31 March Tuesday

കുട്ടനാട്‌ സീറ്റിനായി കോൺഗ്രസ്‌; ജോസിനെ അവഗണിക്കും ; സ്ഥാനാർഥിയെ യുഡിഎഫ്‌ തീരുമാനിക്കുമെന്ന്‌ ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020


സ്വന്തം ലേഖകൻ
കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ചേരിപ്പോര്‌ രൂക്ഷമായി തുടരുന്നതിനിടെ ചേർന്ന യുഡിഎഫ്‌ നേതൃയോഗം തർക്കവിഷയങ്ങൾ ചർച്ച ചെയ്‌തില്ല. കുട്ടനാട്‌ സീറ്റ്‌ ആർക്കാണെന്ന കാര്യത്തിൽ തീരുമാനം വേണമെന്ന്‌ പി ജെ ജോസഫ്‌ ആവശ്യപ്പെട്ടെങ്കിലും സീറ്റ്‌ കോൺഗ്രസ്‌ ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ ജോസഫ്‌ വിഭാഗവുമായി ധാരണയായെന്നാണ്‌ സൂചന. സീറ്റിനുവേണ്ടിയുള്ള ജോസ്‌ കെ മാണിയുടെ അവകാശം അവഗണിക്കും.

കുട്ടനാട്‌ തങ്ങൾക്ക്‌ അർഹതപ്പെട്ടതാണെന്നും വെറുതെ തർക്കിക്കാൻ ആരെയും അനുവദിക്കരുതെന്നും പി ജെ ജൊസഫ്‌ നേതൃയോഗത്തിൽ പറഞ്ഞത്‌ ഇതിന്റെ സൂചനയാണ്‌. ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ 29ന്‌ കൊച്ചിയിൽ ഉഭയകക്ഷി ചർച്ച നടത്താമെന്ന്‌ രമേശ്‌ ചെന്നിത്തല അറിയിച്ചു. പാലായിലെ തോൽവി കുട്ടനാട്ട്‌ ആവർത്തിക്കാതിരിക്കാൻ തർക്കം മാറ്റിവയ്‌ക്കണമെന്ന്‌ കൺവീനർ ബെന്നി ബഹനാനും പറഞ്ഞു. കുട്ടനാട്‌ കോൺഗ്രസ്‌ ഏറ്റെടുത്താൽ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ മറ്റൊരു സീറ്റ്‌ നൽകിയേക്കും. 

കോൺഗ്രസിലെ തർക്കം തങ്ങൾ പരിഹരിച്ചുകൊള്ളാമെന്ന്‌ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പാർടിയിലെ പിളർപ്പ്‌ യുഡിഎഫ്‌ യോഗത്തിൽ ഉന്നയിക്കാനുള്ള അനൂപ്‌ ജേക്കബ്ബിന്റെ ശ്രമവും വിഫലമായി.

സ്ഥാനാർഥിയെ യുഡിഎഫ്‌ തീരുമാനിക്കും: ചെന്നിത്തല
കുട്ടനാട്‌ ഉപതെരഞ്ഞെടുപ്പിൽ സീറ്റ്‌ കേരള കോൺഗ്രസിനാണെങ്കിലും സ്ഥാനാർഥിയെ യുഡിഎഫ്‌ തീരുമാനിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചർച്ച നടത്തുമെന്നും യുഡിഎഫ്‌ നേതൃയോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു. ഏതു വിഭാഗം കേരള കോൺഗ്രസിനായിരിക്കും സീറ്റ്‌ നൽകുകയെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടായില്ല. ഇതടക്കം പ്രശ്‌നങ്ങളിൽ ഉഭയകക്ഷി ചർച്ചയ്‌ക്ക്‌ തീയതി അറിയിക്കാൻ ഘടക കക്ഷികളോട്‌ ആവശ്യപ്പെട്ടതായും ചെന്നിത്തല പറഞ്ഞു. 

സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ എപ്രിൽ രണ്ടിന് സെക്രട്ടറിയറ്റ്‌ വളയാൻ തീരുമാനിച്ചു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ചർച്ച ചെയ്‌തതായും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം തുടരാൻ ധാരണയായതായും ചെന്നിത്തല പറഞ്ഞു. യോഗത്തോടെ യുഡിഎഫിലെ എല്ലാ പ്രശ്‌നവും അവസാനിച്ചെന്ന്‌ മുസ്ലിംലീഗ്‌ നേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.


പ്രധാന വാർത്തകൾ
 Top