20 September Friday

കോൺഗ്രസ്‌ വാഗ്‌ദാനത്തിന്‌ ‘ഒരു വയസ്സ്‌’ ; അക്ഷയ് ഇന്നും ചോർന്നൊലിക്കുന്ന കൂരയിൽ

കെ ആർ ബൈജുUpdated: Friday Jul 26, 2019

മുളന്തുരുത്തി
വീട്‌ നിർമിച്ചുനൽകാമെന്ന വാഗ്ദാനവും പടമെടുക്കലും വാർത്ത നൽകലുമെല്ലാം കഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ പോയിട്ട് വർഷമൊന്നു കഴിഞ്ഞു. ഈ മഴക്കാലത്തും അക്ഷയ്‌യും കുടുംബവും ചോർന്നൊലിക്കുന്ന കൂരയിൽത്തന്നെ.

കോൺഗ്രസ്‌ മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയാണ്‌ വാഗ്‌ദാനം നൽകി കൈയൊഴിഞ്ഞത്‌. അന്വേഷിക്കുമ്പോഴാകട്ടെ നേതാക്കന്മാർ മറ്റാളുകളുടെ പേരു പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയാണ്‌. 2018 സെപ്തംബറിൽ ചുമതല ഒഴിഞ്ഞതായും പുതിയ പ്രസിഡന്റാണ് വീടുനിർമാണം നടത്തേണ്ടതെന്നും ബ്ലോക്ക്‌ മുൻ പ്രസിഡന്റ്‌ റീസ് പുത്തൻവീടൻ പറയുന്നു. മുൻ ഭാരവാഹികളാണ്‌ വീടു നിർമാണത്തിന്റെ ചുമതലയേറ്റതെന്നും  അവർക്കാണ് ഉത്തരവാദിത്തമെന്നുമാണ്‌ പുതിയ ബ്ലോക്ക് പ്രസിഡന്റ്‌ വി പി വേണുഗോപാലിന്റെ വാദം. പ്രളയബാധിതർക്ക് ആയിരം വീടെന്ന വാഗ്ദാനം നൽകി കബളിപ്പിച്ച കെപിസിസി നേതൃത്വത്തിന്റെ മാതൃകയിലുള്ള തട്ടിപ്പാണ് മുളന്തുരുത്തിയിലെ കോൺഗ്രസ് നേതൃത്വവും പിന്തുടരുന്നത്‌.

2018ൽ ലോകകപ്പ് ഫുട്ബോൾ മത്സരം നടക്കുമ്പോഴാണ്‌ മുളന്തുരുത്തി കാരിക്കോട് കാടശേരിൽ ശശിയുടെയും കുമാരിയുടെയും മകൻ അക്ഷയ്‌ക്ക്‌ വീട് നിർമിച്ചുനൽകുമെന്ന് കോൺഗ്രസ് മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റി ഉറപ്പുനൽകിയത്. മഴയത്ത് ചോർന്നൊലിച്ച്‌ ഏതു നിമിഷവും തകരാവുന്ന വീട്ടിൽ ഫുട്ബോൾ താരമായ അക്ഷയ് കഴിയുന്നതും അയൽവീട്ടിൽ ലോകകപ്പ്  കാണുന്നതും വാർത്തയായിരുന്നു.  തുടർന്ന് അക്ഷയ്‌‌യുടെ വീട്ടിൽ എത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ റീസ് പുത്തൻവീടനാണ് വീട്‌ നിർമിച്ചുനൽകുമെന്ന് ഉറപ്പു നൽകിയത്.

എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അക്ഷയ്‌യുടെ പഠനച്ചെലവും  ഏറ്റെടുക്കുമെന്ന്‌ നേതാക്കൾ പ്രഖ്യാപിച്ചു. തുടർന്ന് പിറവത്ത് സംഘടിപ്പിച്ച യോഗത്തിൽ മുൻ മന്ത്രി കെ ബാബു അക്ഷയ്‌യുടെ അച്ഛൻ ശശിക്ക് വീട് നിർമിച്ചുനൽകുന്നതിന്റെ സമ്മതപത്രം നൽകി. എന്നാൽ, വർഷമൊന്നു കഴിഞ്ഞിട്ടും വീട്‌ ഇപ്പോഴും സ്വപ്‌നം മാത്രം. ശശിയുടെ വൃദ്ധമാതാവ് ഉൾപ്പെടെ താമസിക്കുന്ന വീട് ചോർന്നൊലിക്കുന്നതു തടയാൻ മുകളിൽ ഷീറ്റ് വിരിച്ചിരിക്കുകയാണ്. വീടുനിർമാണത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ പലരിൽനിന്ന്  വൻതുക പിരിച്ചതായാണ്‌ വിവരം.


പ്രധാന വാർത്തകൾ
 Top