24 November Tuesday

വെൽഫെയർ പാർടിയുമായി യുഡിഎഫ്‌ സഖ്യം ; നേരിട്ട്‌ മുന്നണിയിൽ എടുക്കാതെ പ്രാദേശിക നീക്കുപോക്ക്‌ എന്ന്‌ യുഡിഎഫ്‌ ഉന്നതാധികാര സമിതി

പ്രത്യേക ലേഖകൻUpdated: Saturday Oct 24, 2020


കൊച്ചി
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുമായി ചേർന്ന്‌ മത്സരിക്കാൻ യുഡിഎഫ്‌ തീരുമാനിച്ചു. നേരിട്ട്‌ മുന്നണിയിൽ എടുക്കാതെ പ്രാദേശിക നീക്കുപോക്ക്‌ എന്ന്‌ പുറത്ത്‌ വിശദീകരിക്കാനാണ്‌  കൊച്ചിയിൽ ചേർന്ന യുഡിഎഫ്‌ ഉന്നതാധികാര സമിതി തീരുമാനിച്ചത്‌.   

വെൽഫെയർ പാർടിയുമായുള്ള രാഷ്ട്രീയ സഖ്യത്തിന്‌ അവസരമൊരുക്കാൻ ഏതൊക്കെ കക്ഷികളുമായി സഖ്യമെന്ന്‌ ജില്ലകളിൽ തീരുമാനമെടുക്കാൻ അനുവാദം നൽകും. പുറത്തുള്ള കക്ഷികളെ നേരിട്ട്‌ മുന്നണിയിൽ എടുക്കാതെ തദ്ദേശ തെരഞ്ഞെടുപ്പിൽ നീക്കുപോക്കുണ്ടാക്കി മത്സരിപ്പിക്കുകയാണ്‌ നല്ലതെന്നും ജോസ്‌ കെ മാണി വിഭാഗം പോയ ക്ഷീണം തീർക്കാൻ ഇതു സഹായിച്ചേക്കുമെന്നും യോഗം വിലയിരുത്തി.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക നീക്കുപോക്കുണ്ടാക്കാൻ തീരുമാനിച്ചതായി യോഗശേഷം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും യുഡിഎഫ്‌ കൺവീനർ എം എം ഹസനും  വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വെൽഫെയർ പാർടിയുമായി സഖ്യമെന്നല്ലേ ഇതെന്ന ചോദ്യത്തിന്‌  കൂടുതൽ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നുപറഞ്ഞ്‌ ചെന്നിത്തല ഒഴിഞ്ഞുമാറി.

എറണാകുളം ഡിസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, ഇ ടി മുഹമ്മദ്‌ ബഷീർ, കെ പി എ മജീദ്‌, പി ജെ ജോസഫ്‌,  എ എ അസീസ്‌, അനൂപ്‌ ജേക്കബ്‌, സി പി ജോൺ, ജോണി നെല്ലൂർ എന്നിവരും പങ്കെടുത്തു. ഓൺലൈനായി‌ ഉമ്മൻചാണ്ടിയും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top