു തീയതിയിലേക്ക്‌ യാത്ര മാറ്റാമെന്നാണ്‌ വിമാനക്കമ്പനിയുടെ വാഗ്‌ദാനം. ഇതിന്‌ കൂടുതൽ തുക നൽകേണ്ട. ടിക്കറ്റ്‌ റദ്ദാക്കിയാൽ ടിക്കറ്റ്‌ നിരക്കും മറ്റു ചാർജുകളും ഉൾപ്പെടെ പിടിക്കുമെന്നും കമ്പനി പറയുന്നു. മറ്റൊരു തീയതിയിലേക്ക്‌ സൗജന്യമായി ടിക്കറ്റ്‌ മാറ്റാമെന്നു പറയുമ്പോൾ മൂന്നാഴ്‌ചത്തെ ലോക്ക്‌ഡൗൺ കഴിഞ്ഞുള്ള തീയതിയാണ്‌ വിമാനക്കമ്പനികൾ ഉദ്ദേശിക്കുന്നത്‌. ഇപ്പോഴത്തെ സാഹചര്യത്തിൽ 21 ദിവസത്തിനുശേഷവും യാത്ര ചെയ്യാനാകുമോയെന്ന്‌ ഉറപ്പില്ല. 

കർണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ള വിദ്യാർഥികളടക്കം ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌ത ഒട്ടേറെപ്പേർ വിമാന സർവീസ്‌ നിർത്തിയ സാഹചര്യത്തിലാണ്‌ ടിക്കറ്റ്‌ ക്യാൻസൽ ചെയ്‌തത്‌. അസാധാരണ സാഹചര്യത്തിൽ നിവൃത്തിയില്ലാതെ യാത്ര റദ്ദാക്കേണ്ടിവന്നവരെയാണ്‌,  സാധാരണ ടിക്കറ്റ്‌ ക്യാൻസലേഷന്‌ ചെയ്യാറുള്ളതുപോലെ പണം ഈടാക്കി  വിമാനക്കമ്പനികൾ പിഴിയുന്നത്‌.


പ്രധാന വാർത്തകൾ
 Top