15 November Friday

മജിസ്ട്രേട്ടിന്റെ വീട്ടിൽ മോഷണം നടത്തിയ- പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019


കൂത്താട്ടുകുളം
കൂത്താട്ടുകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട്‌ ജോജി തോമസിന്റെ വീട്ടിൽ മോഷണം നടത്തിയ നാലു പ്രതികളെ അറസ്റ്റ് ചെയ്തു. ചോറ്റാനിക്കരയിൽ താമസിക്കുന്ന തൊടുപുഴ ഇടവെട്ടി മാരിയിൽ സനിൽകുമാർ (36),  കോലാനി തൃക്കയിൽ സെൽവകുമാർ (സുരേഷ് 45), തലയോലപ്പറമ്പ്  മിഠായിക്കുന്ന് സൂര്യഭവനിൽ സൂരജ് (30), ആലപ്പുഴ മുഹമ്മ പണിക്കപ്പറമ്പിൽ രാധാകൃഷ്ണൻ (56) എന്നിവരാണ്  പിടിയിലായത്. പ്രതികളെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. 

കൂത്താട്ടുകുളം സിഐ കെ ആർ മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ 10 ദിവസങ്ങൾക്കുള്ളിലാണ്‌ പ്രതികളെ വലയിലാക്കിയത്‌. ജനൽച്ചില്ല് തകർത്ത് മരഅഴി അറുത്തുമാറ്റി അകത്തുകയറുന്നതിനിടെ സെൽവകുമാറിന്റെ ശരീരത്തിലുണ്ടായ മുറിവിൽനിന്നു ലഭിച്ച രക്തസാമ്പിളുകൾ ഉൾപ്പെടെയുള്ളവ  പരിശോധിച്ചു. മൊബൈൽ ട്രാക്കിങ്‌ സംവിധാനവും പ്രയോജനപ്പെടുത്തി. പിടിയിലായ പ്രതികൾ നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്ന്‌ പൊലീസ്‌ പറഞ്ഞു. സനിൽകുമാർ,   വാഹനമോഷണം ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളിലെ  പ്രതിയാണ്. വൈക്കം പൊതി ആശുപത്രിയിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂരജ് ജാമ്യത്തിലിറങ്ങിയപ്പോഴാണ്  മോഷണക്കേസിൽ പിടിയിലായത്. സെൽവകുമാറും നിരവധി  കേസുകളിലെ പ്രതിയാണ്. ആലപ്പുഴയിൽ സ്വർണവ്യാപാരം നടത്തുന്ന രാധാകൃഷ്ണൻ മോഷണമുതൽ വാങ്ങുന്ന വ്യക്തിയാണ്.

കഴിഞ്ഞ 13ന്‌ മജിസ്‌ട്രേട്ടിന്റെ തിരുമാറാടിയിലെ വീട്ടിലാണ്‌ കവർച്ച നടന്നത്‌. അവധിയായതിനാൽ മജിസ്ട്രേട്ടും കുടുംബവും എറണാകുളത്തെ വീട്ടിലായിരുന്ന സമയത്തായിരുന്നു മോഷണം. മടങ്ങിവന്നശേഷമാണ് മോഷണവിവരം അറിയുന്നത്.


പ്രധാന വാർത്തകൾ
 Top