29 February Saturday

ആദ്യ എൽഡിഎഫ്‌ സർക്കാരിന്‌ ഇന്ന്‌ 4 പതിറ്റാണ്ട്‌ ; ഇ കെ നായനാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മന്ത്രിസഭ തുടക്കംകുറിച്ചത്‌ നിരവധി ക്ഷേമപദ്ധതികൾ

കെ ശ്രീകണ‌്ഠൻUpdated: Saturday Jan 25, 2020

കേരളത്തിന്റെ  രാഷ്‌ട്രീയക്കളത്തിൽ എൽഡിഎഫ്‌ രൂപീകരണത്തിലൂടെ ആദ്യ സർക്കാർ ഭരണസാരഥ്യമേറിയതിന്‌ ഇന്ന്‌ നാല്‌ പതിറ്റാണ്ട്‌ തികയുന്നു. 1980 ജനുവരി 25ന്‌ ഇ കെ നായനാരുടെ നേതൃത്വത്തിലാണ്‌ ആദ്യമായി എൽഡിഎഫ്‌ മന്ത്രിസഭ അധികാരമേറ്റത്‌. പ്രഥമ നായനാർ സർക്കാരിന്‌ 20 മാസവും 20 ദിവസവുമേ ആയുസ്സ്‌ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ 17 മന്ത്രിമാരിൽ ഇന്ന്‌ ജീവിച്ചിരിപ്പുള്ളത്‌ അഞ്ചുപേർ. 

കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ നിരവധി ക്ഷേമപദ്ധതികൾക്ക്‌ തുടക്കംകുറിച്ചത്‌ 80ലെ സർക്കാരായിരുന്നു. കാലാവധി തീരുംമുമ്പ്‌  രാജിവച്ചെങ്കിലും എൽഡിഎഫ്‌ എന്ന രാഷ്‌ട്രീയ കൂട്ടുകെട്ടിനെ ആറ്റിക്കുറുക്കിയെടുക്കാൻ അത്‌ വഴിയൊരുക്കി. സിപിഐ എം നേതൃത്വത്തിൽ എൽഡിഎഫും കോൺഗ്രസ്‌ ഐ നേതൃത്വത്തിൽ യുഡിഎഫും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ്‌ 1980ൽ കേരളം കണ്ടത്‌. സിപിഐ എം, സിപിഐ, എ കെ ആന്റണിയുടെ  കോൺഗ്രസ്‌ യു, കേരള കോൺഗ്രസ്‌(മാണി), കേരള കോൺഗ്രസ്‌ (പിള്ള), അഖിലേന്ത്യാ മുസ്ലിംലീഗ്‌, ആർഎസ്‌പി എന്നീ കക്ഷികളായിരുന്നു എൽഡിഎഫിലുണ്ടായിരുന്നത്‌. കോൺഗ്രസ്‌ ഐ, മുസ്ലിംലീഗ്‌, കേരള കോൺഗ്രസ്‌(ജോസഫ്‌), പിഎസ്‌പി, എൻഡിപി, എസ്‌ആർപി എന്നിവ യുഡിഎഫിലും. എൽഡിഎഫ്‌ 93 സീറ്റ്‌ നേടി. സിപിഐ എം 35, സിപിഐ 17, കോൺഗ്രസ്‌ യു 21, കേരള കോൺഗ്രസ്‌–-എട്ട്‌, അഖിലേന്ത്യാ ലീഗ്‌–അഞ്ച്‌, ആർഎസ്‌പി - ആറ്‌, കേരള കോൺഗ്രസ്‌ പിള്ള - ഒന്ന്‌ എന്നിങ്ങനെയായിരുന്നു കക്ഷിനില.

മുഖ്യമന്ത്രിക്ക്‌ പുറമെ കെ ആർ ഗൗരിയമ്മ, എം കെ കൃഷ്‌ണൻ, ടി കെ രാമകൃഷ്‌ണൻ, ഇ ചന്ദ്രശേഖരൻനായർ, പി എസ്‌ ശ്രീനിവാസൻ, ഡോ. എ സുബ്ബറാവു, ആര്യാടൻ മുഹമ്മദ്‌, പി സി ചാക്കോ, വക്കം പുരുഷോത്തമൻ, എ സി ഷൺമുഖദാസ്‌, ബേബി ജോൺ, ആർ എസ്‌ ഉണ്ണി, ലോനപ്പൻ നമ്പാടൻ, കെ എം മാണി, ആർ ബാലകൃഷ്‌ണപിള്ള, പി എം അബൂബക്കർ എന്നിവരായിരുന്നു മന്ത്രിമാർ.

അടിയന്തരാവസ്ഥയെ തുടർന്ന്‌ ഇന്ദിര ഗാന്ധിയുടെ രൂക്ഷവിമർശകനായി മാറിയ എ കെ ആന്റണിയും കൂട്ടരും  കോൺഗ്രസ്‌ യു എന്ന പാർടിയുണ്ടാക്കി എൽഡിഎഫിൽ ചേരുകയായിരുന്നു. പിന്നീട്‌  ആന്റണിയുടെ  കരുനീക്കങ്ങളാണ്‌ ആദ്യ നായനാർ മന്ത്രിസഭയെ തകർത്തത്‌. 21 അംഗ ആന്റണി കോൺഗ്രസ്‌ (അഖിലേന്ത്യാതലത്തിൽ ഇത്‌ പിന്നീട്‌ കോൺഗ്രസ്‌ എസ്‌ ആയി മാറി) 1981 ഒക്‌ടോബർ 20ന്‌ പിന്തുണ പിൻവലിച്ചു. അപ്പോഴും സ്‌പീക്കറെ കൂടാതെ ഒരംഗത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കേരള കോൺഗ്രസ്‌ മാണി, പിള്ള വിഭാഗംകൂടി പിന്തുണ പിൻവലിച്ചതോടെ നായനാർ രാജി സമർപ്പിച്ചു. കോൺഗ്രസ്‌ ദേശീയനേതൃത്വം ഇടപെട്ട്‌ നിയമസഭ മരവിപ്പിച്ച്‌ നിർത്തി രാഷ്‌ട്രപതിഭരണം ഏർപ്പെടുത്തി. ആന്റണി ഗ്രൂപ്പും കേരള കോൺഗ്രസും പിന്നീട്‌ യുഡിഎഫിനൊപ്പം ചേർന്നു. ഇതേതുടർന്ന്‌ കെ കരുണാകരന്റെ നേതൃത്വത്തിൽ 1981 ഡിസംബർ 28ന്‌ എട്ടംഗ മന്ത്രിസഭ വന്നു. ഒരംഗത്തിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്‌. നിയമസഭാചരിത്രത്തിൽ കറുത്ത ഏടായ സ്‌പീക്കറുടെ കാസ്‌റ്റിങ്‌വോട്ടിലാണ്‌  മുന്നോട്ടുപോയത്‌. 1982 മാർച്ച്‌ 17ന്‌ മന്ത്രിസഭ നിലംപൊത്തി. 1982 മെയ്‌ 19ന്‌ വീണ്ടും തെരഞ്ഞെടുപ്പ്‌. യുഡിഎഫ്‌ 77 സീറ്റ്‌ നേടി കെ കരുണാകരൻ വീണ്ടും മുഖ്യമന്ത്രിയായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top