തിരുവനന്തപുരം > മത്സ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളെയും തീരദേശ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുമുള്ള 2017ലെ കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണ ബില്‍ നിയമസഭ പാസാക്കി. ചെറിയ കണ്ണികളുള്ള വലകള്‍ ഉപയോഗിച്ച് കടലില്‍ നടത്തുന്ന മത്സ്യബന്ധനം മത്സ്യസമ്പത്തിന് ഭീഷണിയാകുന്ന സാഹചര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും മത്സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. എല്ലാ മത്സ്യബന്ധന വലനിര്‍മാണ വ്യാപാരികളെയും ബോട്ടുനിര്‍മാണ യൂണിറ്റുകളെയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഫിഷറീസ്മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ബില്‍ അവതരിപ്പിച്ചത്.
മത്സ്യബന്ധനബോട്ടുകള്‍ നിര്‍മിക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുന്ന ബോട്ടുനിര്‍മാണ യാര്‍ഡുകളും വലനിര്‍മാണ യൂണിറ്റുകളും നിര്‍ബന്ധമായും ഫിഷറീസ്വകുപ്പിനുകീഴില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളില്‍ നിര്‍മിക്കുന്ന യാനങ്ങള്‍മാത്രമേ മീന്‍പിടിത്തത്തിന് ഉപയോഗിക്കാവൂ. ഇത്തരം ബോട്ടുകളുടെ ഫിറ്റ്നസ് സംബന്ധിച്ച് യാര്‍ഡ് ഉടമകള്‍ സാക്ഷ്യപത്രം നല്‍കണം. ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ യൂണിറ്റുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബില്‍ അധികാരം നല്‍കുന്നുണ്ട്. അഞ്ചുവര്‍ഷം കൂടുംതോറും വലനിര്‍മാണ യൂണിറ്റുകളും ബോട്ട് യാര്‍ഡുകളും രജിസ്ട്രേഷന്‍ പുതുക്കണം. വ്യവസായവകുപ്പിനുകീഴില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ മറ്റെവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതോ ആയ സംസ്ഥാനത്തെ എല്ലാ മത്സ്യബന്ധന വലനിര്‍മാണ യൂണിറ്റുകളും മൂന്നുമാസ കാലയളവിനുള്ളില്‍ മത്സ്യബന്ധനവകുപ്പില്‍നിന്ന് എന്‍ഒസി വാങ്ങണം. മത്സ്യബന്ധന സാമഗ്രികളുടെ ഗുണമേന്മയും വലക്കണ്ണികളുടെ അളവുസംബന്ധിച്ച നിയന്ത്രണങ്ങളും പാലിക്കേണ്ടതാണ്. രജിസ്ട്രേഷനില്ലാത്ത യൂണിറ്റുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
സമുദ്രമത്സ്യബന്ധനത്തിന്റെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി വില്ലേജ്, ജില്ല, സംസ്ഥാന തലങ്ങളില്‍ ത്രിതല ഫിഷറീസ് മാനേജ്മെന്റ് കൌണ്‍സിലുകള്‍ രൂപീകരിക്കും. ഫിഷിങ് വില്ലേജ് മാനേജ്മെന്റ് കൌണ്‍സിലിന്റെ അധ്യക്ഷന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധ്യക്ഷന്‍ അല്ലെങ്കില്‍ കോര്‍പറേഷന്‍ കൌണ്‍സിലര്‍ ആയിരിക്കും. പ്രദേശത്തെ മത്സ്യഭവന്റെ മേധാവിയായിരിക്കും മെമ്പര്‍ സെക്രട്ടറി. നാല് അംഗങ്ങളുണ്ടാകും. ഇതില്‍ ഒരംഗം പ്രദേശത്തെ വനിതയാകണം. കലക്ടര്‍ അധ്യക്ഷനായി ആറ് അംഗങ്ങളടങ്ങുന്ന ജില്ലാതല ഫിഷറീസ് മാനേജ്മെന്റ് കൌണ്‍സില്‍ രൂപീകരിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഫിഷറീസ് മാനേജ്മെന്റ് കൌണ്‍സിലില്‍ ഫിഷറീസ് ഡയറക്ടറായിരിക്കും ചെയര്‍മാന്‍. അതത് തലത്തിലുള്ള സമുദ്രബന്ധന മാനേജ്മെന്റ് പ്ളാന്‍ തയ്യാറാക്കുകയാണ് കൌണ്‍സിലുകളുടെ പ്രധാന ചുമതല. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ യാനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കും. മത്സ്യബന്ധന യാനങ്ങളുടെ എന്‍ജിന്‍ശേഷി അനുസരിച്ച് 2500, 10000, 25000 രൂപവരെ പിഴ അടയ്ക്കേണ്ടിവരും. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ ഇരട്ടി പിഴ അടയ്ക്കേണ്ടിവരും. ഒപ്പം ലൈസന്‍സും രജിസ്ട്രേഷനും റദ്ദാക്കും.
മല്‍സ്യതൊഴിലാളികളുടെ ജീവിതമവും കടലിന്റെ ആവാസ്ഥ വ്യവസ്ഥയും സംരക്ഷിക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മല്‍സ്യമേഖലയില്‍ ഉല്‍പാദനം കുറഞ്ഞു വരികയാണെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..