15 October Tuesday

നിസാൻ നുണപ്രചാരണം പിന്നിൽ വികസനവിരുദ്ധർ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


സ്വന്തം ലേഖകൻ
നിസാൻ കമ്പനി കേരളം വിട്ടെന്ന നുണപ്രചാരണത്തിന‌് പിന്നിൽ വികസനവിരുദ്ധരും നിക്ഷിപ‌്ത താൽപ്പര്യക്കാരുമാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ വികസനങ്ങളെ പിന്നോട്ടടിക്കുന്നതും സമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമായ നിരവധി വസ്തുതാവിരുദ്ധ പ്രചാരണങ്ങൾ നടക്കുകയാണ്. അതിലൊന്നാണ് നിസാൻ കമ്പനി മനം മടുത്ത‌് കേരളം വിട്ടെന്ന പ്രചാരണം. കമ്പനി പ്രവർത്തനം തുടങ്ങുകയും പ്രവർത്തനം വിപുലമാക്കാനുള്ള  എല്ലാ സാഹചര്യങ്ങളും ഒരുങ്ങുകയുംചെയ്യുമ്പോഴാണ് അവർ മടുത്ത് പിന്മാറുന്നു എന്ന വാർത്ത വരുന്നത്.  ആ കമ്പനിയുടെ അറുനൂറോളംപേർ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യംപോലും മനസ്സിലാക്കാതെയാണ് പ്രചാരണം.

കമ്പനിയുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുന്നതിന് ചില ആവശ്യങ്ങൾ അവർ മുന്നോട്ടുവച്ചു. അതിന്റെ  അടിസ്ഥാനത്തിൽ കാര്യങ്ങൾ ചർച്ചചെയ്ത് ആവശ്യമായ തീരുമാനങ്ങൾ സർക്കാർ എടുത്തു. ചില കാര്യങ്ങൾ കേന്ദ്രസർക്കാർ തലത്തിലും മറ്റും പരിഹരിക്കേണ്ടവയാണ്. നിസാന്റെ വളരെ പ്രധാനപ്പെട്ട ഒരാവശ്യം അവർക്ക് സർക്കാരുമായി ബന്ധപ്പെടാൻ ഒരു പ്രത്യേക സംവിധാനം വേണമെന്നായിരുന്നു.  വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ കെ ബിജുവിന‌്  ചുമതല നൽകി പ്രത്യേകം നിയോഗിച്ചു.  ടെക്നോപാർക്കിനു പുറമെ കിൻഫ്രയിൽ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടെക്നോപാർക്കിലെ പ്രവർത്തനത്തിൽ ഉള്ള വ്യവസ്ഥകൾതന്നെ കിൻഫ്രയിലും വേണമെന്ന നിസാന്റെ  ആവശ്യം അംഗീകരിച്ചു. നിസാനും കിൻഫ്രയും തമ്മിലുള്ള ഏകോപനത്തിന് ബിജുവിനെത്തന്നെ ചുമതലപ്പെടുത്തി.

ഇൻഫോസിസിലെ സ്ഥല കരാറിൽ സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവുവേണമെന്ന  ആവശ്യവും അംഗീകരിച്ചു.  ആറ്റിപ്ര വില്ലേജിലെ ടെക്നോപാർക്ക് ക്യാമ്പസ് 2ലെ സ്ഥലമാണ് നിസാന് നൽകിയത്. വിമാനത്താവളത്തിന്റെ കണക്ടിവിറ്റി കാര്യത്തിൽ കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ വിമാന കമ്പനികളുമായി ചർച്ച നടത്തും. പാർലമെന്റ‌് സമ്മേളനം കഴിഞ്ഞാലുടൻ തിരുവനന്തപുരത്ത‌് യോഗം ചേരും. അങ്ങേയറ്റം നിഷേധാത്മകമായ പ്രചാരണം നടത്തി നാടിന്റെ വികസനം തടസ്സപ്പെടുത്താൻ ആരും ശ്രമിക്കരുത‌്. ഈ കാര്യത്തിൽ മാധ്യമങ്ങൾക്ക‌് വലിയ സംഭാവന ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top