07 August Friday

യുഡിഎഫിലെ പ്രശ്‌നങ്ങൾ മൂടിവച്ചിട്ട്‌ കാര്യമില്ല: കുഞ്ഞാലിക്കുട്ടി

പ്രത്യേക ലേഖകൻUpdated: Wednesday Jun 24, 2020

തിരുവനന്തപുരം > യുഡിഎഫിൽ പ്രശ്‌നങ്ങളുണ്ടെന്നും മൂടിവച്ചിട്ട്‌ കാര്യമില്ലെന്നും തുറന്നടിച്ച്‌ പി കെ കുഞ്ഞാലിക്കുട്ടി. ഉമ്മൻചാണ്ടി–-ചെന്നിത്തല തർക്കം മുറുകുന്നതിനിടെ ഇരുവർക്കും വെല്ലുവിളി ഉയർത്തി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനം കോൺഗ്രസിനെ ഉദ്ദേശിച്ചല്ലെന്ന്‌ യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാൻ.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കുന്ന കാര്യത്തിൽ യുഡിഎഫ്‌ അന്ത്യശാസനം തള്ളിയ കേരള കോൺഗ്രസ്‌ ജോസ്‌ കെ മാണി വിഭാഗത്തിനുമുമ്പിൽ കാഴ്‌ചക്കാരായി കോൺഗ്രസ്‌. കോൺഗ്രസിനെ പരിഹസിച്ച്‌‌ പി ജെ ജോസഫ്‌. യുഡിഎഫ്‌ രാഷ്‌ട്രീയം കലങ്ങി മറിയുന്നു.

ദേശീയ രാഷ്‌ട്രീയം മതിയാക്കി കേരളത്തിലേക്ക്‌ മടങ്ങിവരുന്നുവെന്ന സൂചന കെ സി വേണുഗോപാൽ ചൊവ്വാഴ്‌ച ഡൽഹിയിൽ വ്യക്തമാക്കിയിരുന്നു‌. കേരളം വിട്ടൊരു ദേശീയ രാഷ്‌ട്രീയം തനിക്കില്ലെന്നാണ്‌ വേണുഗോപാൽ  പറഞ്ഞത്‌‌. ഇതോടെ ചെന്നിത്തലയെ പിന്തുണച്ച്‌ ഉമ്മൻചാണ്ടിയും യുഡിഎഫ്‌ കൺവീനർ ബെന്നി ബഹനാനും  തന്ത്രപരമായി രംഗത്ത്‌ വന്നു. ചെന്നിത്തലയുമായി ചേർന്ന്‌ കെ സി വേണുഗോപാലിന്റെ മടങ്ങിവരവിന്‌ തടയിടാനുള്ള തന്ത്രമാണ്‌ എ ഗ്രൂപ്പ്‌ മെനയുന്നത്‌.   അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഹൈക്കമാൻഡ്‌ തീരുമാനിക്കുമെന്ന്‌ കഴിഞ്ഞ ദിവസം പറഞ്ഞ ഉമ്മൻചാണ്ടി മലക്കം മറിഞ്ഞു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ മുന്നോട്ടുപോകുമെന്നാണ്‌ പുതിയ വിശദീകരണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top