03 March Wednesday

ജില്ലയിലും ഇന്ന്‌ ട്രാക്ടർ ഇരമ്പും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 26, 2021

കർഷകസമരം കേരള കര്‍ഷകസംഘം ജില്ലാ എക്സിക്യൂട്ടീവ്‌ അം​ഗം വി ജി സുധികുമാര്‍ ഉദ്‌ഘാടനം ചെയ്യുന്നു


കൊച്ചി
രാജ്യത്ത്‌ നടപ്പാക്കിയ കാർഷികനിയമം പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ റിപ്പബ്ലിക്‌ ദിനത്തിൽ സമാന്തര കർഷക പരേഡുമായി കർഷകർ. ജില്ലയിൽ കർഷകസംഘം, കെഎസ്‌കെടിയു, സിഐടിയു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പരേഡ് നടക്കും. ട്രാക്ടർ, കലപ്പ, മറ്റ്‌‌ കാർഷിക ഉപകരണങ്ങൾ, കർഷകവേഷം, കാർഷിക ഉൽപ്പന്നങ്ങൾ അടക്കം പ്രദർശിപ്പിച്ചാണ്‌ കർഷകർ പരേഡിൽ അണിനിരക്കുക. വർഗ ബഹുജന സംഘടനകളെ ഉൾപ്പെടുത്തി വിപുലമായ ബഹുജന പരിപാടിയായി കർഷക പരേഡ് മാറും.

എറണാകുളത്ത് രാവിലെ 10ന്‌  ഹൈക്കോടതിക്കവലയിൽനിന്ന്‌ മേനകയിലേക്ക് നടക്കുന്ന പരേഡ്‌ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. മറ്റു കേന്ദ്രങ്ങളിൽ പകൽ മൂന്നിനാണ്‌ പരേഡ് നടക്കുക‌. പാലാരിവട്ടത്ത് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ, തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്‌ഷനിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ, മൂവാറ്റുപുഴയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് പി ആർ മുരളീധരൻ, കോതമംഗലം ടൗണിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ വി ഏലിയാസ് കോലഞ്ചേരി ടൗണിൽ കെഎസ്‌‌കെടിയു ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ, നെടുമ്പാശേരിയിൽ ജില്ലാ പ്രസിഡന്റ് എം കെ മോഹനൻ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മുഴുവൻ കർഷകരും ബഹുജനങ്ങളും പരേഡിൽ അണിചേരണമെന്ന് സംയുക്ത കർഷകസമിതി ഭാരവാഹികൾ അഭ്യർഥിച്ചു.

യുവാക്കളും വിദ്യാർഥികളും അണിചേരും
റിപ്പബ്ലിക് ദിനത്തിലെ കർഷകർ നടത്തുന്ന സമാന്തര പരേഡിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ, എസ്‌എഫ്‌ഐ പ്രവർത്തകരും അണിനിരക്കും. കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം യുവജനങ്ങളും വിദ്യാർഥികളും ഉൾപ്പെടെ പരേഡിൽ അണിനിരന്ന് കർഷകസമരത്തിന്റെ ഭാഗമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top