ആലപ്പുഴ > വൈവിധ്യമുള്ള ഇതിവൃത്തങ്ങളും അവതരണവുമായി എഴുപതുകളിലും എണ്‍പതുകളിലും കാഴ്ചയുടെ വിസ്മയങ്ങള്‍ തീര്‍ത്ത് വഴിമാറി നടന്ന സംവിധായകന് കെ ജി ജോര്‍ജിനെപ്പറ്റിയുള്ള ഡോക്യുമെന്ററി ഗോവ ചലച്ചിത്രോല്‍സവത്തില്‍. ' 81/2 ഇന്റര്‍ കട്ട്്സ്: ലൈഫ് ആന്റ് ഫിലിംസ് ഓഫ് കെ ജി ജോര്‍ജ്' ആലപ്പുഴ കലവൂര്‍ സ്വദേശിയും സിനിമാ സംവിധായകനുമായ ലിജിന്‍ ജോസാണ് സംവിധാനം ചെയ്തത്.
കെ ജി ജോര്‍ജിന് ഫെല്ലിനിയുടെ സിനിമകളോടെന്ന പോലെ ലിജിന്‍ ജോസിന് കെ ജി ജോര്‍ജിന്റെ സിനിമകളോടുള്ള ഇഷ്ടമാണ് ഡോക്യൂമെന്ററിക്ക് പ്രചോദനം. കെ ജി ജോര്‍ജിന്റെ തന്നെ തുറന്നുപറച്ചിലും കൂടെ പ്രവര്‍ത്തിച്ചവരുടെ അഭിമുഖവും ഉള്‍പ്പെടുന്നതാണ് ഒന്നര മണിക്കൂറിന്റെ ഡോക്യുമെന്ററിയെന്ന് ലിജിന്‍ ജോസ് പറഞ്ഞു. ആദ്യചിത്രമായ സ്വപ്നാടനം, മമ്മൂട്ടിയെ നടനാക്കിയ മേള, ഗോപിയുടെ അനശ്വര അഭിനയ മുഹൂര്‍ത്തങ്ങള്‍ പതിഞ്ഞ യവനിക, സ്ത്രീപക്ഷ സിനിമകളായി വാഴ്ത്തപ്പെട്ട ആദാമിന്റെ വാരിയെല്ല്, ഇരകള്‍, സിനിമയ്ക്കുള്ളിലെ സിനിമ ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, മറ്റൊരാള്‍, എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യമായ പഞ്ചവടിപ്പാലം എന്നിവ ഡോക്യുമെന്ററിയില്‍ വിശകലനം ചെയ്യുന്നു.
നാലു വര്‍ഷം കൊണ്ട് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ബാലു മഹേന്ദ്ര, രാമചന്ദ്രബാബു, ഷാജി എന്‍ കരുണ്‍, അടൂര്‍ ഗോപാലകൃഷ്ണന്, ഗിരീഷ് കര്‍ണ്ണാട്, മമ്മൂട്ടി, മേനക, ജലജ, ഇന്നസെന്റ് തുടങ്ങിയവരും പുതുതലമുറയിലെ ഫഹദ് ഫാസില്‍, ഗീതു മോഹന്‍ദാസ്, ബി ഉണ്ണികൃഷ്ണന് തുടങ്ങിയവരും ജോര്‍ജിനെ വിലയിരുത്തുന്നു. ഗായിക കൂടിയായ ഭാര്യ സെല്‍മ ചെന്നൈയില്‍ ജോര്‍ജിനെ കണ്ടുമുട്ടിയതും അതിനുശേഷമുള്ള ജീവിതവും ഒരുമിച്ചിരുന്ന് വിവരിക്കുന്നു. പക്ഷാഘാതത്തിന്റെ അവശതയില്‍ കഴിയുമ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ തന്റെ നിലപാടുകള്‍ ആവര്‍ത്തിക്കുന്നു മലയാളസിനിമയിലെ മാറ്റര്‍ ക്രഫ്റ്റ്സ്മാന്‍.
ജോര്‍ജിന്റെ സിനിമകളെപ്പറ്റി സാഹിത്യകാരിയായ ഷാഹിന പിഎച്ച്ഡി ചെയ്തതിന്റെ ഗവേഷണരേഖകള്‍ കാണാനിടയായതാണ് ഡോക്യുമെന്ററിയിലേക്ക് നയിച്ചതെന്ന് ലിജിന്‍ പറഞ്ഞു. ഷിബു ജി സുശീലനാണ് ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവ്.ശ്രദ്ദേയമായ ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകളുടെ സംവിധായകനാണ് ലിജിന്‍ ജോസ്.