17 September Tuesday

ചാന്ദ്രയാനിൽ കൈയൊപ്പിട്ട‌് കേരളവും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019


സ്വന്തം ലേഖകൻ
ഇന്ത്യയുടെ അഭിമാനമായി കുതിച്ചുയർന്ന  ചാന്ദ്രയാൻ–- 2 ദൗത്യത്തിന് ഐഎസ്ആർഒയ്ക്ക് ഉപകരണങ്ങൾ നിർമിച്ചതിൽ കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളും. സ്റ്റീൽ ഇൻഡസ്ട്രിയൽ ഫോർജിങ‌്സ‌് ലിമിറ്റഡ് (എസ്ഐഎഫ്എൽ), കേരള മിനറൽസ് ആൻഡ‌് മെറ്റൽസ് (കെഎംഎംഎൽ), കെൽട്രോൺ, കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് (കെഎഎൽ), സിഡ്കോ എന്നിവരാണ് ചാന്ദ്രദൗത്യത്തിനും മറ്റുമുള്ള ഉപകരണങ്ങൾ നിർമിച്ചത്. വർഷങ്ങളായി ഐഎസ്ആർഒ ദൗത്യങ്ങളിൽ പങ്കാളികളാണിവർ.  ലൈനറുകൾ, സെപ്പറേഷൻ സിസ്റ്റത്തിന്റെ ബൈനോക്കുലർ ബോഡി, വികാസ് എൻജിന്റെ പ്രിൻസിപ്പൽ ഷാഫ്റ്റ്, ഇക്യുലിബ്രിയം റെഗുലേറ്റർ പിസ്റ്റൺ, ഇക്യുലിബ്രിയം റെഗുലേറ്റർ ബോഡി, ക്രയോ എൻജിനിലെ ടൈറ്റാനിയം ആൽഫാ അലോയ് ഗ്യാസ് ബോട്ടിലുകൾ എന്നിവയും വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് 3യുടെ ബോഡി നിർമിക്കുന്ന അലുമിനിയം സങ്കര ഫോർജിങ്ങും തൃശൂർ ആസ്ഥാനമായ എസ്ഐഎഫ്എൽ വികസിപ്പിച്ചതാണ്.

ഐഎസ്ആർഒയുടെ ഭാവിപദ്ധതി ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഗഗൻയാൻ പ്രോജക്ടിന‌് ഇൻകോണൽ ഗ്യാസ് ബോട്ടിൽ വികസിപ്പിക്കാനും ചർച്ച നടക്കുന്നു. 83ൽ സ്ഥാപിതമായ എസ്ഐഎഫ്എൽ ഫോർജിങ‌് മേഖലയിൽ ഇന്ത്യയിലെ ഏക പൊതുമേഖലാസ്ഥാപനമാണ്. എയർക്രാഫ്റ്റ് എൻജിൻ, മിസൈൽ, റെയിൽവേ എൻജിൻ, മുങ്ങിക്കപ്പൽ, യുദ്ധടാങ്കർ എന്നിവയുടെ ഭാഗങ്ങൾ, ഓയിൽ ആൻഡ‌് ഗ്യാസ് വ്യവസായത്തിന് ആവശ്യമായ വാൽവുകൾ എന്നിവയും ഉൽപ്പാദിപ്പിക്കുന്നു.

ഉപഗ്രഹത്തിലും  റോക്കറ്റിലുമുള്ള ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഘടകങ്ങളാണ് കെൽട്രോൺ നിർമിച്ചത്. 75ൽ സ‌്പെയ‌്സ് ഇലക്ട്രോണിക്സ് വിഭാഗംതന്നെ കെൽട്രോണിൽ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കെൽട്രോണിന്റെ കരകുളം, മൺവിള യൂണിറ്റുകളിലാണ് ഐഎസ്ആർഒയ‌്ക്കുള്ള ഘടകങ്ങൾ നിർമിക്കുന്നത‌്. ഐഎസ്ആർഒ ബംഗളൂരു, തിരുവനന്തപുരം കേന്ദ്രങ്ങൾ കെൽട്രോണുമായി സഹകരിക്കുന്നു.

സിഡ്കോ എട്ടുവർഷമായി ഐഎസ്ആർഒവിന‌്സൂക്ഷ്മ ഉപകരണഭാഗങ്ങൾ നൽകുന്നു. ജിഎസ്എൽവി മാർക്ക് 3ന്റെ പിസ്റ്റൺ നോസ് കോൺ, സിലിണ്ടർ നോസ് കോൺ, ആക്സിലറേറ്റ് ബ്രാക്കറ്റ് എന്നിവ നൽകി. കോഴിക്കോട് ഒളിവണ്ണ യൂണിറ്റാണ് ഇവ നിർമിച്ചത്.ചാന്ദ്രയാൻ–- 1 നും സിഡ്കോ സൂക്ഷ്മ ഉപകരണഭാഗങ്ങൾ നൽകി. കനം കുറഞ്ഞതും ബലംകൂടിയതുമായ പ്രകൃതമുള്ള ടൈറ്റാനിയം സ്പോഞ്ച് ആണ് കെഎംഎംഎൽ ഐഎസ് ആർഒയ്ക്ക് നൽകുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top