06 June Tuesday

തടസ്സങ്ങൾ നീങ്ങി ; മണിമാരന് 
അതിവേഗം വീടൊരുങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023


കാലടി
മഴയത്ത് ചോർന്നൊലിക്കുന്ന മൺഭിത്തിയിൽ തീർത്ത വീട് ഏതുനിമിഷവും തകർന്നുവീഴുമെന്ന ഭയത്തിലായിരുന്നു കാലടി വട്ടപ്പറമ്പിലെ മണിമാരനും കുടുംബവും.പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയിൽ വീടിന് അപേക്ഷിച്ചെങ്കിലും ഇനിയും മൂന്നുവർഷം കാത്തിരിക്കേണ്ടിവരും. അത്രയുംകാലം ഈ വീട്‌ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു മണിമാരനും ഭാര്യ ശകുന്തളയും മൂന്നു കുട്ടികളും. ഇവർക്ക് വീട് നിർമിച്ചുനൽകാനൊരുങ്ങുകയാണ് കാലടി ശ്രീശങ്കര കോളേജിലെ നാഷണൽ സർവീസ് സ്കീം.

എന്നാൽ, പഞ്ചായത്തിന്റെ അനാസ്ഥമൂലം എൻഒസി ലഭിക്കാനും നാലുമാസമെടുത്തു. വെള്ളി രാവിലെ 10ന് കാലടി പഞ്ചായത്തിന്റെ എൻഒസിയും പ്ലാനും ആദിശങ്കര മാനേജിങ്‌ ഡയറക്ടർ കെ ആനന്ദ്, സിഇഒ പ്രൊഫ. സി പി ജയശങ്കർ, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതിനായർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വി പി അനൂപ് എന്നിവർ വട്ടപ്പറമ്പിലെ വീട്ടിലെത്തി കൈമാറി. 12 ലക്ഷം രൂപ ചെലവിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിക്കുന്നത്. നിർമാണം ഉടൻ തുടങ്ങും.താമസിക്കുന്ന വീട് ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിലായിരുന്നു.

ഈ സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിജോ ചൊവ്വരാൻ വീടിന്റെ ദയനീയാവസ്ഥ മാധ്യമങ്ങളെ അറിയിച്ചത്‌. എൻഒസിയും പ്ലാനും കൈമാറുന്ന ചടങ്ങിൽ ആദിശങ്കര ട്രസ്റ്റ്‌ പ്രതിനിധികൾ, എം കെ കുഞ്ചു, സിജോ ചൊവ്വരാൻ തുടങ്ങിയവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top