22 April Monday

ബഷീറിന്റെ ജന്മനാട്ടിൽ സ‌്നേഹത്തിന്റെ സുൽത്താനായി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

കോട്ടയം പാർലമെന്റ്‌ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ വാസവൻ ഇരുമ്പയം സെന്റ്‌ ജോസഫ്‌ പള്ളി സന്ദർശിച്ചപ്പോൾ


ചിങ്ങവനം
കോട്ടയത്തിന്റെ ഹൃദയത്തുടിപ്പ‌് ഏറ്റവും നന്നായി അറിയുന്ന കോട്ടയത്തിന്റെ എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന‌് ചിങ്ങവനത്തെ ജനങ്ങളുടെ സ‌്നേഹാദരം. ഞായറാഴ‌്ച പ്രദേശത്ത‌് സ്വകാര്യ സന്ദർശനം നടത്തിയ സ്ഥാനാർഥിയെ എല്ലാവരും സ‌്നേഹപൂർവം എതിരേറ്റു. എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും വാസവനുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ജനങ്ങൾ അദ്ദേഹത്തിനു നൽകിയ ആദരം. ജീവിതത്തിൽ ഏതെങ്കിലും സന്ദർഭത്തിൽ ആശ്വാസമായെത്തിയ മുഖം; ദുഃഖം അനുഭവിക്കുന്നവർക്കിടയിൽ സാന്ത്വനമായി എന്നും കണ്ടിട്ടുള്ള വ്യക്തി –- അതാണ‌് എല്ലാവർക്കും വി എൻ വാസവൻ.

ഞായറാഴ‌്ചയുടെ ആലസ്യവും കനത്ത ചൂടും വകവയ‌്ക്കാതെ പ്രവർത്തകരെല്ലാം പ്രചാരണത്തിന‌് അതിരാവിലെ മുതൽ സർവസജ്ജമായിരുന്നു. എത്തിയ സ്ഥലങ്ങളിലെല്ലാം പ്രവർത്തകർക്കൊപ്പം നാട്ടുകാരും വി എൻ വാസവനെ കാണാനെത്തി. എസ‌്എൻഡിപി പള്ളം ബ്രാഞ്ച‌് ഓഫീസ‌് സന്ദർശിച്ച അദ്ദേഹത്തെ പ്രസിഡന്റ‌് അനിൽ ശങ്കർ, സെക്രട്ടറി ടി ജി ബിനു എന്നിവർ ചേർന്ന‌് സ്വീകരിച്ചു. ഓഫീസിൽ അൽപനേരം സൗഹൃദസംഭാഷണം. കാണാനെത്തിയ സമീപവാസികളോടും കുശലാന്വേഷണത്തിനു ശേഷം ചിങ്ങവനത്തെ പ്രധാന ക്രിസ‌്ത്യൻ ആരാധനാലയമായ സെന്റ‌് മേരീസ‌് ക‌്നാനായ പള്ളിയിലേക്ക‌്. പള്ളിയിൽ തിങ്ങിക്കൂടിയ നൂറുകണക്കിനു പേർ പുഞ്ചിരി തൂകിയെത്തിയ സ്ഥാനാർഥിക്ക‌് ഹസ‌്തദാനം ചെയ‌്തു. ഇടയ‌്ക്ക‌് പരിചിത മുഖങ്ങൾ. പള്ളി ഭാരവാഹികളായ ഫാ. ജേക്കബ‌് ഫിലിപ്പ‌് നടയിൽ, സിബി തോണ്ടുകുഴി എന്നിവരെ കണ്ട‌് സംസാരിച്ചു. ഇരുവരും സ്ഥാനാർഥിക്ക‌് പിന്തുണ ഉറപ്പുനൽകി. തുടർന്ന‌് സെന്റ‌് ജോൺസ‌് ദയറ പള്ളിയിലെത്തി. വികാരി ഫാ. ഷൈനോ മർക്കോസ‌് മങ്കരയുമായി സൗഹൃദസംഭാഷണം. പിന്നീട‌് സെന്റ‌് ജോൺസ‌് പുത്തൻപള്ളിയിലും എസ‌്എൻഡിപി ചിങ്ങവനം 381ാം നമ്പർ ശാഖയിലുമെത്തി. സെന്റ‌് ലൂക്ക‌്സ‌് സിഎംഎസ‌് പള്ളിയിലെത്തിയ വാസവനെ വിശ്വാസികൾ സ‌്നേഹപൂർവം എതിരേറ്റു. അവിടെ വിശ്വാസികളുമായി സമകാലിക രാഷ‌്ട്രീയ സാഹചര്യം വിലയിരുത്തി ലഘുപ്രസംഗം. പിന്നീട‌് സെന്റ‌് ജോൺസ‌് മലങ്കര ക‌്നാനായ കാത്തലിക‌് പള്ളിയും സന്ദർശിച്ചു.

തുറന്ന വാഹനത്തിൽ സ്ഥാനാർഥിയുടെ പൊതുപര്യടനം ആരംഭിക്കുന്നതിനു മുമ്പേ മണ്ഡലത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും സ്വകാര്യ സന്ദർശനം നടത്തി. പൊതുപര്യടനത്തിന്റെ സ്വീകരണ തിരക്കിലേക്ക‌് കടക്കുന്നതിനു മുമ്പേ എൽഡിഎഫ‌് പ്രവർത്തകരിൽ ആവേശം നിറയ‌്ക്കുന്ന സ‌്നേഹവും സഹകരണവുമാണ‌് പൊതുസമൂഹം വി എൻ വാസവന‌് നൽകുന്നത‌്.

ബഷീറിന്റെ ജന്മനാട്ടിൽ സ‌്നേഹത്തിന്റെ സുൽത്താനായി
തലയോലപ്പറമ്പ്
കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന‌് ബേപ്പൂർ സുൽത്താന്റെ ജന്മനാടായ തലയോലപ്പറമ്പിൽ നൽകിയത‌് ഊഷ‌്മള സ്വീകരണം. ജനങ്ങൾക്ക‌് എന്നും സഹായഹസ്തം നീട്ടുന്ന വാസവനെ വൈക്കം മുഹമ്മദ‌് ബഷീറിന്റെ ഓർമകൾ തുളുമ്പുന്ന മണ്ണിലേക്ക‌് സ‌്നേഹത്തിന്റെ സുൽത്താനായാണ‌് നാട്ടുകാർ വരവേറ്റത‌്.

ഞായറാഴ‌്ച ഉച്ചകഴിഞ്ഞാണ‌് തലയോലപ്പറമ്പിലും സമീപ സ്ഥലങ്ങളിലും സ്ഥാനാർഥി എത്തിയത‌്. തലയോലപ്പറമ്പ്, വെള്ളൂർ, കല്ലറ പഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി. ജനങ്ങളുടെ ഏതാവശ്യത്തിനും ഓടിയെത്തുന്ന തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ അവർ കാത്തുനിന്നു. ഇറുമ്പയം സെന്റ് ജോസഫ്സ‌് പള്ളിയിൽ എത്തിയ സ്ഥാനാർഥി അന്തോണീസ് പുണ്യാളന്റെ തിരുനാളിനോടനുബന്ധിച്ചുള്ള നേർച്ചസദ്യയിൽ ഇടവകക്കാരോടൊപ്പം പങ്കെടുത്തു. യാത്രാ മധ്യേ ഇറുമ്പയം സെന്റ് സ്റ്റീഫൻസ് പള്ളി വികാരി ഫാ. ദിനേശ് ബാബുവിനെ കണ്ടുമുട്ടി. അഭയം പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഫാദർ, വാസവന് വിജയാശംസകൾ നേർന്നാണ് യാത്രയാക്കിയത്.

കല്ലറ പഞ്ചായത്ത് 13ാം വാർഡിലെ എഡിഎസ് യോഗ സ്ഥലത്തെത്തിയ സ്ഥാനാർഥിയെ കരഘോഷങ്ങളോടെയാണ് വരവേറ്റത്. കുടുംബശ്രീ പോലെയുള്ള മേഖലകളിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളും എൽഡിഎഫ‌് സർക്കാർ ഈ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികളുമെല്ലാം ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞ് വോട്ടഭ്യർഥനയും നടത്തിയാണ് വാസവൻ മടങ്ങിയത്. 

സെന്റ് മാത്യൂസ് പള്ളിയിലെത്തിയ സ്ഥാനാർഥിയോട‌് വിജയിച്ച് തിരിച്ച് വരണമെന്ന് പറഞ്ഞാണ് ഫാ. ജോസഫ് കീരംതടത്തിൽ യാത്രയാക്കിയത്. സെന്റ് തോമസ് പള്ളി, കലയത്തുംകുന്ന‌് സെന്റ‌് ആന്റണീസ‌് പള്ളി തുടങ്ങിയയിടങ്ങളും വാസവൻ സന്ദർശിച്ചു. സി കെ ആശ എംഎൽഎ, എൽഡിഎഫ് നേതാക്കളായ  കെ കെ ഗണേശൻ, ടി എൻ രമേശൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, പി സുഗുണൻ, ഡോ. സി എം കുസുമൻ, വി ടി പ്രതാപൻ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായി.

ഇതുവല്ലതും ജോസ‌് കെ മാണി അറിഞ്ഞോ?
കോട്ടയം
കോട്ടയത്തെത്തിയാൽ ഏതു ട്രെയിനും വൈകിയേ ഓടൂ. ജോസ‌് കെ മാണി അറിഞ്ഞോ സമീപ മണ്ഡലങ്ങളിൽ പുതിയ ട്രാക്കിലൂടെ ട്രെയിൻ വേഗത്തിൽ ഓടിത്തുടങ്ങിയത‌്. അവിടങ്ങളിൽ സ്ഥലം ഏറ്റെടുത്തതും പാളം സ്ഥാപിച്ചതും പാത ഇരട്ടിപ്പിച്ചതും ട്രെയിൻ ഓടിയതും ഒന്നും അദ്ദേഹം അറിഞ്ഞിട്ടില്ല. മറ്റിടങ്ങളിൽ രണ്ടു ട്രാക്കുകളിലൂടെ തെക്കോട്ടും വടക്കോട്ടും കുതിച്ചുപായുന്ന ട്രെയിനുകൾ  കോട്ടയം മണ്ഡലത്തിൽ കയറിയാൽ പിന്നെ പതുക്കെയാണ‌് യാത്ര. വീണ്ടും വേഗത്തിൽ ഓടണമെങ്കിൽ കോട്ടയം കടക്കണം. മണ്ഡലം ഉപേക്ഷിച്ചുപോയ എംപിക്ക‌് പക്ഷെ ഇതൊന്നും ഒരു പ്രശ‌്നമേയല്ലെന്ന മട്ടാണ‌്.

ദിവസേന ആയിരക്കണക്കിന‌് ആളുകളാണ‌് കോട്ടയംവഴി ട്രെയിനിൽ യാത്രചെയ്യുന്നത‌്. ദീർഘദൂര ട്രെയിനുകൾ അടക്കം  കുറുപ്പന്തറയിലും ഏറ്റുമാനൂരും ചിങ്ങവനത്തും മണിക്കൂറുകളോളം പിടിച്ചിടുന്ന പതിവ‌് ഇപ്പോഴും തുടരുന്നു. പാസഞ്ചറുകൾ കൃത്യസമയത്ത‌് ഓടിയെത്താറേയില്ല. എങ്ങനെയെങ്കിലും കോട്ടയം കടന്നാൽമതിയെന്ന‌ അവസ്ഥയിലാണ‌് സ്ഥിരം യാത്രക്കാരടക്കം. മറ്റ‌് സ്ഥലങ്ങളിലെല്ലാം പാത ഇരട്ടിപ്പിക്കൽ ജോലികൾ അതിവേഗം പൂർത്തിയായപ്പോൾ കോട്ടയത്ത‌ു മാത്രം മറ്റ‌് പദ്ധതികളെ പോലെ ഇതും തട്ടീംമുട്ടീം സാവധാനം കടന്നുപോകുകയാണ‌്.  സംസ്ഥാന സർക്കാർ  ഏറ്റെടുത്തു റെയിൽവേയ‌്ക്ക‌് കൈമാറിയ സ്ഥലങ്ങളിൽപോലും പ്രവൃത്തികൾ ഇപ്പോഴും ഇഴയുന്നു. ഇടപെട്ട‌് പ്രവൃത്തികൾ വേഗത്തിലാക്കേണ്ട സ്ഥലം എംപി ഒരു വർഷംമുമ്പേ മണ്ഡലംതന്നെ ഉപേക്ഷിച്ചു പോയി. 

മുളന്തുരുത്തി – -ചെങ്ങന്നൂർ പാതയിൽ 55 കിലോമീറ്റർ ദൂരത്തിലാണ‌് റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ ആരംഭിച്ചത‌്. ഇതിൽ കുറുപ്പന്തറ മുതൽ ചിങ്ങവനം വരെയുള്ള 26 കിലോമീറ്ററിലാണ‌് ഇനി പണി പൂർത്തിയാകാനുള്ളത‌്. ഇത‌് പൂർണമായും കോട്ടയം ലോക‌്സഭാ മണ്ഡലത്തിലാണുതാനും. കോട്ടയം ലോക‌്സഭാ മണ്ഡലത്തിനു പുറത്തുള്ള  സ്ഥലത്തെല്ലാം പണി പൂർത്തീകരിച്ച‌് റെയിൽവേ ഗതാഗതം ആരംഭിച്ചു. എന്നിട്ടും കോട്ടയം ഇപ്പോഴും ‘വഞ്ചി തിരുക്കരയിൽ തന്നെ’ എന്ന സ്ഥിതിയിലാണ‌്. ‌എംപിക്കു വേണ്ടാത്ത കോട്ടയത്തെ റെയിൽവേയും ഉപേക്ഷിച്ച മട്ടിലാണ‌് പണികൾ. 

പാത ഇരട്ടിപ്പിക്കുന്നതിനായി 19 വില്ലേജുകളിലായി 29.025 ഹെക്ടറിൽ സ്ഥലം ഏറ്റെടുക്കേണ്ടിയിരുന്നു. ഇതിൽ 25.4353 ഹെക്ടർ ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്ത‌് റെയിൽവേയ‌്ക്ക‌് കൈമാറി. ഏറ്റുമാനൂർ പാറോലിക്കൽ ഗേറ്റ‌് മുതൽ മുട്ടമ്പലം വില്ലേജിൽ കൊടൂരാർ വരെയുള്ള ഏഴ‌് കിലോമീറ്ററിൽ 3.9872 ഹെക്ടർ സ്ഥലം മാത്രമാണ‌് ഇനി ബാക്കിയുള്ളത‌്. ഇതിന്റെ നടപടി അന്തിമ ഘട്ടത്തിലാണ‌്. സാമൂഹ്യാഘാത പഠന റിപ്പോർട്ട‌് വിദഗ‌്ധ സമിതി അംഗീകരിച്ച‌് സർക്കാരിന‌് സമർപ്പിച്ചിട്ടുണ്ട‌്. ഭൂമി ഏറ്റെടുത്ത‌് സർക്കാർ വിജ്ഞാപനം ഇറക്കുന്നതോടെ ഇത‌് പൂർണമാകും.

എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ‌് ഭൂമി ഏറ്റെടുക്കലും പാത ഇരട്ടിപ്പിക്കൽ ജോലികളും വേഗത്തിലായത‌്.  ചങ്ങനാശേരി മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്ത‌് ജോലികൾ പൂർത്തിയാക്കി ട്രെയിൻ ഗതാഗതം ആരംഭിച്ചു. ‌എന്നാൽ കോട്ടയം മണ്ഡലത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ എംപിയുടെ നിസ്സഹകരണം പ്രവർത്തനത്തെ ബാധിച്ചു. ഭൂമി ഏറ്റെടുത്തു നൽകിയ ചിങ്ങവനം മുതൽ കോട്ടയം വരെയുള്ള ഏഴ‌് കിലോമീറ്റർ ഭാഗത്ത‌്  പാത നിർമാണം ഇനിയും എങ്ങുമെത്തിയിട്ടില്ല.  ഏറ്റുമാനൂർ – -കോട്ടയം റൂട്ടിൽ നിർമാണം തുടങ്ങിയിട്ടില്ല. റെയിൽവേയുടെ അനാസ്ഥയ‌്ക്കെതിരെ കേന്ദ്രത്തിൽ ഇടപെടാനോ പാർലമെന്റിൽ ശബ‌്ദമുയർത്താനോ മണ്ഡലത്തിലെ ജനപ്രതിനിധി തയ്യാറായില്ല.  മണ്ഡലം ഉപേക്ഷിച്ചതോടെ സ്ഥിതി ഗുരുതരമായി.

കുറുപ്പന്തറ –- ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാത നിർമാണം പൂർത്തിയാക്കി റെയിൽവേ സുരക്ഷാ കമീഷണറുടെ പരിശോധനയും പരീക്ഷണ ഓട്ടവും നടത്തി. ഏപ്രിലിൽ ഇത‌് കമീഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാ‌ണ‌്. എന്നാൽ  ഇതിനകം പ്രവൃത്തികൾ പൂർത്തിയായ  ഭാഗങ്ങളിലൊന്നും എംപിയുടെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന‌് പ്രദേശവാസികൾ പറയുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പലയിടങ്ങളിലും തർക്കങ്ങളും കേസും ഉണ്ടായിട്ടും  അവ പരിഹരിക്കാൻ ഒന്നും ചെയ‌്തില്ല. ഇക്കാര്യങ്ങളിൽ തീർപ്പുണ്ടായിരുന്നെങ്കിൽ പാത ഇരട്ടിപ്പിക്കൽ നേരത്തെ പൂർത്തിയാകുമായിരുന്നെന്ന‌് ട്രെയിൻ യാത്രക്കാർ പറയുന്നു.
 


പ്രധാന വാർത്തകൾ
 Top