31 March Tuesday

കാർഷികപ്രതിസന്ധി പരിഹരിക്കാൻ ഉദാരവൽക്കരണനയം ഉപേക്ഷിക്കണം: അശോക് ധാവ്‌ളെ

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020


കൊല്ലം
രാജ്യം അഭിമുഖീകരിക്കുന്ന കാർഷിക പ്രതിസന്ധിക്കു പരിഹാരം കാണാൻ യുപിഎ സർക്കാർ നടപ്പാക്കിയതും മോഡി സർക്കാർ തുടരുന്നതുമായ പുത്തൻ ഉദാരവൽക്കരണനയം ഉപേക്ഷിക്കണമെന്ന്‌ അഖിലേന്ത്യ കിസാൻ സഭാ  പ്രസിഡന്റ്‌ അശോക്ധാവ്‌ളെ പറഞ്ഞു. കേന്ദ്രസർക്കാർ കോർപറേറ്റുകൾക്ക്‌ നൽകിയ വായ്‌പയിൽ എഴുതിത്തള്ളിയ തുക മാത്രം മതിയാകും കർഷകരുടെ കടബാധ്യത ഇല്ലാതാക്കാൻ. കർഷകസംഘം  സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കാർഷികപ്രതിസന്ധിയും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ കൊല്ലം ക്യൂഎസി മൈതാനിയിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ധാവ്‌ളെ.

കർഷകരുടെ കടം എഴുതിത്തള്ളണം.  ഉൽപ്പാദനച്ചെലവിന്റെ 150 ശതമാനം വില നൽകുന്നതിനും കയറ്റ്‌ –- ഇറക്കുമതി ഇനത്തിൽ മാറ്റം വരുത്തുന്നതിനും സർക്കാർ തയ്യാറാകണം. കർഷകരുടെ പ്രശ്‌നങ്ങൾ അവഗണിച്ച്‌ ഡോണൾഡ്‌ ട്രംപിനെ വണങ്ങാൻ തയ്യാറെടുക്കുകയാണ്‌  മോഡി. അഹമ്മദാബാദിലെ കർഷകരും സാധാരണജനങ്ങളും അനുഭവിച്ച തിക്‌തഫലങ്ങൾ മറന്നു സ്വീകരണം കൊഴുപ്പിക്കുന്ന മോഡി അമേരിക്കയ്ക്കു‌വേണ്ടി ദാസ്യവൃത്തി നടത്തുകയാണ്‌. കാർഷികമേഖലയേയും ഭക്ഷ്യസുരക്ഷാപദ്ധതിയും പൂർണമായും തകർക്കുന്ന നടപടികളാണ്‌ കേന്ദ്ര ബജറ്റിലുള്ളത്‌. സാധാരണക്കാരായ  90 ശതമാനത്തെ മറന്ന്‌ 10 ശതമാനം വരുന്ന  വൻകിടക്കാരുടെ  താൽപ്പര്യം സംരക്ഷിക്കുകയാണ്‌ കേന്ദ്രസർക്കാർ.

കാർഷികമേഖലയിലും പൊതുവിതരണരംഗത്തും കേരളത്തിൽ എൽഡിഎഫ്‌  സർക്കാർ നടപ്പാക്കുന്ന നയങ്ങൾ അഭിനന്ദനാർഹമാണ്‌.  നെൽസംഭരണം നടപ്പാക്കി കർഷകന് ന്യായവില ഉറപ്പാക്കുന്നു. സബ്‌സിഡികൾ പരമാവതി നൽകുന്നു. ഒപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലുണ്ടായ ചെറുത്തുനിൽപ്പ്‌ രാജ്യം ഏറെ ചർച്ചചെയ്യപ്പെട്ടെന്നും അശോക്‌ ധാവ്‌ളെ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top