22 August Thursday

വോട്ടും സീറ്റും വർധിക്കും: കോടിയേരി ബാലകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019


എൽഡിഎഫിന‌് വോട്ടും സീറ്റും വർധിക്കുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. മികച്ച പോളിങ്ങാണ‌് സംസ്ഥാനത്താകെ രേഖപ്പെടുത്തിയത‌്. ഇത‌് എൽഡിഎഫിന‌് അനുകൂലമാകും. 2004 ലെ തെരഞ്ഞെടുപ്പിൽ  കൂടിയ പോളിങ്‌ ശതമാനമാണ‌് രേഖപ്പെടുത്തിയിരുന്നത‌്. എൽഡിഎഫ‌് അന്ന‌് മികച്ച വിജയം നേടി. അതിനേക്കാൾ മികച്ച വിജയമാണ‌് ഇക്കുറിയുണ്ടാകും. എൽഡിഎഫ‌് 19 സീറ്റ‌് നേടും. വോട്ട‌് ചെയ‌്തശേഷം മാധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിനും ബിജെപിക്കും ജനങ്ങൾ കനത്ത തിരിച്ചടി നൽകും. എൽഡിഎഫും യുഡിഎഫും തമ്മിലാണ‌് കേരളത്തിൽ മത്സരം. എല്ലായിടത്തും ബിജെപി മുന്നാം സ്ഥാനത്താകുമെന്നും കോടിയേരി പറഞ്ഞു.

യന്ത്രത്തകരാർ: തെരഞ്ഞെടുപ്പ് കമീഷന‌് പാളിച്ചയുണ്ടായി
വോട്ടിങ‌് യന്ത്രങ്ങൾ കൃത്യമായി ക്രമീകരിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടില്ലെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോടിയേരി ജൂനിയർ ബേസിക് സ്കൂളിൽ വോട്ടുചെയ്തശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വോട്ടിങ‌് യന്ത്രം തകരാറിലായി. ആർക്ക് വോട്ട് ചെയ്യുമ്പോഴും താമരക്ക് വോട്ട് വീഴുന്ന സംഭവവുമുണ്ടായി. മോഡിയുടെ യന്ത്രം കേരളത്തിലും വന്നുവെന്നാണിത് കാണിക്കുന്നത്. വിവി പാറ്റ് ഏർപ്പെടുത്തിയതിനാൽ കൂടുതൽ സമയമെടുക്കുന്നത‌് നീണ്ട ക്യൂ രൂപപ്പെടാൻ കാരണമായി. ചൂടും വോട്ടർമാരെ വലച്ചു. സമയം കൂടുതൽ ആവശ്യമുള്ളതിനാൽ ബൂത്തുകളുടെ എണ്ണം കൂട്ടേണ്ടിയിരുന്നു. യന്ത്രങ്ങളും പലതും തകരാറിലായി. ഇതിലും ജാഗ്രതയോടെയുള്ള ക്രമീകരണം ഉണ്ടായില്ലെന്നും കോടിയേരി പറഞ്ഞു.

കേരള ജനതയ‌്ക്ക‌് അഭിവാദ്യം
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സമാധാനപരമായ നിലയിൽ വോട്ടെടുപ്പ‌് നടത്തിയ കേരള ജനതയെയും നല്ലനിലയിൽ പ്രവർത്തിച്ച എൽഡിഎഫ‌് പ്രവർത്തകരെയും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ അഭിവാദ്യം ചെയ‌്തു‌.

സംസ്ഥാനത്ത‌് എല്ലാ മണ്ഡലത്തിലും ഉയർന്ന പോളിങ്ങാണ‌് രേഖപ്പെടുത്തിയത‌്. യുഡിഎഫിന്റെ സ്ഥാനാർഥിയും ഏജന്റുമാരും ബൂത്തിനുള്ളിൽ കയറി പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചിട്ടും സംയമനത്തോടെ നേരിട്ട‌ എൽഡിഎഫ‌് പ്രവർത്തകർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നെന്ന‌് അദ്ദേഹം പറഞ്ഞു. സമാധാനപരമായ നിലയിൽ തെരഞ്ഞെടുപ്പ‌് നടത്തുന്നതിന‌് സാഹചര്യമൊരുക്കിയ എൽഡിഎഫ‌് സർക്കാരിനെയും പൊലീസിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. പോളിങ‌് ആരംഭിച്ച സമയത്ത‌ുതന്നെ വോട്ടിങ‌് യന്ത്രം പലയിടത്തും തകരാറിലായത‌് പോളിങ‌് വൈകാൻ ഇടയാക്കി. തിരുവനന്തപുരത്തും ആലപ്പുഴയിലും ഉദ്ദേശിച്ച സ്ഥാനാർഥിക്കല്ല വോട്ട‌് രേഖപ്പെടുത്തപ്പെട്ടതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട‌്. വിവി പാറ്റ‌് മെഷീൻ ഉപയോഗിച്ചതിനാൽ കൂടുതൽ സമയം വേണ്ടിവന്നു.

ഇത‌് മുൻകൂട്ടിക്കണ്ട‌് മുൻകരുതൽ നടപടി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പ‌് കമീഷന‌് വീഴ‌്ചയുണ്ടായോ എന്ന‌് പരിശോധിച്ച‌് ഭാവിയിൽ തിരുത്തൽ നടപടി സ്വീകരിക്കണം. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള നിശ്ചയദാർഢ്യമാണ‌് വോട്ടെടുപ്പിൽ പ്രകടമായത‌്. എൽഡിഎഫിന‌് ചരിത്രവിജയം ലഭിക്കുമെന്ന‌് ഇത‌് വ്യക്തമാക്കുന്നുവെന്നും കോടിയേരി പ്രസ‌്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top