ജെമിനി ശങ്കരന്‍... നന്മയുടെ പൂമരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 24, 2023, 02:00 AM | 0 min read

മുൻകൂട്ടി പറഞ്ഞതനുസരിച്ച് പാംഗ്രോവ് റിസോർട്ടിലെത്തുമ്പോൾ "മുതലാളി'പതിവു തിരക്കുമായി റിസപ്ഷനിൽ. മുറികൈയൻ ഷർട്ടും ഒറ്റമുണ്ടും. ഫോൺ അറ്റന്റ് ചെയ്യുന്നു. അതിഥികളുടെ ആവശ്യമറിഞ്ഞ് ജീവനക്കാർക്ക്നിർദേശം നൽകുകയാണ്‌.താമസമൊഴിയുന്നവരുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നു. വിശ്വത്തോളം വളർന്ന ജെമിനി ശങ്കരനാണോ ഇതെന്ന് ശങ്കിച്ച നിമിഷം. തെറ്റിയില്ല. കണ്ടയുടനെ നിഷ്കളങ്കമൊയ ചിരിയോടെ വരവേറ്റു.

ഖദർ ഉടുപ്പിന്റെ വെൺമയും വിശുദ്ധിയും ഹൃദയത്തിലും ആവാഹിച്ച് സാമൂഹ്യ‐ സാംസ്കാരിക മേഖലകളിൽ നിലാവുപോലെ പ്രകാശം പരത്തിയ അദ്ദേഹം വലിപ്പച്ചെറുപ്പമില്ലാതെ ഏവരോടും അടുത്തിടപഴകി. കൃത്രിമത്വമില്ലാത്ത പെരുമാറ്റം. പരിചയപ്പെടുന്ന ആരെയും ആകർഷിക്കാനുള്ള സവിശേഷ സിദ്ധി.

എല്ലാ അർഥത്തിലും നന്മയുടെ സുഗന്ധം വിതറിയ പൂമരം. "മലക്കം മറിയുന്ന ജീവിതം' എന്നാണ് ശങ്കരന്റെ ആത്മകഥയുടെ പേര്. സർക്കസിലെ മലക്കം മറിയലാണ് ലോകം ആദരിക്കുന്ന മഹാപുരുഷനാക്കിയതെങ്കിലും ജീവിതത്തിൽ  അങ്ങനെ ചെയ്തില്ല. പൊള്ളുന്ന യാഥാർഥ്യങ്ങൾക്കുമുന്നിൽ പതറാതെ, സധൈര്യം തുഴഞ്ഞുകയറിയ അദ്ദേഹം ജീവിതത്തിൽ ഒരിക്കലും നേർവഴി വെടിഞ്ഞില്ല. തമ്പിന്റെ ഓർമകളിലേക്ക് നയിക്കുമ്പോഴെല്ലാം വാചാലനായി. നെഹ്റുവും സോവിയറ്റ് യൂണിയനിലെ പര്യടനവും ഇ എം എസും എ കെ ജി യും ജ്യോതിബസുവുമെല്ലാം സംഭാഷണത്തിൽ നിറയും. "എന്റെ കല്യാണസദ്യക്ക് പപ്പടം വിളമ്പിയത് എ കെ ജിയാണെന്നറിയോ'‐ എന്ന അനുബന്ധവും ഇ എം എസുമായുള്ള ബന്ധവും ശങ്കരൻ അയവിറക്കും.

ഒരിക്കൽ കൊൽക്കത്തയിൽ സർക്കസ് അവതരിപ്പിക്കാൻ മൈതാനം കിട്ടുന്നില്ല. ഇ എം എസിനെ വിവരം ധരിപ്പിച്ചു. അദ്ദേഹം ജ്യോതിബസുവിന് കത്ത് കൊടുത്തു. ബസു അന്ന് മുഖ്യമന്ത്രിയാണ്‌. റൈറ്റേഴ്സ് ബിൽഡിങ്ങിലെത്തി അത് കൈമാറി. മൈതാനം ലഭ്യമാക്കിയെന്നു മാത്രമല്ല, ഉദ്ഘാടനം നിർവഹിച്ചതും അദ്ദേഹം. "അധ്വാനിക്കണം. ലക്ഷ്യബോധത്തോടെ മുന്നേറണം' പുതിയ തലമുറയോട് ശങ്കരൻ ഉപദേശിച്ചു.

കഠിനാധ്വാനമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഓർമിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം ഒന്നുകൂടി‐ സത്യസന്ധത. തികഞ്ഞ സത്യസന്ധത കൈമുതലാക്കിയവർക്കേ ജീവിതത്തിൽ ആത്യന്തികമായി മേൽഗതിയുള്ളൂ. അല്ലാത്തവരും വിജയിക്കുന്നുണ്ടാകാം. പക്ഷേ, ക്ഷണികമാണെന്നും കൂട്ടിച്ചേർക്കുമ്പോൾ ആ നിലപാടുകൾ വ്യക്തമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home