29 September Tuesday

നിപായെ അതിജീവിച്ച കുടുംബത്തിന‌് ‘ഭ്രഷ്ട‌് ’ ; വാടകവീട‌് കിട്ടാതെ ബന്ധുവീട്ടിൽ

എം എസ‌് അശോകൻUpdated: Wednesday Jul 24, 2019

കൊച്ചി
നിപാ ബാധിച്ച‌് ആസ‌്റ്റർ മെഡ‌്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിയെ ചൊവ്വാഴ‌്ച  ഡിസ‌്ചാർജ‌് ചെയ‌്തെങ്കിലും പറവൂർ തുരുത്തിപ്പുറത്തെ സ്വന്തം വീട്ടിലേക്ക‌് മടങ്ങാനായില്ല. വീടിരിക്കുന്ന പ്രദേശം അനാരോഗ്യകരമായ ചുറ്റുപാടിലായതിനാൽ രോഗം ഭേദമായി അവിടേക്ക‌് മടങ്ങേണ്ടെന്ന‌്  അമ്മയും ബന്ധുക്കളും തീരുമാനിച്ചിരുന്നു. എന്നാൽ, സമീപത്തുതന്നെ വീട‌് വാടകയ‌്ക്കെടുക്കാൻ ശ്രമിച്ചെങ്കിലും ആരും വീടു നൽകാൻ തയ്യാറാകുന്നില്ലെന്ന‌്  വിദ്യാർഥിയുടെ അമ്മ പറഞ്ഞു. തുടർന്ന‌് കുടുംബസമേതം ചെറായിയിലെ ബന്ധുവിന്റെ വീട്ടിലേക്കാണ‌്  പോന്നത‌്.

തുരുത്തിപ്പുറത്തെ വീട്ടിലേക്ക‌് മടങ്ങാനാകാത്ത അവസ്ഥയായതിനാൽ കുറെ ദിവസമായി വാടകവീട‌് അന്വേഷിക്കുകയാണെന്ന‌് അമ്മ പറഞ്ഞു. സമീപത്തുതന്നെ ഒഴിവുള്ള വീടുകളുണ്ടെങ്കിലും നിപാ ഭയത്താൽ ആരും തരാൻ തയ്യാറല്ല. ബന്ധുക്കൾ മുഖേനയും പലഭാഗത്തും വീടന്വേഷിച്ചു. തങ്ങൾക്കാണെന്നറിഞ്ഞപ്പോൾ പലരും ഒഴിവുകഴിവു പറഞ്ഞു. തുരുത്തിപ്പുറത്തുതന്നെ വീടു കിട്ടിയില്ലെങ്കിൽ മകന്റെ തുടർചികിത്സയും  കുട്ടികളുടെ പഠിത്തവും തന്റെ ജോലിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാകും. പ്രളയത്തിൽ കേടുപാട‌് സംഭവിച്ച സ്വന്തം വീട‌് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കണം. വാർക്കവീടിന്റെ മേൽക്കൂര ചോരുന്നുണ്ട‌്. ഭിത്തികൾക്കും കേടുപാടുണ്ട‌്.  വാടകവീട‌് തുരുത്തിപ്പുറത്തുതന്നെ കിട്ടിയാലെ അറ്റകുറ്റപ്പണികൾ ചെയ്യാനാകൂ.

രണ്ടുമാസത്തോളമായി ആശുപത്രിയിലായതിനാൽ വീടിന്റെ പരിസരം കാടുകയറി. ദേശീയപാതയ‌്ക്ക‌് വേണ്ടിയെടുത്ത സ്ഥലമാണ‌് ചുറ്റും. അവിടം ശുചീകരണമില്ലാതെ മലിനവുമാണ‌്. മകന‌് രോഗം വന്നത‌് പഴംതീനി വവ്വാലിൽനിന്നാണെന്ന‌് കണ്ടെത്തിയിരുന്നു. രോഗവാഹകരായ വവ്വാലുകളുടെ ആവാസകേന്ദ്രമാണ‌് ഇപ്പോഴും വീടിന്റെ പരിസരം. അതുകൊണ്ടാണ‌് അവിടേക്ക‌് മടങ്ങേണ്ടെന്ന‌് തീരുമാനിച്ചത‌്.

ഡിസ‌്ചാർജ‌് ചെയ‌്തെങ്കിലും ഒരുമാസത്തെ വിശ്രമമാണ‌് ഡോക‌്ടർമാർ നിർദേശിച്ചിട്ടുള്ളത‌്. അതിനുശേഷമേ കോളേജിൽ പോകാനാകൂ. വീടിനുള്ളിൽ നടക്കാം. എണ്ണ അധികമില്ലാത്ത ഭക്ഷണം കഴിക്കാം. മരുന്നുകളുമുണ്ട‌്. ചൊവ്വാഴ‌്ച വൈകിട്ട‌് നാലോടെയാണ‌് ആശുപത്രി വിട്ടത‌്. പ്രയാസമുണ്ടെങ്കിലും സ്വയം നടന്നാണ‌് വാഹനത്തിൽ കയറിയത‌്. ചെറായിയിലുള്ള തന്റെ സഹോദരന്റെ വീട്ടിലേക്ക‌് പോരുകയായിരുന്നെന്നും വാടകവീട‌് കിട്ടുന്നതുവരെ ഇവിടെ തങ്ങുമെന്നും വിദ്യാർഥിയുടെ അമ്മ പറഞ്ഞു. മെയ‌് 29ന‌് മകന്റെ ചികിത്സയ‌്ക്കായി ആസ‌്റ്റർ മെഡ‌്സിറ്റിയിലേക്ക‌് പോന്നശേഷം ഇവർക്ക‌് തുരുത്തിപ്പുറത്തെ വീട്ടിലേക്ക‌് പോകാനായിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top