29 February Saturday

ഇടനിലക്കാരില്ല ; ഇഇസിയിൽ ഇനി ‘ഇനാമി’ന്റെ നാളുകൾ

പി ജി ബിജുUpdated: Saturday Jan 25, 2020



മൂവാറ്റുപുഴ
ഇനാം പദ്ധതി വരുന്നതോടെ  ഇഇസി മാർക്കറ്റിൽ കച്ചവടം പൊടിപൊടിക്കും. രാജ്യത്തെവിടെയുള്ള  കർഷകർക്കും കച്ചവടക്കാർക്കും സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ  കീഴിലുള്ള ഈ കാർഷിക ഗ്രാമീണ മൊത്തവ്യാപാര വിപണനകേന്ദ്രത്തിൽനിന്ന്‌ ഓൺലൈനായി കാർഷികോൽപ്പന്നങ്ങൾ സുഗമമായി വാങ്ങുകയും   വിൽക്കുകയും  ചെയ്യാം.

ഇലക്ട്രോണിക് നാഷണൽ അഗ്രിക്കൾച്ചർ മാർക്കറ്റ് (ഇനാം) വിപണി സജീവമാകുന്നതോടെ കർഷകർക്ക് ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കുമന്ന്‌ ഇഇസി മാർക്കറ്റ് സെക്രട്ടറി നിമ്മി ജോസ് പറഞ്ഞു. പുതിയ പദ്ധതിക്ക്‌  30 ലക്ഷം രൂപ കൃഷി ഡയറക്ടർവഴി അനുവദിച്ചു. കംപ്യൂട്ടർവൽക്കരണം, ലാബ് സംവിധാനം, പ്രദർശനസ്റ്റാൾ, ജീവനക്കാരുടെ നിയമനം തുടങ്ങിയവ ആദ്യഘട്ടത്തിൽ പൂർത്തിയാക്കണം. നാഗാർജുന ഫെർട്ടിലൈസ് ആൻഡ്‌ കെമിക്കൽസ് ലിമിറ്റഡാണ് ഓൺലൈൻ സജ്ജീകരിക്കുന്നത്. മൊബൈൽ ആപ്‌ വഴിയും കൊടുക്കൽവാങ്ങൽ ഇടപാടുകൾ നടത്താനാകും. അതിനുള്ള കേരളത്തിലെ ഏകമാർക്കറ്റായി ഇഇസി മാർക്കറ്റ് മാറും. പ്രാഥമിക പ്രവർത്തനങ്ങൾ മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ എല്ലാ ചൊവ്വാഴ്ചയും പ്രവർത്തിക്കുന്ന ലേലവിപണിയിൽ കോട്ടയം,  ഇടുക്കി എറണാകുളം ജില്ലയിലെ കർഷകരുടെ  ഉൽപ്പന്നങ്ങൾ വിപണനം നടത്താറുണ്ട്. കൃഷി ഓഫീസറുടെ ശുപാർശപ്രകാരം മാർക്കറ്റിൽ രജിസ്റ്റർ ചെയ്ത കർഷകരാണ് ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. വിൽപ്പന കഴിഞ്ഞ് ബാക്കിയുള്ളവ ഹോർട്ടികോർപ്പിനു നൽകും.

മികച്ച ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമാണ്. വാങ്ങാനെത്തുന്ന ചില്ലറ വിൽപ്പനശാലകളിലെ കച്ചവടക്കാർക്ക് നാടൻ പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെ ലഭിക്കുന്നു.ഇഇസി മാർക്കറ്റ് അസിസ്റ്റന്റ്‌ സെക്രട്ടറി കൺവീനറായ കമ്മിറ്റിക്കാണ് ലേലം നടത്തിപ്പുചുമതല. കലക്ടർ ചെയർമാനായ സമിതിക്കാണ് ഇഇസി മാർക്കറ്റിന്റെ നിയന്ത്രണം. യൂറോപ്യൻ സാമ്പത്തികസമൂഹത്തിന്റെ സഹായത്താൽ തുടങ്ങിയതാണ് 15 ഏക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന ഇഇസി മാർക്കറ്റ്. ആറു ജീവനക്കാരാണുള്ളത്. 66 മുറികളുള്ള സംഭരണശാലകൾ, വെയ്ബ്രിഡ്ജ് എന്നിവ വാടകയ്ക്ക് നൽകിയിട്ടുണ്ട്. മൂന്ന് കാർഷിക നേഴ്സറികളും പ്രവർത്തിക്കുന്നു. മാർക്കറ്റിൽ ബാക്കിയുള്ള സ്ഥലം പാട്ടക്കൃഷി നടത്തുന്നു.ഇവയുടെ വരുമാനംകൊണ്ടാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഇനാം പദ്ധതി കാർഷിക മേഖലയ്‌ക്ക്‌ കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ.


പ്രധാന വാർത്തകൾ
 Top