16 November Saturday

പാലാ നിയമസഭാ മണ്ഡലം : ചോരുന്ന തട്ടകം

സിബി ജോർജ‌്Updated: Monday Aug 26, 2019


2001ലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പാലാ മണ്ഡലത്തിലെവോട്ടുചോർച്ച കേരള കോൺഗ്രസ്‌ എമ്മിന്റെ ഉറക്കം കെടുത്തുന്നു. 2001ൽ എൻസിപിയിലെ ഉഴവൂർ വിജയനെ 22,301 വോട്ടിന്‌ പരാജയപ്പെടുത്തിയെങ്കിലും 2006ൽ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു; 7753 വോട്ട്‌. 2011ൽ ഭൂരിപക്ഷം 5259ലേക്ക്‌ എത്തി.  കെ എം മാണി അവസാനം മത്സരിച്ച 2016ൽ അത്‌ 4703ലേക്ക്‌ കൂപ്പുകുത്തി. മൂന്ന്‌ തവണയും മാണി സി കാപ്പൻ (എൻസിപി) ആയിരുന്നു എതിരാളി.

1965ൽ ആണ്‌ പാലാ നിയമസഭാ മണ്ഡലം രൂപീകരിച്ചത്‌. നേരത്തെ അകലക്കുന്നം മണ്ഡലത്തിനൊപ്പമായിരുന്നു പാലാ നഗരമുൾപ്പെടെയുള്ള പ്രദേശം. 2011ലെ മണ്ഡല പുനർവിഭജനത്തിനുശേഷം പാലായുടെ ഭാഗമായിരുന്ന കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകൾ കടുത്തുരുത്തിയിലേക്ക് ചേർത്തു. പൂഞ്ഞാറിലുണ്ടായിരുന്ന തലപ്പലം, മൂന്നിലവ്, തലനാട്, മേലുകാവ്, കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളും കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ എലിക്കുളവും പാലായുടെ ഭാഗമായി. നിലവില്‍ പാലാ നഗരസഭ കൂടാതെ, ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം പഞ്ചായത്തുകൾ ചേർന്നതാണ് മണ്ഡലം. 2016ലെ തെരഞ്ഞെടുപ്പിൽ 1,79,829 വോട്ടർമാർ ഉണ്ടായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ അത്‌ 1,74,015 ആയി കുറഞ്ഞു.

1977ലെ തെരഞ്ഞെടുപ്പ്‌ വരെ കോൺഗ്രസ്‌ നേതൃത്വംകൊടുത്ത ഐക്യമുന്നണിയും കെ എം മാണിക്കെതിരെ മത്സരിച്ചതിനാൽ ത്രികോണമത്സരത്തിനാണ്‌ പാലാ സാക്ഷ്യം വഹിച്ചത്‌.   കമ്യൂണിസ്‌റ്റ്‌ പാർടി സ്ഥാനാർഥിയായ അഡ്വ. വി ടി തോമസും ഐക്യമുന്നണിയുടെ ഏലിക്കുട്ടി തോമസുമായിരുന്നു 65ലെ ആദ്യ തെരഞ്ഞെടുപ്പിൽ എതിരാളികൾ. 9585 വോട്ടിനായിരുന്നു മാണിയുടെ ജയം.  അഡ്വ. വി ടി തോമസും ഐക്യമുന്നണി സ്ഥാനാർഥി എം എം ജേക്കബും മത്സരിച്ച  67ൽ ഭൂരിപക്ഷം 2711 ആയി. 70ലെ തെരഞ്ഞെടുപ്പിൽ 364 വോട്ടായിരുന്നു  ഭൂരിപക്ഷം. 1980ൽ കെ എം മാണി എൽഡിഎഫിന്റെ ഭാഗമായിട്ടാണ്‌ മത്സരിച്ചത്‌. ഭൂരിപക്ഷം 4566. 82ൽ എൽഡിഎഫ്‌ സ്വതന്ത്രൻ ജെ എ ചാക്കോയോട്‌ മത്സരിച്ച മാണി 12,619 വോട്ടിന്‌ ജയിച്ചു. 87ൽ കോൺഗ്രസ്‌ എസിലെ കെ എസ്‌ സെബാസ്‌റ്റ്യനും 91ൽ എൽഡിഎഫ്‌ സ്വതന്ത്രൻ ജോർജ്‌ സി കാപ്പനും എതിരാളികളായി.  മാണിക്ക്‌ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നൽകിയത്‌ 96ലാണ്‌  23,780 വോട്ട്‌. സി കെ ജീവനായിരുന്നു എൽഡിഎഫ്‌ സ്ഥാനാർഥി. 2006 മുതൽ ബിജെപിയും മത്സരരംഗത്തുണ്ട്‌.


പ്രധാന വാർത്തകൾ
 Top