31 March Tuesday

വെടിയുണ്ട കണ്ടെത്തിയ സംഭവം : വൈദ്യുതി ബിൽ തിരുനെൽവേലിയിലെ കോഴി ഫാമിന്റേത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020


സ്വന്തം ലേഖകൻ
കുളത്തൂപ്പുഴയിൽനിന്ന്‌ കണ്ടെടുത്ത പാകിസ്ഥാൻ നിർമിത വെടിയുണ്ടകളുടെ സമീപത്തുനിന്ന്‌ ലഭിച്ച വൈദ്യുതി ബിൽ തിരുനെൽവേലിയിലെ കോഴി ഫാമിന്റേതാണെന്ന്‌ തെളിഞ്ഞു. ഫാം ഉടമയെ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ചോദ്യംചെയ്‌തുവരുന്നു. തമിഴ്‌നാട്‌ സ്വദേശിയായ ഇയാൾ കുറെ നാളായി കുളത്തൂപ്പുഴയിലാണ്‌ താമസം. തെങ്കാശി, കുളത്തൂപ്പുഴ, പാലോട്‌, പാങ്ങോട്‌, കല്ലറ തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾക്ക്‌ കോഴിഫാമുണ്ട്‌.  വെടിയുണ്ടകൾ കണ്ടെത്തിയ സംഭവവുമായി ഇയാൾക്ക്‌ ബന്ധമുണ്ടോയെന്ന്‌ വ്യക്‌തമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട്‌ തമിഴ്‌നാട് ക്യൂ ബ്രാഞ്ച്‌ അന്വേഷണം ശക്തമാക്കി.

വെടിയുണ്ടകൾ ഫെബ്രുവരി നാലിനു ശേഷമാണ് മുപ്പതടിപ്പാലത്തിനു സമീപം ഉപേക്ഷിച്ചതെന്ന്‌  അന്വേഷകസംഘം സ്ഥിരീകരിച്ചു. നാലിനാണ് റോഡിന്‌ വീതികൂട്ടുന്നതിനായി പ്രദേശത്ത് മണ്ണ് നിരത്തിയത്. അതിനു മുമ്പാണ് വെടിയുണ്ടകൾ കൊണ്ടുവച്ചതെങ്കിൽ അവ മണ്ണിനടിയിൽ അകപ്പെട്ടേനെ. അന്വേഷകസംഘം മണ്ണ് കരാറുകാർ, ലോറി ഡ്രൈവർ എന്നിവരുടെ മൊഴിയെടുത്തു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെയും തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിലെയും നൂറിലധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്‌. ഇവ വിശദമായി പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ തെക്കൻ കേരളത്തിലുണ്ടായ സമാന സംഭവങ്ങളുടെ വിവരങ്ങളും അന്വേഷകസംഘം ശേഖരിക്കുന്നുണ്ട്‌. കളിയിക്കാവിളയിൽ എഎസ്ഐ വെടിയേറ്റു മരിച്ച കേസുമായി വെടിയുണ്ട കണ്ടെടുത്ത സംഭവത്തിന്‌ ബന്ധമുണ്ടോ എന്നതും അന്വേഷിക്കും.

തിങ്കളാഴ്‌ച വൈകിട്ട് അന്വേഷക സംഘത്തലവൻ അനൂപ്‌ കുരുവിള ജോണിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ അവലോകനയോഗം ചേർന്നു. കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറും പങ്കെടുത്തു. പ്രതികളിലേക്ക് എത്താനുള്ള സൂചനകൾ അന്വേഷക സംഘത്തിന്‌ ലഭിച്ചതായി അറിയുന്നു.


പ്രധാന വാർത്തകൾ
 Top