23 January Thursday

വന്നു, കണ്ടു... കോടിയേരിയോട‌് തന്നെ ചോദിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

മലങ്കര മേജർ ആർച്ച്‌ ബിഷപ്‌ മാർ ക്ലിമീസ്‌ കാതോലിക്കാ ബാവയെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ സന്ദർശിച്ചപ്പോൾ


പാറ്റൂർ ഏറത്തുലെയ‌്നിലെ കൃഷ‌്ണാഞ‌്ജലിയിലേക്ക‌് തിങ്കളാഴ‌്ച രാവിലെ പത്തോടെ കയറി വന്നയാളെ കണ്ട‌് വീട്ടുകാർ തെല്ലൊന്ന‌് അമ്പരന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്‌ണൻ. കോടിയേരി സ്വയം പരിചയപ്പെടുത്തിയപ്പോൾ, ഗൃഹനാഥൻ രാധാകൃഷ‌്ണന‌് സംശയം. ‘അതിന‌് ഇനി ഉടൻ തെരഞ്ഞെടുപ്പ‌് ഒന്നും വരാനില്ലല്ലോ?’ കോടിയേരിയുടെ മറുപടി: ‘സാധാരണ തെരഞ്ഞെടുപ്പ‌് കാലത്തും ഫണ്ടുപിരിവിനുമാണ‌് പാർടി പ്രവർത്തകർ എല്ലാ വീടും കയറിയിറങ്ങാറ‌്. എന്നാൽ, ഫണ്ടിനോ വോട്ടിനോ വേണ്ടിയല്ല ഇപ്പോൾ വന്നത‌്. ‘നിങ്ങളെ കാണാനും പാർടിയെക്കുറിച്ചും സർക്കാരിന്റെയും കോർപറേഷന്റെയും പ്രവർത്തനത്തെക്കുറിച്ചും എല്ലാവരുടെയും അഭിപ്രായം അറിയാനാണ‌് വന്നത‌്. ഭാര്യ ലിജിയോട‌് ചായയിടാൻ നിർദേശിച്ച‌്  രാധാകൃഷ‌്ണൻ സംസാരം തുടങ്ങി.

ശബരിമല കുറച്ച‌് കടന്ന കൈയായിപ്പോയില്ലേ?–- അദ്ദേഹത്തിന‌് സംശയം. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധിയും അത‌് നടപ്പാക്കാൻ ബാധ്യസ്ഥരായ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും കോടിയേരി വിശദീകരിച്ചു. ശരിവച്ച രാധാകൃഷ‌്ണന‌് ഒരുകാര്യം ഉറപ്പായിരുന്നു. ഈ മാധ്യമങ്ങളാണ‌് പ്രശ‌്നം സർക്കാരിനെതിരെ തിരിക്കാൻ കൂടുതൽ പരിശ്രമിച്ചത‌്. ഇനിയൊരു തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും ശബരിമലയും ഏശാൻ പോകുന്നില്ല. ശബരിമല വിഷയത്തിന്റെ പേരിൽ വോട്ടു തേടിയവർ കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയിട്ടും എന്തെങ്കിലും ചെയ‌്തോ?, രാഹുൽ ഗാന്ധി വന്നിട്ട‌് വോട്ടു കിട്ടി. എന്നിട്ടെന്തായി ബിജെപിക്ക‌് മുന്നിൽ കോൺഗ്രസിനെ ശക്തമായ പ്രതിപക്ഷമാക്കി നയിക്കാനാവാതെ എഐസിസി പ്രസിഡന്റ‌് സ്ഥാനംപോലും ഉപേക്ഷിച്ച‌് ഒളിച്ചോടുകയല്ലേ ചെയ‌്തത‌്. വീണ്ടും ഒരുപാട‌ുനേരം സംസാരിച്ച‌് കുടുംബകാര്യങ്ങളും അന്വേഷിച്ച‌് ചായയും കുടിച്ച‌് അടുത്ത വീട്ടിലേക്ക‌്.

ദൃശ്യമാധ്യമങ്ങൾ റോഡിൽ കാത്തുനിൽക്കുന്നു. സിപിഐ എമ്മിന്റെ ഗൃഹസന്ദർശന പരിപാടിയെക്കാൾ യൂണിവേഴ‌്സിറ്റി കോളേജ‌് പ്രശ‌്നത്തിൽ കെഎസ‌്‌യു നടത്തുന്ന സമരം അവസാനിപ്പിക്കാൻ ഇടപെടാത്തതിനെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ ഏറെയും. ‘ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ‌് അവരുടെ ആവശ്യം. എന്തിനാണ‌് ജുഡീഷ്യൽ അന്വേഷണം? കുത്തേറ്റ വിദ്യാർഥി അഖിലിനൊപ്പം എസ‌്എഫ‌്ഐയും പാർടിയും നിന്നതിനോ? അക്രമം നടത്തിയവരെ എസ‌്എഫ‌്ഐ പുറത്താക്കിയതിനോ? സർക്കാരിന്റെ കർശന നടപടിയുടെ ഭാഗമായി പ്രതികളെ അറസ‌്റ്റ‌ു ചെയ‌്തതിനോ?  സർക്കാർ കർശന നടപടി സ്വീകരിച്ച സംഭവത്തിന്റെ പേരിൽ രാഷ്ട്രീയ ആയുധമാക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന പ്രഹസന സമരം ജനം തിരിച്ചറിയും. പിന്നെ അതിന്റെ പേരിൽ നഗരത്തിൽ അക്രമം നടത്തി അരാജകത്വം സൃഷ്ടിക്കാനാണ‌് യുഡിഎഫ‌് ശ്രമമെങ്കിൽ അതിനെ ജനങ്ങളെ സംഘടിപ്പിച്ച‌് നേരിടും.’ കോടിയേരി ഇതുപറഞ്ഞ‌് അൽപ്പം കഴിയും മുമ്പ‌്തന്നെ വിവരമെത്തി. സെക്രട്ടറിയറ്റിനു മുന്നിൽ പൊലീസിന‌് കല്ലേറ‌്. അക്രമം. ഗ്രനേഡ‌് പ്രയോഗം.

അടുത്ത വീട്ടിലേക്ക‌് കയറി ചെന്നപ്പോൾ വീട്ടുകാർ മുറ്റത്തേക്ക‌് ഇറങ്ങി വന്ന‌് സ്വീകരിച്ചു. സഖാവിന‌് എന്നെ മനസ്സിലായോ... പിടികിട്ടിയില്ല. പക്ഷേ, വീട്ടിൽ കയറി ചുവരിലെ പൊലീസ‌് ഓഫീസറുടെ ചിത്രം കണ്ടപ്പോൾ കോടിയേരിക്ക‌് ആളെ മനസ്സിലായി. മുമ്പ‌് ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ സെക്രട്ടറിയറ്റിൽ മന്ത്രിമാരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ‌് ഓഫീസർ അനിൽകുമാർ. നാല‌് വർഷമായി  വിരമിച്ചിട്ട‌്. കാര്യങ്ങളെല്ലാം സൂചിപ്പിച്ചപ്പോൾ റിട്ട. പൊലീസുദ്യോഗസ്ഥന്റെ സംശയം.

പൊലീസ‌് ഇപ്പോൾ സർക്കാരിന‌് പ്രശ‌്നമല്ലേ. എന്തെല്ലാം പേരുദോഷമാണ‌് അവർ സർക്കാരിന‌് വരുത്തിവയ‌്ക്കുന്നത‌്. കസ‌്റ്റഡി മരണമായി ചർച്ച. കസ‌്റ്റഡിയിൽ പ്രതികളെ മർദിക്കരുതെന്നാണ‌് സർക്കാർ നയം. പൊലീസിലെ നന്മയും തിന്മയും മുൻ ആഭ്യന്തരന്ത്രി, മുൻ പൊലീസുദ്യോഗസ്ഥൻ എന്ന നിലയിൽ നീണ്ടു. ദിനിലാൽ എന്നയാളുടെ വീട്ടിൽനിന്ന‌് ഇറങ്ങുമ്പോൾ അടുത്ത വീട്ടിലെ അയൂബ‌്ഖാൻ കൂട്ടിക്കൊണ്ടുപോകാൻ എത്തി. തൊട്ടുമുന്നിലെ ആമയിഴഞ്ചാൻ തോട്ടിൽനിന്നുള്ള ദുർഗന്ധമാണ‌് ഇവിടത്തുകാരുടെ പ്രശ‌്നം. മാലിന്യം വലിച്ചെറിയാതിരിക്കാൻ ഇരുമ്പുവല മറയായി ഉയരത്തിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. തോടിന്റെ രണ്ടാംഘട്ട നവീകരണം സാധ്യമാക്കണം. ഒപ്പമുണ്ടായിരുന്ന കൗൺസിലർ വഞ്ചിയൂർ പി ബാബുവിനോട‌് കോടിയേരി കാര്യങ്ങൾ തിരക്കി.

തുടർന്ന‌് ശാന്തകുമാരി ടീച്ചറുടെ വീട്ടിലേക്ക‌്. മാധ്യമ നുണകൾ വിശ്വസിക്കാറില്ലെങ്കിലും ശബരിമല പ്രശ‌്നത്തിൽ അവിശ്വാസികളുടെ ഭാഗത്ത‌് പാർടി നിന്നു എന്നൊരു തോന്നൽ അവർക്കുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ടീച്ചറും മകനും കുടുംബാംഗങ്ങളും വോട്ടു മാറ്റി ചെയ‌്തു എന്ന‌് തുറന്നു പറഞ്ഞു. വിശ്വാസികൾക്കെതിരല്ല പാർടി എന്നും അങ്ങനെ വരുത്തി തീർക്കാൻ ചിലർ നടത്തുന്ന ഗൂഢശ്രമങ്ങളും  കോടിയേരി വിശദീകരിച്ചു.

അടുത്ത വീട്ടിൽ ചെന്നപ്പോൾ ‘പൊലീസിൽ ചില ഒറ്റുകാരുണ്ട‌്’ എന്ന‌് മുഖ്യമന്ത്രി പറഞ്ഞത‌് മോശമായിപ്പോയി എന്നായിരുന്നു പരാതി. എന്നാൽ, പൊലീസ‌് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലെന്ന‌് മുഖ്യമന്ത്രി തന്നെ എൽഡിഎഫ‌് യോഗത്തിൽ വിശദീകരിച്ചകാര്യം കോടിയേരി പറഞ്ഞു. തുടർന്ന‌്, സരോജിനിയമ്മ, വിനോദ്, എൻ സി എൻ നമ്പ്യാർ, സുനിൽ, വിലാസിനി, കൃഷ്ണ, മണി, മനോജ് തുടങ്ങിയവരുടെ വീടുകളും സന്ദർശിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം സി ജയൻബാബു, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ എന്നിവരും പ്രദേശത്തെ പാർടി പ്രവർത്തകരും ഗൃഹസന്ദർശനത്തിൽ പങ്കാളികളായി.

വൈകിട്ട‌് കർദിനാൾ മാർ ബസേലിയോസ‌് ക്ലിമീസ‌് കാതോലിക്കാ ബാവ,   ശബരിമല മുൻ മേൽശാന്തി  മരുതംകുഴിയിലെ തെക്കേടത്ത‌്‌ മന വിഷ‌്ണു നമ്പൂതിരി, ലത്തീൻ അതിരൂപതാ ആർച്ച‌് ബിഷപ‌്  ഡോ. എം സൂസൈപാക്യം,  സിഎസ‌്ഐ ദക്ഷിണകേരള മഹായിടവക ബിഷ‌പ‌് ഡോ. ധർമരാജ‌് റസാലം എന്നിവരെയും കോടിയേരി സന്ദർശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top