22 September Sunday

വായ്പാകുടിശ്ശിക പിരിക്കാൻ ഏജന്‍സി വേണ്ട: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019


കൊച്ചി
ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും വായ്പാകുടിശ്ശിക ഈടാക്കാൻ വിദേശബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ ഏജൻസികളെ നിയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി.

കുടിശ്ശിക പിരിക്കാൻ ഇന്ത്യൻ ബാങ്കുകൾക്ക് ഏജൻസികളെ നിയോഗിക്കാമെങ്കിലും ഇടപാടുകാരെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ അവകാശമില്ലെന്ന് റിസർവ് ബാങ്കിന്റെ മാസ്റ്റർ സർക്കുലറുണ്ട്. ബലം പ്രയോഗിച്ച‌് വായ്പ തിരിച്ചുപിടിക്കുന്നതിന് എതിരെ കർശനനടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ ബാങ്കുകൾക്കുള്ള സർക്കുലർ പറയുന്നു. വിദേശ ബാങ്കുകൾക്ക് ഇത്തരത്തിൽ ഏജൻസികളെ നിയോഗിക്കാനാവില്ല. പണം തിരിച്ചടയ‌്ക്കാത്തത് ക്രിമിനൽ കുറ്റമായ രാജ്യങ്ങളിൽ കേസ് രജിസ്റ്റർചെയ്ത് നയതന്ത്രതലത്തിൽ നടപടി സ്വീകരിക്കാം. അല്ലെങ്കിൽ പണം ഈടാക്കാൻ ഇന്ത്യൻ നിയമപ്രകാരം നടപടികളെടുക്കാം. മറിച്ചുള്ള നടപടികൾ നിയമവാഴ്ചയോടുള്ള വെല്ലുവിളിയും ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനവുമാണെന്ന് ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, വി ജി അരുൺ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സൗദി അറേബ്യയിൽനിന്ന് നേഴ്‌സിങ‌് ജോലി മതിയാക്കി നാട്ടിലെത്തിയ കൊല്ലം കൊട്ടറ സ്വദേശിനി നൽകിയ ഹർജിയിലാണ് ഡിവിഷൻബെഞ്ചിന്റെ വിധി.
 


പ്രധാന വാർത്തകൾ
 Top