20 October Tuesday

നേതാക്കളെ രൂപപ്പെടുത്തുന്നത്‌ പ്രതിസന്ധികൾ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020


തിരുവനന്തപുരം
പ്രതിസന്ധി ഘട്ടങ്ങളാണ്‌ നേതാക്കളെ രൂപപ്പെടുത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് ലീഡർഷിപ് അക്കാദമിയുടെ ഉദ്‌ഘാടനം ഓൺലൈനിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ വരുമ്പോൾ വിറങ്ങലിച്ച്‌ നിൽക്കുന്നതല്ല, ‌മറിച്ച്‌ അവയെ നേരിട്ട്‌ അതിജീവിച്ച്‌ മുന്നോട്ടുപോകുന്നതാണ്‌ കഴിവ്‌. ഏതൊരു നേതാവിനും ഉണ്ടാകേണ്ട ഗുണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതീ–-യുവാക്കൾ ജനപ്രതിനിധികളാകുമ്പോൾ ഉദ്യോഗസ്ഥരാൽ നയിക്കപ്പെടുന്നവരായല്ല, മറിച്ച് ഉദ്യോഗസ്ഥരെ നയിക്കുന്നവരാകണം–-  അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ കാര്യപ്രാപ്‌തിയും നേതൃത്വശേഷിയുള്ളവരുമായ യുവാക്കളെ സൃഷ്ടിക്കുകയാണ്‌ യൂത്ത് ലീഡർഷിപ് അക്കാദമിയുടെ ലക്ഷ്യം. പ്രളയകാലത്തും കോവിഡ്‌ മഹാമാരിയുടെ കാലത്തും നമ്മുടെ യുവജനതയുടെ സന്നദ്ധതയും കാര്യക്ഷമതയും തെളിഞ്ഞതാണ്‌.

വിജ്ഞാനവും വൈദഗ്‌ധ്യവും പ്രായോഗികതലത്തിൽ ഉപയോഗപ്പെടുത്താൻ പ്രാപ്തമായ ഒരു പൊതുസമൂഹത്തെ വാർത്തെടുക്കുകയാണ് ഉദ്ദേശ്യം. അവർ തങ്ങളുടെ പ്രവർത്തനമേഖലയിൽ മികവ്‌ പുലർത്തുന്നവരാകണം. ബന്ധപ്പെട്ട വിഷയങ്ങളിലും നിയമങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും അറിവുള്ളവരാകണം. ഈ ലക്ഷ്യങ്ങളെല്ലാം യൂത്ത് ലീഡർഷിപ്‌ അക്കാദമിയിലൂടെ സാധ്യമാകും. യുവതീ–-യുവാക്കളെ നാനാമേഖലകളിൽ നേതൃപാടവമുള്ളവരാക്കാൻ നടത്തുന്ന പുതിയൊരു കാൽവയ്‌പിന്റെ നാഴികക്കല്ലാണ് കേരള യൂത്ത് ലീഡർഷിപ്‌ അക്കാദമിയെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top