22 July Monday

അമ്പലപ്പുഴയിൽ രണ്ട് സിപിഐ എം പ്രവർത്തകരെ വെട്ടി; പിന്നിൽ ആർഎസ്‌എസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

അമ്പലപ്പുഴ> അമ്പലപ്പുഴയിൽ രണ്ട് എൽഡി‌എഫ് പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ചു . സിപിഐ എം അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ ജ്യേഷ്വാ (33), ഡിവൈഎഫ്ഐ കരുമാടി യൂണിറ്റംഗം പ്രജോഷ് (30) എന്നിവരെയാണ്‌ വെട്ടിയത്‌.   സമീപമുള്ള ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.
 
അമ്പലപ്പുഴ തിരുവല്ല റോഡിൽ അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്ക് ഞൊണ്ടി മുക്കിനു സമീപം ചൊവ്വാഴ‌്ച രാത്രി 9.30 ഓടെയായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ശേഷം കാക്കാഴത്തെ പെട്രോൾ പമ്പിലേക്ക് ബൈക്കിൽ വരുകയായിരുന്ന ഇരുവരേയും മൂന്നു ബൈക്കുകളില്‍ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. ജെൻസണും  പ്രജോഷും സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ‌്ത്തിയ ശേഷം വടിവാളിനു വെട്ടുകയും കൊലവിളി നടത്തുകയുമായിരുന്നു. ശബ‌്ദം കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ അക്രമിസംഘം കടന്നുകളഞ്ഞു. തലയ‌്ക്കും കൈകാലുകൾക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ഇരുവരേയും വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
 
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ്  കൊട്ടിക്കലാശത്തിനിടെ കല്ലും വടിയുമുപയോഗിച്ചുള്ള ബിജെപി, ആർഎസ്എസ് പ്രവർത്തകരുടെ അക്രമത്തിൽ 24-ഓളം എൽഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. അക്രമത്തിൽ രണ്ടു പൊലീസുകാർക്കും പരിക്കേറ്റു. രണ്ട് ഓട്ടോറിക്ഷയടക്കം നിരവധി വാഹനങ്ങളും സംഘം തകർത്തിരുന്നു. സംഭവ സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുന്നതിനിടെയാണ് ഒരു കിലോമീറ്റർ അകലെ മാറി വീണ്ടും ബിജെപി, ആർഎസ്എസ് ക്രിമിനലുകളുടെ ആക്രമണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top